വെള്ളപ്പൊക്കം തടയാൻ ചാലിയാറിലെ മണൽതിട്ടകൾ നീക്കണം:
എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ റവന്യൂ മന്ത്രിക്ക് നിവേദനം നൽകി
കുന്ദമംഗലം: വെള്ളപ്പൊക്കവും പ്രളയവും വരുന്നതിന് മുമ്പ് ചാലിയാർ പുഴയിൽ അടിഞ്ഞുകൂടിയ എക്കൽ മണൽതിട്ടയും ചെളിയും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. മാസ്റ്റർ എം.എൽ.എ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാറിന് നിവേദനം നൽകി.
2018, 2019 വർഷങ്ങളിലുണ്ടായ മഹാപ്രളയത്തെ തുടർന്നാണ് കുന്ദമംഗലം നിയോജകമണ്ഡലത്തിലൂടെ ഒഴുകുന്ന ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയത്. ഇത് പുഴയുടെ ആഴം ഗണ്യമായി കുറയാനും, ചെറിയ മഴയിൽപ്പോലും പുഴ കരകവിഞ്ഞൊഴുകി സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാനും കാരണമാകുന്നുണ്ടെന്ന് എം.എൽ.എ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മണൽത്തിട്ടകൾ കാരണം പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ട് പുഴയോരങ്ങൾ ഇടിഞ്ഞുവീഴുന്നത് പതിവായിരിക്കുകയാണ്. ഇത് കർഷകർക്ക് വ്യാപകമായ കൃഷിനാശമുണ്ടാക്കുന്നതിനൊപ്പം തീരദേശത്തെ വീടുകൾക്കും റോഡുകൾക്കും കടുത്ത ഭീഷണിയുമാണ് സൃഷ്ടിക്കുന്നത്.
സർക്കാർ നടത്തിയ മണൽ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ പുഴയിൽ നിന്ന് മണൽ നീക്കം ചെയ്യുന്നതിന് 2020-ൽ തന്നെ അനുകൂല ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും അന്തിമ അനുമതി ലഭ്യമാകുന്നതിലെ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എ മന്ത്രിയെ സമീപിച്ചത്.
തീരദേശവാസികളുടെയും കർഷകരുടെയും ദുരിതത്തിന് ശാശ്വത പരിഹാരമായി പുഴയിൽ നിന്നുള്ള മണൽവാരലിന് അടിയന്തരമായി അനുമതി നൽകണമെന്ന് അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:
Kunnamagalam News

