Trending

ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം; ശ്രദ്ധേയമായി വാഴക്കാട് പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ​

ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം; ശ്രദ്ധേയമായി വാഴക്കാട് പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ

വാഴക്കാട്: ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സജീവ പങ്കാളിത്തം കൊണ്ട് വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി പൊതു ഗ്രാമസഭ ശ്രദ്ധേയമായി. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ഭിന്നശേഷി ഗ്രാമസഭയാണിത്.
​മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർക്ക് പുറമെ എല്ലാ വാർഡുകളിലെയും ജനപ്രതിനിധികൾ തങ്ങളുടെ വാർഡിലെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ യോഗത്തിനെത്തി എന്നത് ഈ ഗ്രാമസഭയുടെ പ്രത്യേകതയായി.
​ഓരോ വാർഡിലെയും ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും അതത് വാർഡ് മെമ്പർമാരോട് പ്രസിഡന്റും വൈസ് പ്രസിഡന്റും യോഗത്തിൽ വെച്ച് തന്നെ നിർദ്ദേശിച്ചു. ഭിന്നശേഷിക്കാർ നേരിടുന്ന യാത്രാസൗകര്യങ്ങളുടെയും വഴികളുടെയും പ്രശ്നത്തിന് മുൻഗണന നൽകി പരിഹാരം കാണുമെന്ന് ഭരണസമിതി ഉറപ്പുനൽകി. ഇതിനായി വാർഡ് മെമ്പർമാരെ പ്രത്യേകമായി ചുമതലപ്പെടുത്തിയത് പരാതിക്കാർക്ക് വലിയ ആശ്വാസമായി.
​ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം 'പരിവാർ' പഞ്ചായത്ത് പ്രസിഡന്റ് കരീം എളമരം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. നിവേദനത്തിലെ ആവശ്യങ്ങളിൽ പഞ്ചായത്തിന്റെ പരിധിയിൽ നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പരമാവധി വേഗത്തിൽ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി.
​ഗ്രാമസഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആരിഫ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. നൗഷാദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ആലിക്കുട്ടി ഊർക്കടവ്, ആയിഷ ബി. ചെറുവായൂർ, ബഡ്‌സ് സ്കൂൾ പ്രിൻസിപ്പൽ നിഷിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
​റംസാൻ വ്രതകാലത്തെ തിരക്കുകൾക്കിടയിലും തങ്ങളുടെ പ്രയാസങ്ങൾ മാറ്റിവെച്ച് ഗ്രാമസഭയിൽ സജീവമായി പങ്കെടുത്ത ഭിന്നശേഷിക്കാരെയും രക്ഷിതാക്കളെയും ഭരണസമിതി പ്രത്യേകം അഭിനന്ദിച്ചു.

Post a Comment

Previous Post Next Post