കാരന്തൂർ പാറക്കടവ് റോഡ് പ്രവൃത്തി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കാരന്തൂർ പാറക്കടവ് റോഡ് പ്രവൃത്തി പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ബജറ്റ് പദ്ധതികളിൽ ഉൾപ്പെടുത്തി അനുവദിച്ച 2 കോടി രൂപ ചെലവിലാണ് റോഡിൻ്റെ നവീകരണം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ടതും പാറക്കടവ് പാലം വഴി കുരുവട്ടൂർ ഭാഗത്തേക്കുള്ള എളുപ്പ മാർഗ്ഗവുമായ ഈ പാത നവീകരിക്കണമെന്ന പൊതു ആവശ്യം പരിഗണിച്ചാണ് റോഡിന് ഫണ്ട് അനുവദിച്ചത്.
ഈ റോഡിൻ്റെ 700 മീറ്റർ ദൂരം വരുന്ന ഭാഗം 5.5 മീറ്റർ വീതിയിൽ ബി.എം ആൻ്റ് ബി.സി ഉപരിതലത്തോടുകൂടി നവീകരിക്കുകയും ഗ്രാനൂലാർ സബ് ബേസ്, വെറ്റ് മിക്സ് മെക്കാഡം എന്നിവയോട് കൂടി അടിത്തറ ബലപ്പെടുത്തി റോഡ് വീതി കൂട്ടുകയും ചെയ്ത് ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കലുങ്ക് സംവിധാനങ്ങൾ ഒരുക്കി റോഡ് സുരക്ഷ, മാർക്കിങ് എന്നിവയോട് കൂടി പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സംജിത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈജ വളപ്പിൽ, അനിത ഏറങ്ങാട്ട്, ഷംസാദ നജീബ്, വി അനിൽകുമാർ, പി പവിത്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി സോമൻ, വി പി ശ്രീനിവാസൻ, അബ്ദുറഹ്മാൻ ഇടക്കുനി, സി അബ്ദുൽ ഗഫൂർ, സി.എം ഷാജി, ടി സുരേഷ് ബാബു, ഷാഫി തെല്ലശ്ശേരി, കേളൻ നെല്ലിക്കോട്, ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ പി അതുൽ റിപ്പോർട്ട് അവതരിപ്പിച്ചു. അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ രഞ്ജി സ്വാഗതവും ഓവർസിയർ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
Tags:
kunnamangalam News

