ലോകത്തിന്റെ ഗ്യാസ് തീരും മുമ്പേ നമ്മുടെ ഗ്യാസ് തീരും.....
നെല്ലിയോട്ട് ബഷീർ
പശ്ചിമേഷ്യയിൽ രൂപപ്പെടുന്ന യുദ്ധസാഹചര്യങ്ങൾ ഇന്ന് ലോക രാഷ്ട്രീയത്തെയും സാമ്പത്തികത്തെയും മാത്രമല്ല,സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്.എണ്ണയും പാചകവാതകവും ഉൾപ്പെടെയുള്ള ഊർജസ്രോതസ്സുകളുടെ പ്രധാന കേന്ദ്രമായ ആ പ്രദേശത്തെ അനിശ്ചിതത്വം ലോകവ്യാപകമായ വിതരണ ശൃംഖലകളിൽ തന്നെ ചലനം സൃഷ്ടിക്കുന്നു.ആ പ്രത്യാഘാതങ്ങൾ ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് നേരിട്ട് എത്തിയിരിക്കയാണ്. പാചകവാതകത്തിന്റെ ലഭ്യതയും വിതരണവും സംബന്ധിച്ചുണ്ടായിരിക്കുന്ന പ്രതിസന്ധി സാധാരണക്കാരന്റെ അടുക്കളകളിലേക്ക് കടന്നുകയറിയിരിക്കുന്നു. എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഒരു കുടുംബത്തിന്റെ ജീവിത നിലവാരം പലപ്പോഴും അതിന്റെ അടുക്കളയിൽ നിന്നാണ് അളക്കപ്പെടുന്നത്.കുടുംബ ബജറ്റ് തീരുമാനിക്കുന്നിടം ഇവിടെയാണ്.പാചകവാതകം ഇന്ന് ആഡംബര വസ്തു അല്ല; അത് ഒരു അടിസ്ഥാന ആവശ്യമാണെന്നത് യാഥാർഥ്യമാണ്.എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നുവെന്ന പരാതികൾ ഉയരുന്നുണ്ട്. ചിലിടങ്ങളിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കിൽ സാധാരണക്കാരന്റെ അടുക്കള പുകയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിപ്പെടും. “ലോകത്തിന്റെ ഗ്യാസും തീരും , നമ്മുടെ ഗ്യാസും തീരും ” എന്ന വേദന നിറഞ്ഞ പരാമർശം ഇന്ന് പല വീടുകളിലും കേൾക്കാവുന്ന അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഊർജവിപണിയിൽ വലിയ അലയൊലികൾ സൃഷ്ടിക്കുന്നത് പുതുമയുള്ള കാര്യമല്ല. എണ്ണയും പ്രകൃതിവാതകവും ഉൽപ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങൾ അവിടെയായതിനാൽ, ചെറിയ സംഘർഷങ്ങൾ പോലും ആഗോള വിപണിയിൽ വിലക്കയറ്റത്തിനും വിതരണ പ്രതിസന്ധിക്കും കാരണമാകാറുണ്ട്. എന്നാൽ ഇത്തരം അനിശ്ചിത സാഹചര്യങ്ങൾ ആവർത്തിച്ച് സംഭവിക്കാറുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. അതിനാൽ തന്നെ ഇറക്കുമതി ആശ്രിത രാജ്യങ്ങൾക്ക് മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയുടെ ഊർജാവശ്യത്തിന്റെ വലിയൊരു പങ്കും വിദേശ ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. അതിനാൽ ലോക വിപണിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ സ്വാധീനം ചെലുത്തും.എന്നാൽ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ സംഭരണ സംവിധാനങ്ങളും വിതരണ ശൃംഖലകളും ശക്തിപ്പെടുത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകിയോ എന്ന ചോദ്യം ഉയരുക സ്വാഭാവികം. പ്രതിസന്ധി സംഭവിച്ചശേഷം വിശദീകരണങ്ങൾ നൽകുന്നത് എളുപ്പമാണ്; പക്ഷേ മുൻകരുതലുകൾ സ്വീകരിക്കാത്തത് ഭരണപരമായ പരാജയമായിത്തന്നെ വിലയിരുത്തപ്പെടും.
