സാഹസികമായി നാലുപേരുടെ ജീവൻ രക്ഷിച്ച ജവാൻ വിജയ് പി.എമ്മിന് ചൂലൂരിൽ ഹൃദ്യമായ ആദരവ്
ചൂലൂർ: പെരുമഴയിൽ ചൂലൂർ സങ്കേതം വയലിൽ ഒഴുക്കിൽ അകപ്പെട്ട ഒരു കുടുംബത്തിലെ നാലുപേരുടെ ജീവൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച മദ്രാസ് റജിമെൻ്റിലെ ജവാൻ വിജയ് പി.എമ്മിന് നാടിൻ്റെ ആദരം. ചൂലൂർ 15-ാം വാർഡിൻ്റെയും ചൂലൂർ യുവജന വായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് വിജയിക്ക് ഹൃദ്യമായ സ്വീകരണവും ആദരവും നൽകിയത്.
ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. മുരളീധരൻ നിർവ്വഹിച്ചു. ദുരന്തമുഖത്ത് ജവാൻ കാണിച്ച അസാധാരണമായ ധീരതയും സമയോചിതമായ ഇടപെടലും മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർഡ് മെമ്പർ എ. ഷിജുലാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നാടിന്റെ അഭിമാനമായി മാറിയ ജവാന് ചടങ്ങിൽ വെച്ച് സ്നേഹോപഹാരം സമർപ്പിച്ചു. എം.ടി. പുഷ്പ, എം. ശിവദാസൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Tags:
Mavoor News

