ലഹരിവിരുദ്ധ ദിനം: മാവൂരിൽ പോലീസിന്റെ നേതൃത്വത്തിൽ 'വാക്കത്തോൺ' സംഘടിപ്പിച്ചു; ക്വാർട്ടേഴ്സ് നിർമ്മാണത്തിന് നടപടിയാവുമെന്ന് എം.എൽ.എ
മാവൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മാവൂർ പോലീസ് സ്റ്റേഷൻ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോൺ (Walkathon) ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാവൂർ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കുന്നമംഗലം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.ടി.എ. റസാക്ക് മാസ്റ്റർ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളേജ് എ.സി.പി ശ്രീ. ബിജു കെ.എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി നടന്ന വാക്കത്തോണിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും തോളോടുതോൾ ചേർന്നു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മുനീറത്ത് ടീച്ചർ, കുന്നമംഗലം ബ്ലോക്ക് മെമ്പർ ശ്രീ. റസാക്ക് വളപ്പിൽ, മാവൂർ പോലീസ് ഇൻസ്പെക്ടർ ശ്രീ. മുഹമ്മദ് റഫീഖ്, സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. മാവൂരിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എസ്.പി.സി, എൻ.എസ്.എസ് വളണ്ടിയർമാർ, വിവിധ ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, ജെ.സി.ഐ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, ഓട്ടോ തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ വൻ ജനവലി ദൗത്യത്തിന്റെ ഭാഗമായി അണിനിരന്നു.
വാക്കത്തോണിന് ശേഷം മാവൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ച എം.എൽ.എ റസാക്ക് മാസ്റ്റർ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി. സ്റ്റേഷന്റെ കോമ്പൗണ്ട് വാൾ നിർമ്മിക്കുന്നതിനും, പോലീസുകാർക്ക് താമസിക്കാൻ ആവശ്യമായ ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്നതിനും ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ വേണ്ട നടപടികൾ ഉടൻ ആരംഭിക്കാൻ അദ്ദേഹം അസിസ്റ്റന്റ് കമ്മീഷണറോടും മാവൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ യോടും ആവശ്യപ്പെട്ടു. തുടർന്ന് നടന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ മാവൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് സ്വാഗതം ആശംസിച്ചു. മുനീറത്ത് ടീച്ചർ, റസാക്ക് വളപ്പിൽ, എസ്.ഐ അഭിലാഷ്, എസ്.ഐ മുഹമ്മദ് ഷാഫി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിവിൽ പോലീസ് ഓഫീസർ കൃഷ്ണൻകുട്ടി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Tags:
Mavoor News


