പരിവാർ വാഴക്കാട് പഞ്ചായത്ത് കമ്മറ്റി ജനറൽ ബോഡി യോഗം ചേർന്നു; പ്രസിഡണ്ട് ആരിഫക്ക് സ്വീകരണം നൽകി
വാഴക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാർ' വാഴക്കാട് പഞ്ചായത്ത് കമ്മറ്റി ജനറൽ ബോഡി യോഗം ചേർന്നു. യോഗത്തിൽ മുഖ്യാതിഥിയായെത്തിയ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആരിഫയെ പരിവാർ പഞ്ചായത്ത് കമ്മറ്റി ഊഷ്മളമായി സ്വീകരിച്ചു.
പരിവാർ പഞ്ചായത്ത് പ്രസിഡണ്ട് കരീം എളമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സ്വീകരിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും അവരുടെ കുടുംബങ്ങളുടെ ശാക്തീകരണത്തിനുമായി പഞ്ചായത്ത് തലത്തിൽ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ ചർച്ച ചെയ്തു.
കൊണ്ടോട്ടി ബ്ലോക്ക് പരിവാർ പ്രസിഡണ്ട് അബ്ദുൽ അസീസ്, പരിവാർ പഞ്ചായത്ത് സെക്രട്ടറി ആയിശാബി, കോഡിനേറ്റർ ആലിക്കുട്ടി ഊർക്കടവ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പത്മാവതി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഭിന്നശേഷിക്കാരായ മക്കളുടെ രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കാൻ സംഘടനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർക്കേണ്ടതിൻ്റെ ആവശ്യകതയും യോഗം വിലയിരുത്തി. പഞ്ചായത്തിലെ നിരവധി ഭിന്നശേഷി കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു.
Tags:
Malappuram News
