കുറ്റിക്കാട്ടൂർ കെ.എസ്.ഇ.ബി. സെക്ഷൻ ഉൾപ്പെടെ മണ്ഡലത്തിന്റെ പ്രധാന വൈദ്യുതി വികസന ആവശ്യങ്ങൾ മന്ത്രി സണ്ണി ജോസഫിന് മുന്നിൽ ഉന്നയിച്ച് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ
കോഴിക്കോട്: കുന്ദമംഗലം മണ്ഡലത്തിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ഭാവി വികസന ആവശ്യങ്ങൾ മുൻനിർത്തി വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ നിർണായക ആവശ്യങ്ങൾ ഉന്നയിച്ച് കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്റർ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി.
കോഴിക്കോട് കളക്ടറേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല അവലോകന യോഗത്തിലാണ് എം.എൽ.എ വിഷയങ്ങൾ അവതരിപ്പിച്ചത്. നിവേദനത്തിലെ ആവശ്യങ്ങൾ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു.
കോവൂർ, കുന്നമംഗലം കെ.എസ്.ഇ.ബി. സെക്ഷനുകൾ വിഭജിച്ച് കുറ്റിക്കാട്ടൂർ ആസ്ഥാനമായി പുതിയ സെക്ഷൻ ഓഫീസ് അനുവദിക്കുക എന്നതായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം. നിലവിൽ കോവൂർ, കുന്നമംഗലം സെക്ഷനുകളിൽ 25,000-ത്തിലധികം ഉപഭോക്താക്കളുള്ളതിനാൽ ജീവനക്കാർക്ക് അമിത ജോലിഭാരവും ഉപഭോക്താക്കൾക്ക് സേവനങ്ങളിൽ കാലതാമസവും നേരിടുന്നുണ്ടെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. മുൻ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ ഇതിനായി പ്രാഥമിക പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് നടപടികൾ മുന്നോട്ടുപോയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരുവ് വിളക്കുകളുടെ പരിപാലന ചുമതല കെ.എസ്.ഇ.ബിയെ ഏൽപ്പിക്കുക, പന്തീരങ്കാവ് 110 കെ.വി. സബ്‌സ്റ്റേഷൻ പ്രവൃത്തി അടുത്ത വേനൽക്കാലത്തിന് മുമ്പ് പൂർത്തിയാക്കി കമ്മീഷൻ ചെയ്യുക, മണ്ഡലത്തിലെ പഴയ ഓവർഹെഡ് വൈദ്യുതി ലൈനുകൾ ഘട്ടംഘട്ടമായി സുരക്ഷിതമായ എ.ബി.സി. (Aerial Bunched Cable) കേബിളുകളാക്കി മാറ്റുക, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 3-ലെ പാറക്കോട്ട് താഴത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും എം.എൽ.എ നിവേദനത്തിൽ ഉന്നയിച്ചു.
കൂടാതെ, കുറ്റിക്കാട്ടൂർ–മുണ്ടുപാലം റോഡ് നവീകരണ പദ്ധതിയിൽ കെ.എസ്.ഇ.ബി. യൂട്ടിലിറ്റി പ്രവൃത്തികൾക്കായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള സാഹചര്യത്തിൽ, മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ നവകേരള പദ്ധതിയുടെ അവസാനഘട്ടത്തിൽ ആവശ്യമായ വകുപ്പ് ഏകോപനവും സാങ്കേതിക പരിശോധനയും കൂടാതെയാണ് നിലവിലെ എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇതുമൂലം ഭാവിയിൽ കെ.എസ്.ഇ.ബി. ആവശ്യങ്ങൾക്കായി പുതുതായി നിർമ്മിക്കുന്ന റോഡ് വീണ്ടും പൊളിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് 'ഡിഗ് വൺസ്' (Dig Once) തത്വം നടപ്പാക്കി ആവശ്യമായ ഡക്ടുകൾ, യൂട്ടിലിറ്റി കോറിഡോറുകൾ എന്നിവ നിലവിലെ പ്രവൃത്തിയിൽ തന്നെ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി., കേരള വാട്ടർ അതോറിറ്റി എന്നിവയുടെ ഏകോപനത്തോടെ പദ്ധതി പുനഃക്രമീകരിക്കാൻ നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നല്ലളം ഡീസൽ പവർ പ്ലാന്റിന്റെ ഉപയോഗശൂന്യമായ സ്ഥലം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) പദ്ധതിക്കായി വിനിയോഗിക്കണമെന്നും, നല്ലളം–വടകര റെയിൽവേ കോറിഡോറിന് പ്രത്യേക ട്രാക്ഷൻ ഫീഡർ സ്ഥാപിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇതിലൂടെ സംസ്ഥാന വൈദ്യുതി ഗ്രിഡിന്റെ സ്ഥിരതയും കാര്യക്ഷമതയും വർധിപ്പിക്കാനും പൊതുവൈദ്യുതി വിതരണ സംവിധാനത്തിലെ ലോഡ് കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുന്ദമംഗലം മണ്ഡലത്തിന്റെ നിലവിലെ ആവശ്യങ്ങൾ മാത്രമല്ല, വരുംകാല വികസന സാധ്യതകളും കണക്കിലെടുത്താണ് ഈ നിർദേശങ്ങൾ സമർപ്പിച്ചതെന്ന് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ പറഞ്ഞു.
Tags:
Kuttikattoor News

