Trending

ഉന്നത വിദ്യാഭ്യാസ പ്രവേശനം: നീതിയും സുതാര്യതയും ഉറപ്പാക്കണം – ഐ.എസ്.എം

ഉന്നത വിദ്യാഭ്യാസ പ്രവേശനം: നീതിയും സുതാര്യതയും ഉറപ്പാക്കണം – ഐ.എസ്.എം


ബെംഗളൂരു: ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുള്ള നീറ്റ് ഉൾപ്പെടെയുള്ള ദേശീയ മത്സര പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെയും വിദ്യാർത്ഥികളുടെ ഭാവിയുടെയും താൽപര്യത്തിന് അനിവാര്യമാണെന്ന് ഐ.എസ്.എം ബംഗളൂരിൽ വെച്ച് സംഘടിപ്പിച്ച 'പ്രൊഫക്സൽ' പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു.

മത്സര പരീക്ഷകളിൽ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന ചോദ്യപേപ്പർ ചോർച്ച, ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, മൂല്യനിർണയത്തിലെ അപാകതകൾ എന്നിവ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസത്തെ ഗുരുതരമായി ബാധിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നീതിപൂർവവും തുല്യവുമായ അവസരം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും ബന്ധപ്പെട്ട പരീക്ഷാ ഏജൻസികളുടെയും പ്രധാന ഉത്തരവാദിത്തമാണെന്നും സമ്മേളനം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ പ്രവേശന നടപടികൾ പൂർണമായും സുതാര്യവും വിശ്വസനീയവും വിവേചനരഹിതവുമാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിന്റെ എല്ലാ ഘട്ടങ്ങളിലും സാങ്കേതിക സുരക്ഷ ശക്തിപ്പെടുത്തുകയും ക്രമക്കേടുകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കുകയും വേണം. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും പരീക്ഷാ സംവിധാനത്തോടുള്ള വിശ്വാസം വർധിപ്പിക്കുന്നതിനുമായി ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ആരോഗ്യ, സാങ്കേതിക, ശാസ്ത്ര, ഗവേഷണ മേഖലകളിലേക്ക് ഏറ്റവും യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കപ്പെടേണ്ടത് ദേശീയ താൽപര്യത്തിന്റെ ഭാഗമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

പ്രൊഫക്സൽ 3.0 ഒക്ടോബർ 11-ന് (ഞായർ) പെരിന്തൽമണ്ണ ശിഫ കൺവൻഷൻ സെന്ററിൽ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സുബൈർ പീടിയേക്കൽ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.സി.സി. നൗഫൽ ബഷീർ അധ്യക്ഷത വഹിച്ചു. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ആദിൽ അത്വീഫ് സ്വലാഹി, ഡോ. നസ്‌റുദ്ധീൻ, ഡോ. ഹാരിസ് ചോലക്കൽ, മുസ്തഫ ബെംഗളൂരു, മുബശിർ കോട്ടക്കൽ, യാസർ അറഫാത്ത്, ഷംസീർ കൈതേരി, ഇസ്മായിൽ കടവത്തൂർ, അബ്ദുല്ല എ.സി,
സൽമാൻ സ്വലാഹി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post