ഒടുവിലത്തെ കത്ത്:
രചന : സയ്യിദ് സിനാൻ പരുത്തിക്കോട്
ഇനിയെന്റെ സൂര്യൻ
മറയുന്ന നേരം
ഇരുളൻ്റെ കൈകൾ
വരുമെന്നരികിൽ.
വഴിയിൽ ഞാൻ ചെയ്തൊരു
പാപങ്ങളൊക്കെയും
നെഞ്ചിൽ തറയ്ക്കുന്നു
മുള്ളുകളായി.
നോവിച്ച മനുഷ്യരെ
ഓർക്കുന്ന നേരം
പശ്ചാത്താപത്താൽ
കരയുന്നു ഉള്ളം.
വിറയ്ക്കുന്ന ചുണ്ടിൽ
പ്രാർത്ഥന മാത്രം
കരയുന്ന കണ്ണിൽ
ഭീതിതൻ നിഴലുകൾ.
അമ്മതൻ വിളി കേൾക്കാൻ
കൊതിയുണ്ട് നെഞ്ചിൽ
അച്ഛൻ്റെ കൈ പിടിക്കാൻ
ആവില്ലിനിമേൽ.
കൂട്ടുകാരെല്ലാം
ചുറ്റും തളർന്ന്
യാത്രയാക്കുന്നു എന്നെ
ആറടി മണ്ണിലേക്ക്.
നാളെയാ ലോകത്ത്
ഞാനില്ലാതാകുമ്പോൾ
ഓർക്കുമോ ആരെങ്കിലും
ഒരു തുള്ളി കണ്ണീരാൽ?
മരണമേ... നീയെന്നെ
വരുതിയിലാക്കുമ്പോൾ
ഭയത്താൽ എൻ ചോരയും
ഉറഞ്ഞു പോകും.
തീരാത്ത നോവുകൾ
ബാക്കിയാക്കിക്കൊണ്ട്
ഇനി ഞാൻ ഉറങ്ങട്ടെ
മൺകൂട്ടിനുള്ളിൽ.
വിട ചൊല്ലി അകലുമ്പോൾ
പ്രാർത്ഥിപ്പൂ വീണ്ടും
മാപ്പാക്കണേ നാഥാ
പാപിയാം എന്നെ...
Tags:
Articles

