ജെൻ സി അവാർഡുദാനവും ജെൻ സി സ്റ്റാറ്റസ് റീലുമായി ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട്.
പിണങ്ങോട്: വേദിയിൽ ആരും എഴുന്നേറ്റില്ല. ആമുഖ പ്രസംഗമുണ്ടായില്ല. ഓരോരുത്തർക്കും കിട്ടിയത് കൃത്യം 3 മിനിറ്റ്. ഫലം 150 പേർക്ക് അവാർഡ് ദാനം, ഒരു മണിക്കൂർ കൊണ്ട് ചടങ്ങ് തീർന്നു. വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോട് ചൊവ്വാഴ്ച സംഘടിപ്പിച്ച 'സാർത്ഥക 26' അവാർഡ് ദാന ചടങ്ങ് കെട്ടിലും മട്ടിലും വ്യത്യസ്തമായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഒരുക്കിയത് ജെൻ സി മനസ്സറിഞ്ഞൊരു വേദി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 114 വിദ്യാർത്ഥികൾ ഉൾപ്പെടെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 150 വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി അനുമോദിച്ചു.
അവാർഡ് വാങ്ങുന്ന ഓരോ വിദ്യാർത്ഥിയുടെയും വീഡിയോ ചിത്രീകരിച്ച് റീൽ കൂടെ സമ്മാനമായി നൽകും. വിശിഷ്ടാതിഥികൾക്കും രക്ഷിതാക്കൾക്കും പോലും സർപ്രൈസായി വെച്ച പരിപാടി കൃത്യമായ സമയക്രമത്തിലൂടെ ശ്രദ്ധേയമായി. സിവിൽ സർവീസ് നേടിയ ഹൃദ്യ എസ് ബിജുവിൻ്റെ 'സ്വപ്നങ്ങൾ കാണുക' എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം ഏവരെയും പ്രചോദിപ്പിച്ചു.
പ്രോഗ്രാം കൺവീനർ ഹയർസെക്കൻഡറി അധ്യാപകൻ കൂടിയായ ജെയ്സൺ ആയിരുന്നു നൂതനമായ രീതിയിലുള്ള ഈ പരിപാടിയുടെ സൂത്രധാരൻ.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി വി മുഖ്യതിഥിയായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ കാദിരി, ഡബ്ലിയു എം ഒ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയി, പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ പി, വൈസ് പ്രിൻസിപ്പൽ അബ്ദുൽസലാം കെ, അധ്യാപക പ്രതിനിധി നിസാർ കമ്പ തുടങ്ങിയവർ സംസാരിച്ചു. അവാർഡ് ദാനത്തിന് ശേഷം ഗാനസന്ധ്യയും അരങ്ങേറി.
Tags:
Kerala News


