Trending

വാൽപ്പാറ ദുരന്തം: വിതുമ്പലടങ്ങാതെ പാങ്ങ്; പ്രിയപ്പെട്ടവർക്ക് വിട നൽകി ഒരു നാട്

വാൽപ്പാറ ദുരന്തം: വിതുമ്പലടങ്ങാതെ പാങ്ങ്; പ്രിയപ്പെട്ടവർക്ക് വിട നൽകി ഒരു നാട്

മലപ്പുറം: വിനോദയാത്രയ്ക്കിടെ വാൽപ്പാറയിലുണ്ടായ വാഹനാപകടം പാങ്ങ് ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. അപകടത്തിൽ മരിച്ച പാങ്ങ് സ്വദേശിയായ അധ്യാപകൻ കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെ ഭാര്യ സുഹ്‌റ ടീച്ചറുടെയും 12 വയസ്സുകാരൻ മകൻ ഹിശാമിന്റെയും വേർപാട് ഒരു നാടിന്റെ നോവായി മാറിയിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾക്ക് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിരുന്നെങ്കിലും ആത്മീയമായ കരുത്തായിരുന്നു ആ വീടിന്റെ ഐശ്വര്യം. പുലർച്ചെ നാലുമണിക്ക് ആരംഭിക്കുന്ന തഹജ്ജുദ് നിസ്കാരവും ഖുർആൻ പാരായണവുമായി അല്ലാഹുവിൽ അർപ്പിച്ചു ജീവിച്ച ഒരു കുടുംബത്തെയാണ് വിധി തട്ടിയെടുത്തത്.
​അമ്മയെയും ഏക സഹോദരനെയും നഷ്ടപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയായ മകളുടെ ദുഃഖം കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. പരീക്ഷാ ഹാളിലിരിക്കെ ദുരന്തവാർത്ത അറിഞ്ഞ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതെ ആ കുട്ടി വിങ്ങിപ്പൊട്ടി പുറത്തേക്ക് വന്ന കാഴ്ച ഗ്രാമത്തിന് ഇന്നും ഒരു വിങ്ങലാണ്. കുടുംബത്തെ സന്ദർശിച്ച സയ്യിദ് ഹാശിം അൽ ഹദ്ദാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്‌ലാമിക ചരിത്രങ്ങളിലെ ക്ഷമയുടെയും പ്രത്യാശയുടെയും പാഠങ്ങൾ പങ്കുവെച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
​മനുഷ്യന്റെ ദൗർബല്യവും വിധിയുടെ അലംഘനീയതയും ബോധ്യപ്പെടുത്തുന്ന ഈ വിയോഗത്തിൽ പ്രാർത്ഥനകളോടെ പങ്കുചേരുകയാണ് ഒരു നാട് മുഴുവൻ. പരേതർക്ക് വേണ്ടി പള്ളികളിലും മറ്റും പ്രത്യേക പ്രാർത്ഥനകൾ നടന്നു. വേർപിരിഞ്ഞവർക്ക് പരലോകത്ത് അല്ലാഹു ഉന്നത പദവി നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആയിരങ്ങളാണ് പാങ്ങിലെ വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി എത്തുന്നത്

Post a Comment

Previous Post Next Post