എടവണ്ണപ്പാറ ടൗൺ വികസനം: കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും ന്യായമായ നഷ്‌ടപരിഹാരം ഉറപ്പാക്കും – ടി.പി. അഷ്‌റഫലി MLA
എടവണ്ണപ്പാറ: എടവണ്ണപ്പാറ അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും നഗര വികസനത്തിനുമായി ഭാഗികമായോ പൂർണ്ണമായോ പൊളിച്ചുമാറ്റപ്പെടുന്ന കെട്ടിടങ്ങളുടെ ഉടമകൾക്കും വ്യാപാരികൾക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കൊണ്ടോട്ടി MLA ടി.പി. അഷ്‌റഫലി പറഞ്ഞു.
നഗരവികസനത്തിന്റെ ഭാഗമായി പ്രയാസമനുഭവിക്കുന്ന കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും മതിയായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടവണ്ണപ്പാറയുടെ വികസന-സൗന്ദര്യവൽക്കരണ പ്രവൃത്തികൾ ത്വരിതഗതിയിൽ പൂർത്തിയാക്കാൻ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പൂർണ്ണ സഹകരണം ആവശ്യമാണെന്നും MLA കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ, ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.സി. നൗഷാദ്, വാർഡ് മെമ്പർമാരായ മുനീർ, ഭാസ്കരൻ മാസ്റ്റർ, എൻ.എച്ച്. ആലി, ആസിഫ് മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം സമർപ്പിച്ചത്.
Tags:
Malappuram News