പാചകവാതകത്തിന്റെ ലഭ്യതയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ ആദ്യം ബാധിക്കുന്നത് വീട്ടമ്മമാരെയാണ്. ഒരു കുടുംബത്തിന്റെ മുഴുവൻ ദിനക്രമവും അടുക്കളയെ ചുറ്റിപ്പറ്റിയാണ്. കുട്ടികളുടെ ഭക്ഷണം, മുതിർന്നവരുടെ ആരോഗ്യപരിപാലനം, കുടുംബത്തിന്റെ ദിനചര്യ ഇതെല്ലാം പാചക ഇന്ധനത്തിന്റെ ലളിതമായ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു.സിലിണ്ടർ കിട്ടാൻ വൈകുമ്പോൾ പല വീടുകളും വീണ്ടും പഴയകാല ഇന്ധനങ്ങളിലേക്ക് തിരിച്ചു പോകേണ്ടിവരുന്നു. ചിലർ വിറകുകളിലേക്കോ മറ്റു പകരം മാർഗങ്ങളിലേക്കോ ആശ്രയിക്കുന്നു.എന്നാൽ അത് ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നതാണ്.പുക നിറഞ്ഞ അടുക്കളകൾ വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് വികസനത്തിന്റെ പാതയിൽ വലിയൊരു പിന്നോട്ടടിയായിരിക്കും.
ഇത് വീടുകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ചെറുകിട വ്യാപാരികൾക്കും ഇത് വലിയ തിരിച്ചടിയാണ്. ചെറിയ ഹോട്ടലുകൾ, ചായക്കടകൾ, ഭക്ഷണശാലകൾ തുടങ്ങിയവയുടെ പ്രവർത്തനം മുഴുവൻ പാചകവാതകത്തെ ആശ്രയിച്ചാണ് നടക്കുന്നത്.സിലിണ്ടർ ലഭിക്കാത്തപ്പോൾ അവർക്കു കട അടയ്ക്കേണ്ടി വരുന്ന അവസ്ഥയാണ്. ഒരുദിവസം പോലും കട അടച്ചാൽ വരുമാനം നഷ്ടപ്പെടുന്ന ഈ ചെറിയ സംരംഭകർക്ക് അത് വലിയ ആഘാതമാണ്. അവരുടെ കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതം അതിനൊപ്പം തന്നെ ബാധിക്കപ്പെടുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായ ഇത്തരം ചെറുകിട സംരംഭങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ അതിന്റെ പ്രതിഫലം സമൂഹം മുഴുവൻ അനുഭവിക്കേണ്ടിവരും.
ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ നൽകുന്ന പ്രധാന വിശദീകരണം ആഗോള പ്രതിസന്ധികളും യുദ്ധസാഹചര്യങ്ങളുമാണ്. അത് ഭാഗികമായി ശരിയാണെങ്കിലും അതു മാത്രം പറഞ്ഞ് ഉത്തരവാദിത്വം ഒഴിവാക്കാൻ കഴിയില്ല. ഒരു ഉത്തരവാദിത്തമുള്ള ഭരണകൂടം ഇത്തരം സാധ്യതകളെ മുൻകൂട്ടി വിലയിരുത്തുകയും ജനങ്ങൾ ദുരിതത്തിലാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. ആവശ്യമായ സ്റ്റോക്കുകൾ ഉറപ്പാക്കൽ, വിതരണ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കൽ, ഇറക്കുമതി ക്രമീകരണങ്ങൾ ശക്തമാക്കൽ എന്നിവ അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങളാണ്.
ഇപ്പോൾ ജനങ്ങൾക്കു വേണ്ടത് പ്രഖ്യാപനങ്ങളോ ആശ്വാസ വാക്കുകളോ അല്ല.പ്രായോഗികമായ പരിഹാരങ്ങളാണ് അവർ പ്രതീക്ഷിക്കുന്നത്. സിലിണ്ടറുകൾക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ അവസാനിപ്പിക്കണം. വിതരണം സുഗമമാക്കുകയും ആവശ്യമായ ഗ്യാസ് ലഭ്യത ഉറപ്പാക്കുകയും ചെയ്യണം. സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്.
പാചകവാതകം ഇന്ന് ഒരു കുടുംബത്തിന്റെ അടിസ്ഥാന ജീവിതാവകാശവുമായി ബന്ധപ്പെട്ട വിഷയമാണ്. ഒരു വീട്ടിലെ അടുക്കള പുകയുന്നുണ്ടോ എന്നത് ആ കുടുംബത്തിന്റെ ജീവിതസുരക്ഷയുടെ സൂചകമാണ്.ആ സുരക്ഷ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ അത് ഒരു സാധാരണ സാമ്പത്തിക പ്രശ്നമല്ല, സാമൂഹിക പ്രശ്നമായി മാറുന്നു.
ഇപ്പോൾ ആവശ്യമായത് പ്രശ്നം നിഷേധിക്കാതെ അതിനെ നേരിടാനുള്ള ശക്തമായ നടപടികളാണ്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ അവസ്ഥ അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. അല്ലെങ്കിൽ ലോകത്തിലെ യുദ്ധങ്ങളുടെ ആഘാതം ഒടുവിൽ നമ്മുടെ വീടുകളുടെ അടുക്കളകളിൽ പുകയായി ഉയരുന്ന കാലം അധിവിദൂരമല്ല.
Tags:
Articles
