Trending

ജനങ്ങളുടെ പണവും ക്രെഡിറ്റിന്റെ രാഷ്ട്രീയവും

ജനങ്ങളുടെ പണവും ക്രെഡിറ്റിന്റെ രാഷ്ട്രീയവും
നെല്ലിയോട്ട് ബഷീർ


ഒരു ജനാധിപത്യ സമൂഹത്തിൽ വികസനം എന്നത് അധികാരികളുടെ ഔദാര്യമല്ല;അത് ജനങ്ങളുടെ അവകാശമാണ്.എന്നാൽ നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിൽ പലപ്പോഴും മറഞ്ഞുകിടക്കുന്ന ഒരു യാഥാർഥ്യമാണ്,ജനങ്ങളുടെ നികുതി പണത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ പോലും ചിലപ്പോൾ അധികാരത്തിന്റെ “ദാനം” പോലെ അവതരിപ്പിക്കപ്പെടുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയ മനോഭാവമാണെന്ന് പറയാതെവയ്യ, "ക്രെഡിറ്റിന്റെ രാഷ്ട്രീയം"എന്ന് നമുക്കതിനെ വിളിക്കാം.
ഒരു പാലം പണിയുമ്പോഴും ഒരു റോഡ് നിർമ്മിക്കുമ്പോഴും ഒരു ടൗൺഷിപ്പ് ഉയരുമ്പോഴും അതിന്റെ പിന്നിൽ ഒരാളുടെയോ ഒരു പാർട്ടിയുടെയോ സ്വകാര്യ സമ്പാദ്യമല്ല ചിലവാക്കുന്നത് .അത് ജനങ്ങൾ നൽകിയ നികുതിപണത്തിന്റെ സമാഹാരമാണ്.ഓരോ തൊഴിലാളിയുടെ വിയർപ്പും ഓരോ പൗരന്റെയും സംഭാവനയും ചേർന്നാണ് ഒരു രാജ്യത്തിന്റെ പൊതുസമ്പത്ത് രൂപപ്പെടുന്നത്. എന്നാൽ വികസനപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം അതിന്റെ ക്രെഡിറ്റ് പിടിച്ചുപറ്റാനുള്ള മത്സരമാണ് പലപ്പോഴും രാഷ്ട്രീയത്തിൽ കാണുന്നത്.
ഒരു പദ്ധതിയുടെ ഉദ്ഘാടനം നടക്കുമ്പോൾ വലിയ വേദികളും ഫലകങ്ങളും പരസ്യങ്ങളും നിറയും.ആരാണ് പണിതത് എന്നതിലേക്കാൾ ആരാണ് ഉദ്ഘാടനം ചെയ്തത് എന്നതാണ് ശ്രദ്ധാകേന്ദ്രം.ഈ രീതിയിൽ ജനങ്ങളുടെ അവകാശമായ വികസനം പോലും അധികാരത്തിന്റെ ഔദാര്യമായി മാറുന്നു.
ഇത് ജനാധിപത്യത്തിന്റെ ആത്മാവിനോട് പൊരുത്തപ്പെടുന്ന സംസ്കാരമല്ല.ജനങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാർ അവരുടെ പ്രതിനിധികളാണ്.അവർ ജനങ്ങളുടെ പണം ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കുന്നത് അവരുടെ കടമയാണ്, അത് ഒരു ദാനമല്ല.എന്നാൽ ആ കടമ തന്നെ ചിലപ്പോൾ മഹത്തായ സേവനമായി അവതരിപ്പിക്കപ്പെടുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ചെറിയൊരു ചോദ്യം പോലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്.“ഇത് ജനങ്ങളുടെ പണമല്ലേ?” എന്ന ലളിതമായ ചോദ്യം തന്നെ ചിലപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാകുന്നത് അതുകൊണ്ടാണ്.ആ ചോദ്യം ഒരു വലിയ പ്രചാരണകഥയുടെ അടിത്തറ തന്നെ ചോദ്യം ചെയ്യുന്നു അവസ്ഥയിലേക്ക് നീങ്ങുന്നു.
