കുതിരവട്ടം പുതിയ ഐ.പി കെട്ടിട നിർമ്മാണം ഉടൻ; ഫൈസൽ ബാബു എംഎൽഎ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഐ.പി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കാൻ തീരുമാനമായി. രണ്ട് നിലകളിലായി നൂറ്റിഇരുപത് കിടക്കകളാണ് ഇതിലൂടെ യാഥാർത്ഥ്യമാവുക.
പുതിയ ഇൻ-പേഷ്യന്റ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സൗത്ത് മണ്ഡലം എം.എൽ.എ അഡ്വ. ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് കെട്ടിട വിഭാഗം ഇഇ ശ്രീജയൻ, ഗവ ആർകിടെക്റ്റ്സ് വിഭാഗം റിജ്യണൽ തലവൻമാരായ ഫസൽ അഹമദ്, ആഇശാ പാഷ, ആശുപത്രി സൂപ്രണ്ട് ഡോ. സരള നായർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലാവണ്യ എകെ, ആർഎംഒ ഡോ. പ്രശാന്ത്, എആർഎംഒ ഡോ. രമ്യ, ലേ സെക്രട്ടറി സുരിന്ദ് പി, നിർമാൺ കമ്പനി പ്രൊജക്റ്റ് മനേജർ കെ. നജീബ് എന്നിവർ സംബന്ധിച്ചു.
ഉന്നതതല ഉദ്യോഗസ്ഥ യോഗ ശേഷം നിർദ്ദിഷ്ട പദ്ധതി പ്രദേശം എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
പഴയ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ ഈ മാസം അവസാനത്തോടെ തീർക്കും.
മാനസികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഐ.പി ബ്ലോക്ക് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള പഴയ കെട്ടിടങ്ങളുടെ പരിമിതികൾ മറികടന്ന് രോഗികൾക്ക് മികച്ച പരിചരണവും ആധുനിക ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാൻ പുതിയ അത്യാധുനിക സമുച്ചയത്തിലൂടെ സാധിക്കും.
കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി നിലവിലുള്ള സാങ്കേതിക തടസ്സങ്ങൾ വേഗത്തിൽ നീക്കാനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കുതിരവട്ടത്തിന്റെ വികസന കാര്യത്തിൽ യാതൊരുവിധ കാലതാമസവും അനുവദിക്കില്ലെന്ന് അഡ്വ. ഫൈസൽ ബാബു എം.എൽ.എ പറഞ്ഞു.
Tags:
Kozhikode News

