സത്യസന്ധതയുടെ മാതൃകയായി ഒരു ഉപ്പ; നഷ്ടപ്പെട്ട പത്തുലക്ഷത്തിന്റെ സ്വർണം ഉടമസ്ഥന് തിരികെ നൽകി
കോഴിക്കോട്: വഴിയിൽ കിടന്നു കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം മണിക്കൂറുകളോളം കാത്തുനിന്ന് ഉടമസ്ഥന് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഒരു പിതാവ്. ബേപ്പൂർ ഹൈസ്കൂളിനും തമ്പിറോഡിനും ഇടയിൽ വെച്ചാണ് ഇദ്ദേഹത്തിന് ഒരു പേഴ്സ് വീണുകിട്ടിയത്.
പേഴ്സ് തുറന്നു നോക്കിയപ്പോൾ അതിൽ ഏകദേശം പത്തുലക്ഷം രൂപ വിലമതിക്കുന്ന ആറര പവന്റെ സ്വർണ്ണമാലയാണ് ഉണ്ടായിരുന്നത്. പേഴ്സ് നഷ്ടപ്പെട്ടവർ വിഷമത്തോടെ തിരഞ്ഞു വരുമെന്ന് ഉറപ്പായിരുന്നതിനാൽ, അത് പോലീസിൽ ഏൽപ്പിക്കാൻ നിൽക്കാതെ അദ്ദേഹം അതേ സ്ഥലത്ത് തന്നെ മണിക്കൂറുകളോളം കാത്തുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ കുറച്ചുസമയത്തിന് ശേഷം പേഴ്സ് തിരഞ്ഞ് ഉടമസ്ഥർ ആ വഴിയിലെത്തി. വന്നവർ തന്നെയാണ് യഥാർത്ഥ ഉടമസ്ഥരെന്ന് കൃത്യമായി ബോധ്യപ്പെട്ടതോടെ അദ്ദേഹം സ്വർണമടങ്ങിയ പേഴ്സ് അവർക്ക് കൈമാറി. എന്നാൽ, ലക്ഷങ്ങൾ വിലപിടിപ്പുള്ള സ്വർണം തിരികെ കിട്ടിയിട്ടും ഒരു നന്ദിവാക്ക് പോലും പറയാതെയാണ് ഉടമസ്ഥർ അവിടെനിന്നും മടങ്ങിയത്.
ഉടമസ്ഥരുടെ ഭാഗത്തുനിന്നും മോശം പ്രതികരണമുണ്ടായെങ്കിലും, തന്റെ പിതാവ് കാണിച്ച ഈ വലിയ സത്യസന്ധതയിലും കാരുണ്യത്തിലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് പ്രവാസി സമൂഹത്തിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
Tags:
Kozhikode News

