Trending

പ്രവാചക സന്ദേശങ്ങളിൽ നിന്ന് സമൂഹം അകലുന്നത് അപചയത്തിന് കാരണം

പ്രവാചക സന്ദേശങ്ങളിൽ നിന്ന് സമൂഹം അകലുന്നത് അപചയത്തിന് കാരണം


മൂല്യബോധമുള്ള തലമുറയെ വളർത്തിയെടുക്കണം: മജ്‌ലിസ് റബീഅ് കോൺഫറൻസ്

മജ്‌ലിസ് കാമ്പസ്: മനുഷ്യസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന മതപരവും സാമൂഹികവും സാംസ്കാരികവുമായ അപചയങ്ങൾക്ക് പ്രധാന കാരണം പ്രവാചകന്മാരുടെയും മഹത്തായ ദാർശനികരുടെയും മൂല്യാധിഷ്ഠിത സന്ദേശങ്ങളിൽ നിന്ന് സമൂഹം അകന്നുപോയതാണെന്ന് മജ്‌ലിസ് റബീഅ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. പ്രവാചക വചനങ്ങളും ജീവിത മാതൃകകളും സമൂഹത്തിന് ആത്മവിശ്വാസവും ധാർമിക ബോധവും ഉത്തേജനവും പകരുന്നതാണെന്നും സമ്മേളനം വിലയിരുത്തി.

വളർന്നുവരുന്ന തലമുറയുടെ ജീവിതശൈലിയിലും വസ്ത്രധാരണ രീതികളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കോൺഫറൻസ് ചൂണ്ടിക്കാട്ടി. ഉപഭോഗ സംസ്കാരത്തിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും അനിയന്ത്രിതമായ സ്വാധീനം യുവതലമുറയുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുടുംബബന്ധങ്ങളുടെ ശിഥിലീകരണം, ധാർമിക മൂല്യങ്ങളുടെ തകർച്ച, സാമൂഹിക ഉത്തരവാദിത്വത്തിൽ നിന്നുള്ള അകലം തുടങ്ങിയവ ഇതിന്റെ പ്രതിഫലനങ്ങളാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും സമൂഹത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്ന നിരവധി മാർഗനിർദേശങ്ങൾ പ്രവാചക സന്ദേശങ്ങളിൽ അടങ്ങിയിട്ടുണ്ടെന്നും അവ കാലാതീതമായ മാർഗദർശനമാണെന്നും കോൺഫറൻസ് വ്യക്തമാക്കി. പുതിയ തലമുറയ്ക്ക് മതബോധത്തോടൊപ്പം മാനവികതയും സാമൂഹിക ഉത്തരവാദിത്വവും ധാർമിക മൂല്യങ്ങളും പകർന്നുനൽകുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനം സയ്യിദ് ഹാശിം അൽഹദ്ദാദ് ഉദ്ഘാടനം ചെയ്തു. എം. ഉമ്മർ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ഖാസിമുൽ ഖാസിമി ആമുഖ പ്രഭാഷണം നടത്തി. എം. എം. ബാവ മുസ്‌ലിയാർ അങ്കമാലി മുഖ്യപ്രഭാഷണം നടത്തി.

മരക്കാർ ഹാജി, കെ. പി. കോയ, കെ. കുഞ്ഞയതിൻകുട്ടി ഹാജി, അബ്ദുൽ ഖാദർ കാരന്തൂർ, അബുട്ടി സാബിർ തൗഹീദി ഖാസിമി, മശ്ഹൂദ് ഹാജി മാണിക്കോത്ത്, അസീസ് മാസ്റ്റർ, അബൂബക്കർ ഹാജി പണിക്കത്തൊടി സാബിർ തൗഹീദി ഖാസിമി എന്നിവർ സംസാരിച്ചു.

അബ്ദുറഹ്‌മാൻ കരിപ്പാൽ സ്വാഗതവും സുഹൈൽ തൗഹീദി ബാഖവി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post