കുറ്റിക്കാട്ടൂർ–മുണ്ടുപാലം റോഡ്: എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന
കുന്ദമംഗലം: കുറ്റിക്കാട്ടൂർ–മുണ്ടുപാലം റോഡ് നവീകരണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനും നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ സംയുക്ത വകുപ്പ് തല സ്ഥലപരിശോധനയും അവലോകന യോഗവും നടന്നു.
പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി., കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കരാറുകാർ, റോഡ് കമ്മിറ്റി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്ത സംയുക്ത പരിശോധനയിൽ റോഡിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
തുടർന്ന് എ.ഡബ്ല്യു.എച്ച്. ജങ്ഷനിൽ ചേർന്ന അവലോകന യോഗത്തിൽ നാട്ടുകാരുടെ പരാതികളും നിർദേശങ്ങളും വിശദമായി കേട്ട എം.എ. റസാഖ് മാസ്റ്റർ എംഎൽഎ, പ്രവൃത്തിയുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
2600 മീറ്റർ ദൈർഘ്യമുള്ള റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാത്ത രീതിയിൽ സമഗ്രമായ ഡ്രെയിനേജ് സംവിധാനം ഒരുക്കണമെന്നും, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ ഇടങ്ങളിൽ ഫുട്പാത്ത് ഉൾപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. നിലവിലെ എസ്റ്റിമേറ്റിലെ പോരായ്മകൾ പരിഹരിച്ച് ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുന്നതിനും സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്നും എംഎൽഎ ഉറപ്പുനൽകി.
കൂടാതെ അധിക കൽവർട്ടുകൾ, ആവശ്യമായ ഡ്രെയിനേജ് സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എസ്.ഇ.ബി.യും കേരള വാട്ടർ അതോറിറ്റിയും തമ്മിലുള്ള ഏകോപനക്കുറവ് മൂലം കൽവർട്ട് ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകുന്നതായി ചൂണ്ടിക്കാട്ടിയ എംഎൽഎ, ഇനി ഇത്തരം കാലതാമസം ആവർത്തിക്കരുതെന്ന് കർശന നിർദേശം നൽകി. വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, അല്ലാത്തപക്ഷം സർക്കാർ തലത്തിൽ ഇടപെടൽ നടത്തേണ്ടിവരുമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
റോഡ് കമ്മിറ്റി ചെയർമാൻ മുജീബ് റഹ്മാൻ ഇടക്കണ്ടി അധ്യക്ഷത വഹിച്ചു. കൺവീനർ എം.ടി. മാമുക്കോയ സ്വാഗതം ആശംസിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജൻ, പെരുവയൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാധ ഹരിദാസ്, ആബിദ് അമ്പിലോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എം. ആശിഖ്, അബ്ദുള്ള നിസാർ, കെ.ടി. സാജിത, എ.ടി. ജയശ്രീ എന്നിവരടക്കം ജനപ്രതിനിധികൾ, റോഡ് കമ്മിറ്റി ഭാരവാഹികൾ, പ്രദേശവാസികൾ, കരാറുകാരൻ ഫവാസ് കാസർഗോഡ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:
Kuttikattoor News


