അശ്റഫ് കല്ലോടിന്റെ 'ഇത്തിരി വെട്ടം' പ്രകാശനം ചെയ്തു
പേരാമ്പ്ര: പ്രശസ്ത കവിയും അധ്യാപകനുമായ അശ്റഫ് കല്ലോടിന്റെ ഇസ്ലാമിക ബാലകവിതാ സമാഹാരം 'ഇത്തിരി വെട്ടം' പ്രകാശനം ചെയ്തു. വാല്യക്കോട് ഹുജ്ജത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ യൂസഫ് ഹുദവി വാളക്കുളം, വാല്യക്കോട് മഹല്ല് പ്രസിഡന്റ് ചെരിപ്പേരി മൂസഹാജിക്ക് പുസ്തകം നൽകിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
ലെസിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. നസീഫ് ഹുദവി, മമ്മൂട്ടി മൗലവി, ചെരിപ്പേരി റഫീഖ്, റഷീദ് കുന്നുമ്മൽ, ഇബ്രാഹിം കുനിയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നിഹാദ് എം.പി സ്വാഗതവും സിനാൻ നന്ദിയും രേഖപ്പെടുത്തി. പുസ്തക പ്രകാശനത്തോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ്സും ചടങ്ങിന് മാറ്റുകൂട്ടി.
അംഗീകാരങ്ങളുടെ നിറവിൽ പത്താം പുസ്തകം
കൊല്ലം റൈറ്റേഴ്സ് ഹട്ട് പബ്ലിക്കേഷൻസ് ആണ് 'ഇത്തിരി വെട്ടം' പ്രസിദ്ധീകരിച്ചിരിക്കുന്നത്. അശ്റഫ് കല്ലോടിന്റെ പത്താമത്തെ പുസ്തകമാണിത്. മലയാളത്തിലും ഇംഗ്ലീഷിലുമായി ഒൻപത് പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരം, യുവകലാസാഹിതി സംസ്ഥാന കവിതാ പുരസ്കാരം, നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം തുടങ്ങി നിരവധി പ്രമുഖ അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പേരാമ്പ്ര കല്ലോട് സ്വദേശിയായ അശ്റഫ് കല്ലോട് അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയാണ്.
Tags:
Kozhikode News


