പി.എം. ശ്രീയും വീര്യം കുറഞ്ഞ മദ്യനയവും നടപ്പാക്കരുത്: മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ
പെരുവയൽ:
സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതും വീര്യം കുറഞ്ഞ മദ്യത്തിന് അനുകൂലമായ നയം സ്വീകരിക്കുന്നതും ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്ന് മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഇത്തരം നടപടികൾ യു.ഡി.എഫിന് അനുകൂലമായി പ്രകടമായ ജനവിധിയുടെ വികാരത്തെ അവഗണിക്കുന്നതിന് തുല്യമാകുമെന്ന് യോഗം പ്രസ്താവിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച ജനവിധി ഒരു രാഷ്ട്രീയ മുന്നണിക്കുള്ള അംഗീകാരം മാത്രമല്ലെന്നും, പി.എം. ശ്രീ പദ്ധതി, മയക്കുമരുന്ന്-ലഹരി വ്യാപനം, വർഗീയ പ്രീണനം, അഴിമതി, ധൂർത്ത്, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങൾക്കെതിരായ ജനങ്ങളുടെ ശക്തമായ പ്രതികരണമാണ് ആ വിധിയിലൂടെ പ്രകടമായതെന്നും യോഗം വിലയിരുത്തി. ഇത്തരം നയങ്ങളിൽ നിന്ന് മാറ്റം പ്രതീക്ഷിച്ചാണ് ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലേറ്റിയതെന്നും യോഗം ചൂണ്ടിക്കാട്ടി. 'വീര്യം കുറഞ്ഞ മദ്യം' എന്ന പ്രയോഗം തന്നെ തെറ്റായ സാമൂഹിക സന്ദേശമാണ് നൽകുന്നത്. അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും പുതിയ തലമുറയിൽ മദ്യസംസ്കാരത്തെ സാധാരണവത്കരിക്കുന്നതുമായ സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച സമിതി, പി.എം. ശ്രീ പദ്ധതിയും വീര്യം കുറഞ്ഞ മദ്യനയവും സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി ആവശ്യമായ സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമേ നടപ്പാക്കാവൂ എന്നും യോഗം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ പുരുഷ യാത്രക്കാരെ കെ.എസ്.ആർ.ടി.സി.യിൽ നിന്നു അകറ്റുകയാണ് ചെയ്തതെന്ന് വിലയിരുത്തിയ യോഗം, മുൻ സർക്കാർ നടപ്പിലാക്കിയ വീടുനിർമാണ നികുതിയിലെ വർധനവും പെട്രോളിനും കെ.എസ്.ആർ.ടി.സി. ബസിനും ഏർപ്പെടുത്തിയ സെസും അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സമിതി യോഗത്തിൽ സയ്യിദ് ഹാശിം അൽ ഹദ്ദാദ് അധ്യക്ഷത വഹിച്ചു. ഡോ. ഖാസിമുൽ ഖാസിമി, ഡോ. കോയക്കുട്ടി ഫാറൂഖി, അസീസ് മാസ്റ്റർ, ഹംസ ഫൈസി റിപ്പൺ, അശ്റഫ് പൊന്നാനി, നാസർ ഖാൻ, ഡോ. ഇസ്മായിൽ ഫൈസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:
Peruvayal News

