മാധ്യമങ്ങൾ മുൻവിധികളുടെ പ്രചാരകരാകരുത്: ഐ.എസ്.എം
കോഴിക്കോട്: ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച വാർത്തകളിൽ മുൻവിധികൾ ആവർത്തിക്കാതെ വസ്തുതയും നിഷ്പക്ഷതയും ഉയർത്തിപ്പിടിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് ഐ.എസ്.എം സംഘടിപ്പിച്ച ‘മലയാള മാധ്യമങ്ങളിലെ ഇസ്‌ലാമോഫോബിയ’ സെമിനാർ ആവശ്യപ്പെട്ടു.
വാർത്തകളുടെ തലക്കെട്ട്, ഉപയോഗിക്കുന്ന ഭാഷ, ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ്, വാർത്ത അവതരിപ്പിക്കുന്ന രീതി എന്നിവ ജനങ്ങളുടെ പൊതുബോധത്തെയും വിവിധ സമൂഹങ്ങളെക്കുറിച്ചുള്ള ധാരണകളെയും സ്വാധീനിക്കുന്നുണ്ടെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് മത-സാമുദായിക വിഷയങ്ങളിൽ ഒരു സംഭവത്തെ അതിന്റെ യഥാർഥ പശ്ചാത്തലത്തിൽ നിന്ന് മാറ്റിനിർത്തുകയോ, ഒരാളുടെ പ്രവൃത്തിയെ ഒരു മതസമൂഹത്തിന്റെ മുഴുവൻ സ്വഭാവവുമായി ബന്ധപ്പെടുത്തുകയോ ചെയ്യുന്നത് തെറ്റായ പൊതുധാരണകൾക്ക് കാരണമാകുമെന്നും അഭിപ്രായപ്പെട്ടു.
ഒരു വ്യക്തിയുടെയോ സംഘടനയുടെയോ പേരിൽ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു മതസമൂഹത്തെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പൊതുവൽക്കരണം ഒഴിവാക്കണം. വാർത്തകളുടെ തിരഞ്ഞെടുപ്പിലും റിപ്പോർട്ടിംഗിലും ഒരേ മാനദണ്ഡം പാലിക്കുകയും, ആരോപണങ്ങളെയും വസ്തുതകളെയും വ്യക്തമായി വേർതിരിച്ചറിയുകയും വേണം. മതപരമായ വിഷയങ്ങളിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിലും തലക്കെട്ടുകളിലും മാധ്യമങ്ങൾ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
മാധ്യമങ്ങൾ സമൂഹത്തിന്റെ പ്രതിഫലനം മാത്രമല്ല, പൊതുബോധം രൂപപ്പെടുത്തുന്ന ശക്തമായ സംവിധാനവുമാണ്. അതിനാൽ സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളെ അതേപടി പുനരാവിഷ്കരിക്കുന്നതിനുപകരം അവയുടെ വസ്തുതാപരമായ അടിത്തറ പരിശോധിക്കുകയും തെറ്റായ ധാരണകളെ തിരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ടെന്ന് സെമിനാർ വിലയിരുത്തി.
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെങ്കിലും അതിനൊപ്പം മാധ്യമ ഉത്തരവാദിത്വവും അനിവാര്യമാണ്. വിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുതന്നെ ഒരു മതത്തെയോ സമൂഹത്തെയോ അപരവൽക്കരിക്കുന്നതും വിവേചനപരമായ പൊതുബോധം സൃഷ്ടിക്കുന്നതുമായ വാർത്താ സമീപനങ്ങൾ ഒഴിവാക്കണം. വസ്തുത, നിഷ്പക്ഷത, സാമൂഹിക ഉത്തരവാദിത്വം എന്നിവ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി ഉയർത്തിപ്പിടിക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
നാഷണൽ ഹെറാൾഡ് കൺസൾട്ടിംഗ് എഡിറ്റർ കെ.എ. ഷാജി സെമിനാർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അധ്യക്ഷത വഹിച്ചു. വി.ആർ. അനൂപ്, എം.എം. അക്ബർ, ബാബുരാജ് ഭഗവതി, ശരീഫ് മേലേതിൽ, മുഹമ്മദ് അമീർ, നാസിം റഹ്‌മാൻ, വളപ്പിൽ അബ്ദുസ്സലാം,സി.മരക്കാരുട്ടി, ഹാഫിസ് റഹ്‌മാൻ മദനി,ഡോ.നൗഫൽ ബഷീർ, ജുനൈദ് സലഫി എന്നിവർ പ്രസംഗിച്ചു.
Tags:
Kozhikode News

