പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാർ അഹ്ലുസുന്നയുടെ പക്വമതിയായ പണ്ഡിതൻ: മജ്‌ലിസ് അനുസ്മരണ സംഗമം
പുവ്വാട്ടുപറമ്പ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിഅ നൂരിയ്യ പ്രിൻസിപ്പളുമായിരുന്ന പ്രഫസർ കെ. ആലിക്കുട്ടി മുസ്ല്യാർ അഹ്ലുസുന്നയുടെ ആശയധാരയ്ക്ക് അഭിമാനമായ പക്വമതിയായ പണ്ഡിതനും, അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകൾ സമകാലിക പണ്ഡിത സമൂഹത്തിന് മാതൃകയുമാണെന്ന് പുവ്വാട്ടുപറമ്പ് മജ്‌ലിസ് തൗഹീദ് സേവന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
മഖ്ദൂമി പണ്ഡിത പാരമ്പര്യം കാത്തുസൂക്ഷിച്ച അദ്ദേഹം, ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിതരുമായി ഊഷ്മളവും ദൃഢവുമായ സൗഹൃദബന്ധം നിലനിർത്തിയ വ്യക്തിത്വമായിരുന്നു. മതസൗഹൃദത്തിനും സമുദായ ഐക്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ സമൂഹത്തിന് എന്നും പ്രചോദനമായി തുടരുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഡോ. ഖാസിമുൽ ഖാസിമി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. കെ. കെ. കുഞ്ഞിമൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഖാദർ കാരന്തൂർ, ജംഷീർ ഹുദവി, ഷാഹുൽ ഹമീദ് തൗഹീദി ഫൈസി, അബ്ദുറഹ്മാൻ കരിപ്പാൽ, എം. ഉമ്മർ ഹാജി, എം. പി. മുസക്കോയ ഹാജി, അശ്കർ ഹസ്സൻ മാത്തോട്ടം, മുസ്തഫ കെ. പി., നിസാറുദ്ദീൻ ഫൈസി, ജംഷീർ തൗഹീദി, നാസർ ഖാൻ എന്നിവർ സംസാരിച്ചു.
Tags:
Peruvayal News

