പ്രതിഷേധങ്ങളെ ബലപ്രയോഗം കൊണ്ട് നിശ്ശബ്ദമാക്കാനാവില്ല: ശുക്കൂർ സ്വലാഹി
കോഴിക്കോട്: ഡൽഹിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ പോലീസ് സ്വീകരിച്ച ബലപ്രയോഗ നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി പ്രസ്താവനയിൽ പറഞ്ഞു.
ജനാധിപത്യ രാജ്യത്ത് പ്രതിഷേധം കുറ്റമല്ലെന്നും അഭിപ്രായവ്യത്യാസം രാജ്യദ്രോഹമായി കാണാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിക്കാൻ എത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് ജനപ്രതിനിധികളെയും പോലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞതായും കയ്യേറ്റം നടത്തിയതായും പുറത്തുവന്ന ദൃശ്യങ്ങൾ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് ഭരണകൂടത്തിന്റെ അസഹിഷ്ണുതയുടെ പ്രകടനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകാത്ത ഭരണകൂടങ്ങൾ ഒടുവിൽ ജനങ്ങളെയും ജനാധിപത്യത്തെയും ഭയക്കാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റുകളും ബലപ്രയോഗവും കൊണ്ട് പ്രതിഷേധങ്ങളെയും ജനാധിപത്യബോധത്തെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും, ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആഗ്രഹമുള്ള ഇന്ത്യൻ ജനതയുടെ ശബ്ദമായാണ് ഡൽഹിയിൽ ഉയരുന്ന പ്രതിഷേധങ്ങളെ കാണേണ്ടതെന്നും ശുക്കൂർ സ്വലാഹി പറഞ്ഞു. ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കാനും സമാധാനപരമായ പ്രതിഷേധങ്ങളെ മാനിക്കാനും ഭരണകൂടം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:
Kozhikode News

