ലിൻ്റോ ജോസഫ് MLA വേറിട്ടൊരു വ്യക്തിത്വം
എടവണ്ണപ്പാറ: രാഷ്ട്രീയ വൈരങ്ങൾക്കും കക്ഷിഭേദങ്ങൾക്കും അപ്പുറം മാനുഷിക മൂല്യങ്ങൾക്കും വ്യക്തിബന്ധങ്ങൾക്കും വിലകൽപ്പിക്കുന്ന ജനപ്രതിനിധികൾ അപൂർവ്വമായിക്കൊണ്ടിരിക്കുന്ന കാലത്ത്, തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫിൻ്റെ പെരുമാറ്റം നാട്ടുകാർക്കിടയിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം എടവണ്ണപ്പാറയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയ എം.എൽ.എയുടെ ലാളിത്യവും വിനയവുമാണ് രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയത്.
വ്യത്യസ്ത രാഷ്ട്രീയ ആദർശങ്ങൾ പുലർത്തുന്നവരും പ്രാദേശിക നേതാക്കളുമായ വാർഡ് മെമ്പർ മുനീർ, മുൻ വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സക്കരിയ, ലീഗ് നേതാവ് ആസിഫ് മാസ്റ്റർ എന്നിവരുമായി എം.എൽ.എ നടത്തിയ സൗഹൃദ സംഭാഷണം ശ്രദ്ധേയമായി. സ്വന്തം പാർട്ടിക്കാർ ആരും കൂടെയില്ലാത്ത സാഹചര്യത്തിലും, തികച്ചും ഹൃദ്യമായ രീതിയിലാണ് അദ്ദേഹം അവരോട് ഇടപഴകിയത്.
വാശിയേറിയ തിരഞ്ഞെടുപ്പ് നടന്ന ഒരു മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിലുള്ള യാതൊരു ഔദ്യോഗിക ഗർവോ അഹങ്കാരമോ അദ്ദേഹത്തിൻ്റെ വാക്കുകളിലോ പെരുമാറ്റത്തിലോ ഉണ്ടായിരുന്നില്ലെന്ന് ചടങ്ങിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയ വിഷയങ്ങൾ പാടെ ഒഴിവാക്കി, നാട്ടുകാര്യങ്ങളും കാലാവസ്ഥാ പ്രതിസന്ധികളും സാമൂഹിക പ്രശ്നങ്ങളും മാത്രമാണ് ആ സദസ്സിൽ ചർച്ചയായത്.
ജാതി, മത, കക്ഷി രാഷ്ട്രീയ ചിന്തകൾക്കതീതമായി മനുഷ്യരെ കാണാനും അവരോട് സൗമ്യമായി പെരുമാറാനും ലിൻ്റോ ജോസഫിന് കഴിയുന്നുണ്ട്. അധികാരത്തിൻ്റെ ആഡംബരങ്ങളില്ലാത്ത അദ്ദേഹത്തിൻ്റെ ശരീരഭാഷയും വിനയപൂർവ്വമുള്ള ഇടപെടലുകളും ഉന്നത വ്യക്തിത്വത്തിൻ്റെ ഉത്തമ ഉദാഹരണമാണെന്ന് അവിടെയുണ്ടായിരുന്ന രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.
വ്യക്തിബന്ധങ്ങളെ എങ്ങനെ വർണ്ണശബളമാക്കാമെന്നതിൻ്റെ മാതൃകയായാണ് ലിൻ്റോ ജോസഫ് എന്ന വ്യക്തിയെ ഇതര രാഷ്ട്രീയ പ്രവർത്തകർ പോലും ഇപ്പോൾ നോക്കിക്കാണുന്നത്.
വാർത്ത തയ്യാറാക്കിയത്
Tags:
Malappuram News