നമ്മുടെ സമൂഹത്തിൽ സെലിബ്രിറ്റികളുടെ സാന്നിധ്യം രാഷ്ട്രീയത്തിന് ഒരു പ്രത്യേക ശക്തി നൽകാറുണ്ട്.ഒരു പ്രശസ്ത വ്യക്തി ഒരു സ്ഥലത്ത് എത്തുമ്പോൾ അത് വാർത്തയാകുന്നു. മാധ്യമങ്ങളും ആരാധകരും സാധാരണജനങ്ങളും അതിനെ ശ്രദ്ധിക്കുന്നു. അതിനാൽ തന്നെ രാഷ്ട്രീയവും സെലിബ്രിറ്റികളും തമ്മിലുള്ള ബന്ധം ഇന്ത്യയിൽ പുതിയ കാര്യമല്ല.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സിനിമാതാരങ്ങൾ പങ്കെടുത്തിട്ടുള്ളത് പതിറ്റാണ്ടുകളായി തുടരുന്ന പ്രവണതയാണ്. എന്നാൽ അടുത്തകാലത്ത് അത് മറ്റൊരു രൂപത്തിലേക്ക് മാറിയിട്ടുണ്ട്. വെറും വേദികളിൽ പങ്കെടുക്കുന്നതിലപ്പുറം രാഷ്ട്രീയ നേതാക്കളെ മഹത്വവൽക്കരിക്കുന്ന പ്രതീകങ്ങളായി താരങ്ങളെ ഉപയോഗിക്കുന്ന പ്രവണത ശക്തമായിട്ടുണ്ട്.
വലിയ സർക്കാർ പരിപാടികളിൽ സിനിമാതാരങ്ങൾ അണിനിരക്കുന്ന കാഴ്ചകൾ അതിന്റെ ഉദാഹരണമാണ്. അതിന്റെ സന്ദേശം വളരെ സൂക്ഷ്മമായെങ്കിലും വ്യക്തമാണ്, വെള്ളിത്തിരയിലെ സൂപ്പർസ്റ്റാറുകൾ പോലും ബഹുമാനിക്കുന്ന ശക്തിയാണ് രാഷ്ട്രീയ നേതൃത്വം എന്ന പ്രതീതി സൃഷ്ടിക്കുകയാണ് അതിലൂടെ നടക്കുന്നത്.
ഇത് രാഷ്ട്രീയ പ്രചാരണത്തിന്റെ ഒരു പുതിയ രൂപമാണ്. ജനങ്ങളുടെ മനസ്സിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന സാംസ്കാരിക പ്രതീകങ്ങളെ ഉപയോഗിച്ച് അധികാരത്തിന്റെ പ്രതിച്ഛായ കൂടുതൽ വലുതാക്കുന്ന ശ്രമം.
എന്നാൽ ഈ പ്രക്രിയയിൽ ഒരു ചെറിയ മാറ്റം പോലും സംഭവിച്ചാൽ അത് ഉടൻ വിവാദമായി മാറും. ഒരു സെലിബ്രിറ്റി ആ തിരക്കഥയിലെപ്പോലെ പെരുമാറാത്ത പക്ഷം അതിനെ കുറിച്ച് വലിയ ചർച്ചകൾ തുടങ്ങും. ചിലപ്പോൾ അതിന് കടുത്ത വിമർശനങ്ങളും ഉണ്ടാകും.
ഇത് വ്യക്തികളെക്കുറിച്ചുള്ള പ്രശ്നമല്ല.ഇത് അധികാരവും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രശ്നമാണ്.
ജനാധിപത്യത്തിൽ അധികാരം എന്നത് സേവനമാണ്.എന്നാൽ അധികാരം ചിലപ്പോൾ തന്നെത്താൻ ഒരു പ്രഭുവർഗമായി കാണാൻ തുടങ്ങും.അതിന് കീഴിലുള്ളവർ വിധേയത്വം പ്രകടിപ്പിക്കണം എന്ന പ്രതീക്ഷ ഉയരും. പ്രശസ്തരായ ആളുകൾ പോലും അതിനോട് പൊരുത്തപ്പെടണം എന്നൊരു മനോഭാവം രൂപപ്പെടും.
ഇത്തരം മനോഭാവം ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളോട് വിരുദ്ധമാണ്.ഒരു രാഷ്ട്രീയ സംഘടന സമൂഹത്തിലെ പല സംവിധാനങ്ങളിലൊന്നാണ്.അത് സമൂഹത്തിനുമുകളിലുള്ള ഒരു ശക്തിയല്ല.
എന്നാൽ ചിലപ്പോൾ രാഷ്ട്രീയ നേതാക്കളെ സമൂഹത്തിന്റെ കേന്ദ്രബിന്ദുവായി അവതരിപ്പിക്കുന്ന ഒരു സംസ്കാരം രൂപപ്പെടുന്നു. അവരുടെ ചുറ്റും വലിയ പ്രചാരണങ്ങളുടെയും പ്രതീകങ്ങളുടെയും ഒരു ലോകം സൃഷ്ടിക്കപ്പെടുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ഒരു ചെറിയ ചോദ്യം പോലും അസ്വസ്ഥത സൃഷ്ടിക്കും. കാരണം അത് അധികാരത്തിന്റെ ആ കൃത്രിമ പ്രതീകത്തെ ചോദ്യം ചെയ്യുന്നു.
