പെരുവയൽ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം
പെരുവയൽ: അങ്കണവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പെരുവയൽ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് സി.പി.എം മെമ്പർ എത്രയും വേഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കുന്നമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വാർഡ് മെമ്പർ ഒളിവിലാണ്. ഒളിവിൽ കഴിയുന്ന മെമ്പർ ജനപ്രതിനിധി സ്ഥാനം അടിയന്തരമായി രാജിവെക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
പ്രതിയായ സി.പി.എം മെമ്പർക്കെതിരെ പാർട്ടി ധാർമ്മികമായ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യു.ഡി.എഫ് പ്രവർത്തകർ വ്യക്തമാക്കി.
യു.ഡി.എഫ് പെരുവയൽ പഞ്ചായത്ത് ചെയർമാൻ പേകാട്ടിൽ അഹമ്മദ് ഹാജി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. വി. ജാഫർ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രവികുമാർ പനോളി, യു.ഡി.എഫ് കൺവീനർ സി. എം. സദാശിവൻ, മണ്ഡലം പ്രസിഡന്റ് വി. സി. സേതുമാധവൻ, ബ്ലോക്ക് സെക്രട്ടറി ശബരി മുണ്ടക്കൽ, കെ. രാധാകൃഷ്ണൻ, പ്രീതി താഴെക്കുഴിയിൽ മുണ്ടക്കൽ, ജിനീഷ് കുറ്റിക്കാട്ടൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Tags:
Peruvayal News


