Trending

നടൻ സലിം കുമാർ അന്തരിച്ചു

നടൻ സലിം കുമാർ അന്തരിച്ചു


നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി.

എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം. പേരു കേട്ടാൽ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛൻ ഇട്ട പേരാണു സലിം. സ്കൂളിൽ ചെന്നപ്പോൾ അധ്യാപിക നിർബന്ധിച്ചാണു കുമാർ എന്നു കൂടി ചേർത്തു സലിംകുമാർ ആക്കിയത്. മാല്യങ്കര എസ്എൻഎം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. സിനിമാനടൻ ആകണം എന്ന മോഹം സഫലമാക്കാൻ ഡിഗ്രിക്കു മഹാരാജാസ് കോളജിൽ ചേർന്നു. സ്കൂൾ കാലഘട്ടത്തിൽ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജിൽ പഠിക്കുമ്പോഴാണു മത്സരങ്ങളിൽ പങ്കെടുത്തത്. കലോത്സവങ്ങൾ, എറണാകുളത്തെ സുഹൃത്തുക്കൾ എന്നിവ സിനിമയിൽ എത്താനുള്ള വഴിയായി കണ്ട സലിംകുമാർ, എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 3 തവണ തുടർച്ചയായി ഒന്നാം സ്ഥാനം കിട്ടി. കൊച്ചിൻ കലാഭവൻ, സാഗർ തുടങ്ങിയ ട്രൂപ്പുകളിലൂടെ വേദികളിലും സജീവമായി.

പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബർ 14ന് ജീവിതസഖിയാക്കിയ സലിംകുമാറിന് വിവാഹപ്പിറ്റേന്ന് സിനിമയിലേക്കുള്ള ആദ്യ വിളിയെത്തി. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ ചിത്രം. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് ചിത്രം ജീവിതം മാറ്റി. ഹാസ്യതാരമായാണു തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങൾ കിട്ടി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 3 തമിഴ് സിനിമകളിലും ഒരു ഒഡ‍ിയ സിനിമയിലും സലിംകുമാർ അഭിനയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post