Trending

മതസന്ദേശങ്ങൾ സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കും മജ്‌ലിസ് സൗഹൃദ സംഗമം

മതസന്ദേശങ്ങൾ സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കും
മജ്‌ലിസ് സൗഹൃദ സംഗമം


കോഴിക്കോട്: മതങ്ങളുടെ അന്തസ്സത്തകളും സന്ദേശങ്ങളും സമൂഹൈക്യത്തിനും പരസ്പര സൗഹാർദത്തിനും പ്രചോദനമേകുന്നതാണെന്നും മതങ്ങളെയും മതപാഠശാലകളെയും നിരാകരിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത് നാടിന്റെയും സമൂഹത്തിന്റെയും നന്മ ആഗ്രഹിക്കുന്നവർക്ക് ഭൂഷണമല്ലെന്നും മജ്‌ലിസ് റബീഅ് വസന്തോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മതവിദ്വേഷം പ്രചരിപ്പിക്കുന്നത് യഥാർഥ ദൈവവിശ്വാസികളുടെ രീതിയല്ലെന്നും ഖുർആൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾ മനുഷ്യർക്കിടയിലെ ചേരിതിരിവുകളെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.
താൽക്കാലിക രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി വർഗീയതയെയും ഫാഷിസത്തെയും തലോടുന്നത് വരുംതലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നും സംഗമം മുന്നറിയിപ്പ് നൽകി.
എം. എ. റസാഖ് മാസ്റ്റർ എം.എൽ.എ. സംഗമം ഉദ്ഘാടനം ചെയ്തു. പെരുവയൽപഞ്ചായത്ത് പ്രസിഡന്റ് ആർ.വി. ജഅഫർ അധ്യക്ഷത വഹിച്ചു. “മതസന്ദേശങ്ങളും സാമൂഹിക ഐക്യവും” എന്ന വിഷയത്തിൽ ഡോ. ഖാസിമുൽ ഖാസിമി അവതരണം നടത്തി.
ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഗ്രോ വാസു, അഡ്വ. ചാത്തുക്കുട്ടി, അശോകൻ, അബ്ദുൽ ഖാദർ കാരന്തൂർ, അനൂപ് അയ്യൂബ് മൗലവി തുടങ്ങിയവർ സംസാരിച്ചു. എം. സി. സൈനുദ്ദീൻ സ്വാഗതവും റാശിദ് തൗഹീദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post