ഐ.എസ്.എം എക്സിക്യൂട്ടീവ് മീറ്റിന് മൂന്നാറിൽ തുടക്കമായി
മൂന്നാർ: സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ യുവാക്കളുടെ സജീവ ഇടപെടൽ അനിവാര്യമാണെന്നും, അവരുടെ കർമ്മശേഷിയും ബുദ്ധിവൈഭവവും നാടിന്റെ നന്മയ്ക്കും സമഗ്ര സാമൂഹിക പുരോഗതിക്കും വേണ്ടി വിനിയോഗിക്കപ്പെടണമെന്നും മൂന്നാറിൽ ആരംഭിച്ച ഐ.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു.
പതിവില്ലാത്ത വിധത്തിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമുകൾ വോട്ടെണ്ണലിന് മുമ്പ് തുറക്കുന്നതിൽ ഉണ്ടായിരിക്കുന്ന ദുരൂഹതകൾ നീക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്ന് ക്യാമ്പ് അഭിപ്രായപ്പെട്ടു. ജനാധിപത്യ സംവിധാനത്തിലെ വിശ്വാസ്യത നിലനിർത്തുന്നതിനായി നിഷ്പക്ഷവും നീതിനിഷ്ഠവുമായ ജനവിധി ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ക്യാമ്പ് നിർദേശിച്ചു.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സുബൈർ പീടിയേക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് അനസ് മൗലവി, ബരീർ അസ്‌ലം, ജലീൽ മാമാങ്കര, ഡോ. നൗഫൽ ബഷീർ, മുഹമ്മദ് അമീർ, യാസർ അറഫാത്ത്, ശിഹാബ് തൊടുപുഴ, ഷംസീർ കൈതേരി, മുബഷിർ കോട്ടക്കൽ, സഅദുദ്ദീൻ സ്വലാഹി, ആദിൽ അതീഫ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പ് ഇന്ന് ഉച്ചയോടെ സമാപിക്കും.
Tags:
Kerala News