ദുരന്തസാഹചര്യങ്ങളിൽ പോലും ഈ രാഷ്ട്രീയ മനോഭാവം ചിലപ്പോൾ പ്രകടമാകുന്നത് കാണാം. ദുരിതബാധിതർക്കായി പണിയുന്ന വീടുകളും സഹായപദ്ധതികളും വലിയ പ്രചാരണവേദികളായി മാറുന്നു.ആ സഹായം ജനങ്ങൾ തന്നെയാണ് നൽകിയതെങ്കിലും അത് അധികാരത്തിന്റെ ഔദാര്യമായി അവതരിപ്പിക്കപ്പെടുന്നു.
ഈ സംസ്കാരം വളരെ അപകടകരമാണ്.അത് ജനങ്ങളുടെ അവകാശത്തെ ദാനമായി മാറ്റുന്നു.
ജനാധിപത്യത്തിൽ ക്ഷേമപദ്ധതികൾ ജനങ്ങളുടെ അവകാശമാണ്.അത് അധികാരികളുടെ ദയയല്ല.എന്നാൽ സഹായം ലഭിക്കുന്നവരെ പോലും ചിലപ്പോൾ നന്ദിയോടെ നിൽക്കേണ്ടവരായി ചിത്രീകരിക്കുന്ന പ്രവണത കാണാം.
സമ്പന്നരായ വ്യവസായികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾക്കായി അത്തരം പ്രചാരണങ്ങൾ ഉണ്ടാകാറില്ല.എന്നാൽ ദുരിതബാധിതരായ സാധാരണ മനുഷ്യരുടെ വേദനകൾ പോലും ചിലപ്പോൾ രാഷ്ട്രീയ വേദികളായി മാറുന്നു.
ഈ വിരോധാഭാസം നമ്മുടെ സമൂഹത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.സർക്കാർ ഇപ്പോൾ ഉൽഘാടനങ്ങൾ പൊടിപൊടിക്കുകയാണ്. വയനാട്ടിൽ മനുഷ്യവാസയോഗ്യമാകാതെ ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്തത്പോലെ,റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉൽഘാടനം ചെയ്യപ്പെടുകയാണ്. ഈ പ്രവൃത്തികളൊന്നും മൂത്ത് പഴുക്കുകയല്ല, അതിന്റെ പരിണിതഫലം ജനങ്ങൾ അനുഭവിക്കേണ്ടി വരും തീർച്ച. മൺമറഞ്ഞുപോയ ചരിത്ര പ്രതിഭ എം ജി എസ് നാരായണന്റെ സ്വപ്നപദ്ധതിയായ മാനാഞ്ചിറ- മലാപ്പറമ്പ് റോഡ് പോലും ഉൽഘാടനം ചെയ്യപ്പെട്ടിരിക്കുന്നത് അൻപത് ശതമാനം പണി പൂർത്തീകരിച്ചാണ് എന്നു പറയുമ്പോൾ ക്രെഡിറ്റിന്റെ രാഷ്ട്രീയത്തിന്റെ പ്രസക്തി കൂടുതൽ പറയേണ്ടതില്ലല്ലോ?
ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളിലാണ്. അവർ നൽകുന്ന നികുതിയാണ് സർക്കാരിന്റെ സാമ്പത്തിക അടിത്തറ. ആ പണം ഉപയോഗിച്ച് നടത്തുന്ന ഓരോ പദ്ധതിയും അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കടമയാണ്.
അത് രാഷ്ട്രീയ നേതാക്കളുടെ വ്യക്തിപരമായ നേട്ടമായി മാറുന്ന നിമിഷം ജനാധിപത്യത്തിന്റെ ആത്മാവ് ക്ഷയിക്കുന്നു.
സർക്കാരുകൾ വരും, പോകും.പാർട്ടികൾ മാറും. നേതാക്കൾ മാറും.പക്ഷേ ജനങ്ങൾ എന്നും അവിടെ തന്നെയുണ്ടാകും.
ഒരു രാജ്യത്തിന്റെ യഥാർത്ഥ ശക്തി അധികാരത്തിന്റെ പ്രചാരണത്തിൽ അല്ല, ജനങ്ങളുടെ പങ്കാളിത്തത്തിലാണ്.
അതിനാൽ ഓരോ വികസനപ്രവർത്തനവും നമ്മെ ഓർമ്മിപ്പിക്കേണ്ടത് ഒരേയൊരു സത്യമാണ്,അത് ആരുടേയും ഔദാര്യമല്ല.
അത് ജനങ്ങളുടെ അവകാശമാണ്.

Post a Comment

Previous Post Next Post