Trending

ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിൽ സന്നദ്ധ സംഘടനകളുടെ പങ്ക് നിർണായകം: മന്ത്രി പി.കെ. ബഷീർ

ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിൽ സന്നദ്ധ സംഘടനകളുടെ പങ്ക് നിർണായകം: മന്ത്രി പി.കെ. ബഷീർ


കോഴിക്കോട്: ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളുടെ പങ്ക് നിർണായകമാണെന്നും പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.

കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ഐഎംബി സംസ്ഥാന പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതശൈലി രോഗങ്ങൾ, സാംക്രമിക രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ രംഗത്ത് സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സേവന സംഘടനകളുടെ കർമശേഷിയും വിഭവശേഷിയും ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ശാസ്ത്രീയ പരിശീലനവും സാങ്കേതിക പിന്തുണയും നൽകി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനകീയ ആരോഗ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുകയും വേണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

ഐഎംബി സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. കബീർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി മുഖ്യാതിഥിയായി.
ഡോ. ഹുസൈൻ മടവൂർ, എ.പി. അബ്ദുസമദ്, ഡോ. സുൽഫിക്കർ അലി, ഡോ. നൗഫൽ ബഷീർ, ജലീൽ മാമാങ്കര, ഷബീർ മാസ്റ്റർ എന്നിവർ ആരോഗ്യ മേഖലയിലെ സമകാലിക വെല്ലുവിളികൾ, ജീവിതശൈലി രോഗങ്ങൾ, പാലിയേറ്റീവ് കെയർ, പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖിയെ മന്ത്രി പി.കെ. ബഷീർ ആദരിച്ചു.

ഡോ. ജൂവൈരിയ, ഡോ. ഹുസ്ന, ഡോ. മുഹ്സിൻ, ഡോ. അഹമ്മദ് കോയ, ഡോ. ഹംസ തയ്യിൽ, ഡോ. സി. മുഹമ്മദ്, ഡോ. ഉമർ, ഡോ. അഫ്സൽ, ഡോ. അബ്ദുറഹിമാൻ കൊളത്തായി, ഡോ. മൊയ്തു, അൻവർ പി.ഒ., ഹാഷിം ഹാജി, മുനീർ കുറ്റ്യാടി, കുഞ്ഞിപ്പ മാസ്റ്റർ, ഡോ. നസ്റുദ്ദീൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

1987 മുതൽ കെ.എൻ.എമ്മിന്റെ ആരോഗ്യ വിഭാഗമായി പ്രവർത്തിക്കുന്ന ഐഎംബി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, സൗജന്യ ഡയാലിസിസ്, ആരോഗ്യ ബോധവൽക്കരണം, മെഡിക്കൽ ക്യാമ്പുകൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ പൊതുജനാരോഗ്യ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ നടത്തി വരികയാണ്.

Post a Comment

Previous Post Next Post