വിജയികൾക്ക് മധുരവുമായി ജനപ്രതിനിധി വീട്ടുമുറ്റത്ത്; മാതൃകയായി സജിത രാജേഷ്
വാഴക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും നേരിൽ കണ്ട് മധുരം നൽകി അഭിനന്ദിച്ച് വാഴക്കാട് പഞ്ചായത്തിലെ ചീടിക്കുഴി വാർഡ് മെമ്പർ സജിത രാജേഷ്. പരീക്ഷാ ഫലം വന്നതിന് പിന്നാലെ വാർഡിലെ ഓരോ വിദ്യാർത്ഥിയുടെയും വീടുകളിലെത്തിയാണ് മെമ്പർ വിജയസന്തോഷത്തിൽ പങ്കുചേർന്നത്.
ജനപ്രതിനിധികൾ സാധാരണയായി പൊതുവേദികളിൽ വെച്ച് നടത്തുന്ന അനുമോദന ചടങ്ങുകളിൽ നിന്ന് വേറിട്ടൊരു ശൈലിയാണ് സജിത രാജേഷ് സ്വീകരിച്ചത്. കുട്ടികളുടെയും കുടുംബങ്ങളുടെയും സന്തോഷത്തിൽ അവരുടെ വീട്ടുമുറ്റത്തെത്തി പങ്കാളിയായ മെമ്പറുടെ ഈ വേറിട്ട പ്രവർത്തനം നാട്ടുകാർക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വാർഡിൽ ഒരു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചുകൊണ്ടുള്ള ഈ സന്ദർശനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആവേശമായി.
വരും തലമുറയ്ക്ക് കൂടുതൽ ഊർജ്ജം നൽകാനും ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഇത്തരം ഇടപെടലുകൾ കാരണമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
Tags:
Malappuram News
