എംഎ റസാഖ് മാസ്റ്ററുടെ തൂഫാൻ ഗോൾ വണ്ടി പര്യടനത്തിന് സമാപനം; ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കൾ കായികത്തെ കൂട്ടുപിടിക്കണമെന്ന് ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ ഐ.പി.എസ്
കോഴിക്കോട്:
ലഹരിക്കെതിരായ പോരാട്ടത്തിൽ യുവതലമുറ കായികത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും കൂട്ടുപിടിക്കണമെന്ന് ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ ഐ.പി.എസ് പറഞ്ഞു. കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്ററുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ ഗോൾ വണ്ടി' പര്യടനത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പൊതുസമൂഹവും കൈകോർക്കുമ്പോഴാണ് അതിൽ വിജയം കൈവരിക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ ഊർജവും സമയവും കായികരംഗത്തേക്കും സർഗാത്മക പ്രവർത്തനങ്ങളിലേക്കും തിരിച്ചുവിടുന്ന ജനകീയ ക്യാമ്പയിനുകളും ഫുട്‌ബോൾ ലഹരി പേറുന്ന ഇത്തരം ഫാൻ പാർക്കുകളും സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മയക്കുമരുന്നിന്റെ ലഹരിക്ക് പകരം കായികത്തിന്റെ ആവേശം യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് 'മാസ്റ്റർ ഗോൾ ഫാൻ പാർക്ക്' ഒരുക്കിയതും 'തൂഫാൻ ഗോൾ വണ്ടി' പര്യടനം സംഘടിപ്പിച്ചതുമെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിന്റെ ആദ്യ വിസിൽ മുതൽ പെരുവയലിൽ പ്രവർത്തനം ആരംഭിച്ച മാസ്റ്റർ ഗോൾ ഫാൻ പാർക്ക് ഫുട്ബോൾ പ്രേമികളുടെ വലിയ സംഗമവേദിയായി മാറി. ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദർശനം, ഷൂട്ടൗട്ട്, ജഗ്ലിംഗ്, പ്രവചന മത്സരങ്ങൾ, കായിക സംവാദങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ഫാൻ പാർക്കിൽ സംഘടിപ്പിച്ചു.
സെമിഫൈനലും ഫൈനലും ഉൾപ്പെടെയുള്ള ലോകകപ്പ് മത്സരങ്ങൾ ഒരുമിച്ച് ആസ്വദിക്കാനുള്ള വേദിയായി ഫാൻ പാർക്ക് മാറിയതോടൊപ്പം യുവാക്കളെ കായികരംഗത്തേക്ക് കൂടുതൽ അടുപ്പിക്കാനും ലഹരിവിരുദ്ധ സന്ദേശം ശക്തമായി പ്രചരിപ്പിക്കാനും കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു.
'ഓപ്പറേഷൻ തൂഫാൻ' ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ സ്കൂളുകൾ, കോളേജുകൾ, അങ്ങാടികൾ എന്നിവ കേന്ദ്രീകരിച്ച് പര്യടനം നടത്തിയ തൂഫാൻ ഗോൾ വണ്ടി, വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
വിവിധ ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, കായിക പ്രവർത്തകർ, വിദ്യാർത്ഥികൾ, പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗോൾ വണ്ടി വൻ വിജയമാക്കിയ കോർഡിനേറ്റർ അൻവർ സാദത്തിനെ ചടങ്ങിൽ ആദരിച്ചു. ജാഫർ സാദിഖ് സ്വാഗതവും പിടി അസീസ് നന്ദിയും പറഞ്ഞു.
Tags:
Kozhikode News





