പെരുവയലിൽ കർഷക സഭയും ഞാറ്റുവേല ചന്തയും തുടങ്ങി; 'ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം' പദ്ധതിക്കും തുടക്കമായി
പെരുവയൽ: കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും കാർഷിക കർമ്മ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന 2026-27 വർഷത്തെ കർഷക സഭകൾക്കും ഞാറ്റുവേല ചന്തയ്ക്കും പെരുവയൽ ഗ്രാമപഞ്ചായത്ത് പരിസരത്ത് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി.കെ. ഫസീല പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ.വി. ജാഫർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം മുതിർന്ന കർഷകനായ ശ്രീ ചന്ദ്രശേഖരൻ നായർ മേലേടത്ത് നിർവ്വഹിച്ചു. ചന്തയിലെ ആദ്യ വിപണനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ.വി. ജാഫർ, കർഷകനായ ശ്രീ മനോജിന് റമ്പൂട്ടാൻ ബഡ് തൈ നൽകി നിർവ്വഹിച്ചു. കർഷകർക്കാവശ്യമായ ഗുണമേന്മയുള്ള വിവിധ നടീൽ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും വെള്ളി, ശനി ദിവസങ്ങളിലും ചന്തയിൽ തുടരും. ഇതോടൊപ്പം, ജൂലൈ ഒന്നു മുതൽ 31 വരെ ആചരിക്കുന്ന ഖാരിഫ് സീസൺ വിള ഇൻഷുറൻസ് മാസാചരണത്തോടനുബന്ധിച്ചുള്ള കേന്ദ്ര-സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ കാമ്പയിനും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പ്രധാന ചടങ്ങുകൾക്ക് മുന്നോടിയായി രാവിലെ 9.30-ന് പെരുവയൽ കുളത്തിനടുത്ത് താഴത്തു വീട്ടിൽ ശ്രീ പ്രഭാകരൻ നായരുടെ കൃഷിയിടത്തിൽ പച്ചക്കറി തൈകൾ നട്ടുകൊണ്ട് 'ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും നടന്നു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുബിത തോട്ടാഞ്ചേരി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ അനീഷ് പാലാട്ട്, ജനപ്രതിനിധികളായ ശ്രീ അജിത് പ്രസാദ്, ബിനീഷ്, ശ്രീമതി ജയശ്രീ, ബുഷറ, പുഷ്പലത, ഉഷ അമ്പടത്ത്, നിമിഷ നമ്പോലത്ത്, ഷഹാന, സി.ഡി.എസ് ചെയർപേഴ്സൺ ജുമൈല കുന്നുമ്മൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ സി.എം. സദാശിവൻ, ശ്രീ കെ.എം. ഗണേശൻ, ശ്രീ മൊയ്തീൻ കോയ അച്ചംവീട്ടിൽ എന്നിവർ ആശംസകൾ നേർന്നു. കാർഷിക വികസന സമിതി അംഗങ്ങളും വിവിധ കർഷകരും ചർച്ചകളിൽ പങ്കെടുത്തു. കൃഷി ഓഫീസർ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ നന്ദിയും രേഖപ്പെടുത്തി.
Tags:
Peruvayal News

