Trending

ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: മുസ്‌ലിം ലീഗ് കമ്മിറ്റി എം.എൽ.എയ്ക്ക് നിവേദനം നൽകി

ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: മുസ്‌ലിം ലീഗ് കമ്മിറ്റി എം.എൽ.എയ്ക്ക് നിവേദനം നൽകി

മാവൂർ: മെഡിക്കൽ കോളജിനു കീഴിലുള്ള ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി പി.ടി.എ. റഹീം എം.എ.എൽ.എക്ക് നിവേദനം നൽകി. മാവൂർ, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ, വാഴക്കാട് പഞ്ചായത്തുകളിലെ സാധാരണക്കാരായ പതിനായിരക്കണക്കിന് രോഗികളുടെ ഏക ആശ്രയമായ ചെറൂപ്പ ആശുപത്രി ഏറെക്കാലമായി കടുത്ത അവഗണനയിലാണ്.
​മൂന്നു വർഷം മുൻപ് വരെ 24 മണിക്കൂർ സേവനവും, കിടത്തി ചികിത്സാ സൗകര്യവും, പ്രസവ ശുശ്രൂഷ ഉൾപ്പെടെയുള്ള മികച്ച ചികിത്സാ സംവിധാനങ്ങളും ഇവിടെ ലഭ്യമായിരുന്നു. രാത്രികാല അടിയന്തര ചികിത്സ ഉൾപ്പെടെ സാധാരണ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ സേവനങ്ങളാണ് മുൻപ് ഇവിടെ നിന്നും ലഭിച്ചിരുന്നത്. എന്നാൽ നിലവിൽ ആശുപത്രിയുടെ പ്രവർത്തനം വൈകുന്നേരം 6 മണിവരെ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
​ഇതുമൂലം രാത്രികാലങ്ങളിൽ രോഗികൾക്കും വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും അത്യാവശ്യ സാഹചര്യങ്ങളിൽ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. തുടർന്നുള്ള ചികിത്സയ്ക്കും പ്രസവ ആവശ്യങ്ങൾക്കുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് മെഡിക്കൽ കോളജിനെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയും യാത്രാ ക്ലേശവും ഉണ്ടാക്കുന്നു.
​പ്രധാന ആവശ്യങ്ങൾ:
​ആശുപത്രിയിൽ 24 മണിക്കൂർ ചികിത്സാ സേവനം പുനരാരംഭിക്കുക.
​കിടത്തി ചികിത്സാ സൗകര്യങ്ങൾ ഉടനടി പുനഃസ്ഥാപിക്കുക.
​പ്രസവ ശുശ്രൂഷയും മാതൃ-ശിശു ചികിത്സാ സേവനങ്ങളും വീണ്ടും ആരംഭിക്കുക.
​ആവശ്യമായ ഡോക്‌ടർമാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും അടിയന്തരമായി നിയമിക്കുക.
​രാത്രികാല അടിയന്തര ചികിത്സയും അടിസ്ഥാന ലാബ് സൗകര്യങ്ങളും ഉറപ്പാക്കുക.
​മരുന്നുകളുടെ ലഭ്യതയും അടിസ്ഥാന ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്തുക.
​ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി (FHC) ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
​മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എ.കെ മുഹമ്മദലി, ശാഖാ ലീഗ് പ്രസിഡൻ്റ് കാമ്പുറത്ത് മുഹമ്മദ്, ജനറൽ സെക്രട്ടറി കെ.എം അബ്ദുല്ല, വർക്കിംഗ് സെക്രട്ടറി സെൻസീർ, യു.എ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധിക്ക് നിവേദനം കൈമാറിയത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post