ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
കേരളത്തിന്റെ കലാ-സാംസ്കാരിക-സാഹിത്യ രംഗത്ത് മൂന്നു ദശാബ്ദത്തിലേറെയായി സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു പ്രധാന സാംസ്കാരിക സംഘടനയാണ് ഓൾ കേരള മാപ്പിള സംഗീത അക്കാദമി. മാപ്പിളപ്പാട്ട് ഉൾപ്പെടെയുള്ള മാപ്പിളകലകൾക്കും ശാസ്ത്രീയ കലകൾക്കും നാടൻ കലാരൂപങ്ങൾക്കും ഒരുപോലെ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപരിപാടികളും സാംസ്കാരിക പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്ന അക്കാദമി ഇന്ന് അതിന്റെ 35-ാം വർഷത്തിലേക്ക് കടക്കുകയാണ്.
വാർഷികാഘോഷങ്ങളുടെ ഭാഗമായി കല, സാഹിത്യം,സാമൂഹ്യ സംസ്ക്കാരിക പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് അക്കാദമി എല്ലാ വർഷവും പുരസ്കാരങ്ങൾ നൽകി ആദരിക്കാറുണ്ട്.2026 വർഷത്തിലെ അവാർഡ് ജേതാക്കളെ അക്കാദമി ഇപ്പോൾ പ്രഖ്യാപിക്കുകയാണ്.
പ്രശസ്ത സംഗീതസംവിധായകൻ എം എസ് ബാബുരാജിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം ഈ വർഷം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ഷാൻ റഹ്മാൻ (എറണാകുളം)നൽകും.ഗാനരചയിതാവും കവിയുമായ പി ഭാസ്കരൻ മാഷിന്റെ പേരിലുള്ള പുരസ്കാരം കവിയും ഗായകനുമായ ശ്രീ വിനീഷ് വിദ്യാധരനാണ് (കോഴിക്കോട്) ലഭിക്കുക.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് പെരുമ്പാവൂരുകാരനായ ശ്രീ കബീർ റഹ്മാനും (എറണാകുളം) പരിസ്ഥിതി പ്രവർത്തകയായ ശ്രീമതി റെജി ജോമിയും (കോട്ടയം) എ പി ജെ അബ്ദുൽ കാലം അവാർഡിന് അർഹരായി. സിനിമാതാരം മോണിഷയുടെ പേരിലുള്ള പുരസ്കാരം മികച്ച അഭിനയ മികവിന് സിനിമാനടി ശ്രീമതി രജിഷ വിജയൻ (എറണാകുളം )തിരഞ്ഞെടുക്കപ്പെട്ടപ്പോൾ,നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ശ്രീമതി സുവർണ ചന്ദ്രോത്തിന് (കോഴിക്കോട് )ലഭിക്കും.
മാപ്പിളപ്പാട്ട് ഗായിക ശ്രീമതി തൻഹ ഉമ്മർ (കോഴിക്കോട്)മഹാകവി മോയിൻകുട്ടി വൈദ്യറുടെ സ്മരണാർത്ഥമുള്ള യുവപ്രതിഭ” അവാർഡിന് അർഹയായി. സാഹിത്യകാരൻ യു എ ഖാദർ ന്റെ നാമധേയത്തിലുള്ള സാഹിത്യ പുരസ്കാരം എഴുത്തുകാരി സുമ പള്ളിപ്രത്തിന് (വയനാട് )ലഭിക്കും.മാപ്പിളപ്പാട്ട് രചയിതാവ് ശ്രീ ഒ എം കരുവാരക്കുണ്ട്, നോവലിസ്റ്റും തിരക്കഥാകൃത്തുമായ ശ്രീ പി ആർ നാഥൻ, പിന്നണി ഗായകൻ ശ്രീ അജയ് ഗോപാൽ, കലാമണ്ഡലം അരുണ ആർ നായർ, തലശ്ശേരി കെ മുസ്തഫ എന്നിവരടങ്ങുന്ന ജ്യൂറിക്കമ്മറ്റിയാണ് അവാർഡ് ജേതാക്കളെ തെരെഞ്ഞെടുത്തത്. സ്വാഗത സംഘം ചെയർമാൻ പി എ ഹംസയും അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിയോട്ട് ബഷീറും ചേർന്ന് സംസ്ഥാന അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു.
അക്കാദമിയുടെ 34-ാം വാർഷികാഘോഷച്ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മാർച്ച് 24-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ,ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവർ സംബന്ധിക്കും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മാപ്പിളപ്പാട്ട് ഗായകൻ മർഹും കെ.എം.കെ.വെള്ളയിലിന്റെ യുടെ പേരിലുള്ള പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിക്കും. പരിപാടിയുടെ ഭാഗമായി “മെലഡീസ് കലിക്കറ്റ്” നയിക്കുന്ന സംഗീത ഓർക്കസ്ട്രയും അരങ്ങേറും.
ഈ വാർഷികാഘോഷം മാപ്പിളപ്പാട്ടിന്റെയും കേരളത്തിന്റെ സമ്പന്നമായ സംഗീതപാരമ്പര്യത്തിന്റെയും മഹത്വം പുതുതലമുറയിലേക്ക് കൈമാറുന്ന ഒരു സാംസ്കാരിക സംഗമമായി മാറുമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി എ ഹംസ,ജനറൽ കൺവീനർ നെല്ലിയോട്ട് ബഷീർ,വൈസ് പ്രസിഡന്റ് അഡ്വ പി എം ഹനീഫ്,വർക്കിങ് പ്രസിഡന്റ് എം കെ എം കോയ,ട്രഷറര്‍ ടി എം സലിം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags:
Kozhikode News
