മുഹമ്മദ് നബിയുടെ സന്ദേശം മാനവികതയുടേത്-
അഡ്വ. ഫൈസൽ ബാബു എം.എൽ.എ
കോഴിക്കോട്: മുഹമ്മദ് നബി മാനവമൂല്യങ്ങളെ ലോകത്തിന് മാതൃകാപരമായി അവതരിപ്പിച്ച മഹാനാണെന്നും, അദ്ദേഹത്തിന്റെ ജീവിത മാതൃകകൾ ഉൾക്കൊണ്ട് സമൂഹത്തിന് വെളിച്ചം പകരുന്നവരായി മാറുകയാണ് ഓരോ വിശ്വാസിയുടെയും കടമയെന്നും അഡ്വ. ഫൈസൽ ബാബു എം.എൽ.എ പറഞ്ഞു.
കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് മദ്രസ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെയും കുടുംബത്തെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉത്തമ വ്യക്തിത്വങ്ങളായി വളരണമെന്നും, ഗുണകാംക്ഷയും കരുണയും മാനവികതയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നുമാണ് മുഹമ്മദ് നബി പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. പി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. മദ്രസ വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് അറിവ് പകരുന്നതിനുള്ള ഹ്രസ്വകാല കോഴ്സിന്റെ ബ്രോഷർ കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ പ്രകാശനം ചെയ്തു.
കെ.എൻ.എം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പ്രൊഫ.എം.ടി. അബ്ദുസമദ് സുല്ലമി, കെ.എൻ.എം പരീക്ഷാ ബോർഡ് ചെയർമാൻ ടി. അബൂബക്കർ നന്മണ്ട, കെ.എൻ.എം കോഴിക്കോട് സൗത്ത് പ്രസിഡന്റ് മരക്കാർ കുട്ടി എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

