സൗഹൃദത്തിൽ സംഗീതം ചാലിച്ച 12 വർഷങ്ങൾ; 'പാട്ടിന്റെ കൂട്ടുകാർ' വാർഷികാഘോഷം ഏപ്രിൽ 24-ന്
കോഴിക്കോട്: സംഗീതവും സൗഹൃദവും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേരുന്ന കോഴിക്കോട്ടെ പ്രമുഖ സംഗീത കൂട്ടായ്മയായ പാട്ടിന്റെ കൂട്ടുകാർ (PKK)'പന്ത്രണ്ടാം വാർഷികത്തിന്റെ നിറവിൽ. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 24-ന് വൈകുന്നേരം കോഴിക്കോട് ടൗൺഹാളിൽ വെച്ച് വിപുലമായ സംഗീത പരിപാടി സംഘടിപ്പിക്കും. പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
ആയിഷ സമീഹയ്ക്ക് പ്രതിഭാ പുരസ്കാരം
പരിമിതകളെ അതിജീവിച്ച് സംഗീത ലോകത്ത് തനതായ ഇടം കണ്ടെത്തിയ യുവഗായിക ആയിഷ സമീഹയ്ക്ക് ചടങ്ങിൽ വെച്ച് സംഘടനയുടെ പ്രത്യേക 'പ്രതിഭാ പുരസ്കാരം' നൽകി ആദരിക്കും. സംഗീതത്തോടുള്ള അവളുടെ സമർപ്പണത്തെയും കഴിവിനെയും മുൻനിർത്തിയാണ് ഈ അംഗീകാരം.
കെട്ടുറപ്പുള്ള നേതൃത്വം, തളരാത്ത സംഗീതയാത്ര
കോഴിക്കോട് ജില്ലയിലെ അനേകം മ്യൂസിക് ക്ലബ്ബുകൾക്കിടയിൽ തനതായ പ്രവർത്തനശൈലി കൊണ്ട് ശ്രദ്ധേയമാണ് 'പാട്ടിന്റെ കൂട്ടുകാർ'. പ്രസിഡന്റ് സമദ്, സെക്രട്ടറി അൻസാർ സി.വി, ട്രഷറർ ഷബീർ രക്ഷാധികാരി രമേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കലാപരിപാടികൾ ഈ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്നു. കേവലം പാട്ടുപാടുന്ന ഒരിടം എന്നതിലുപരി, സമകാലിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും അവശത അനുഭവിക്കുന്നവർക്ക് താങ്ങാവാനും ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.
പ്രതിഭകളുടെ വളർത്തുമണ്ണ്
സംഗീത കുലപതി എം.എസ്. ബാബുരാജിന്റെ സ്മരണകളുറങ്ങുന്ന കോഴിക്കോട്ടെ സംഗീത മണ്ണിൽ, പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ 'പാട്ടിന്റെ കൂട്ടുകാർ' വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലുടനീളം അറിയപ്പെടുന്ന പല പ്രമുഖ ഗായകരും ഈ വേദികളിലൂടെ വളർന്നുവന്നവരാണ് എന്നത് സംഘടനയ്ക്ക് അഭിമാനകരമായ നേട്ടമാണ്.
കോഴിക്കോട്ടെ സംഗീത ആസ്വാദകരുടെ മികവ് ലോകപ്രശസ്തമാണെന്നും, ബാബുക്കയുടെ ഈ തട്ടകത്തിൽ നടക്കുന്ന ഏത് വലിയ സംഗീത പരിപാടികൾക്കും തങ്ങൾക്ക് ലഭിക്കുന്ന മുൻഗണന ടീം വർക്കിനും ആസ്വാദന മികവിനും ലഭിക്കുന്ന അംഗീകാരമാണെന്നും ഭാരവാഹികൾ പറഞ്ഞു. ഏപ്രിൽ 24-ന് ടൗൺഹാളിൽ നടക്കുന്ന സംഗീത സായാഹ്നം കോഴിക്കോട്ടെ പാട്ടുപ്രേമികൾക്ക് ഹൃദ്യമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags:
Kozhikode News
