ഐ.എസ്.എം റമദാൻ കാമ്പയിൻ: കർമ്മ പദ്ധതികൾക്ക് തുടക്കം
കോഴിക്കോട്: റമദാൻ മാസത്തെ ആത്മീയ നവീകരണത്തിന്റെയും സഹാനുഭൂതിയുടെ ജീവിതപാഠത്തിന്റെയും കാലമായി ആചരിച്ച് സമൂഹത്തിൽ നന്മയും പ്രതീക്ഷയും വളർത്താൻ യുവജനങ്ങൾ സജീവമായി മുന്നോട്ടുവരണമെന്ന് ഐ.എസ്.എം റമദാൻ കാമ്പയിൻ ഉദ്ഘാടന സംഗമം ആഹ്വാനം ചെയ്തു.
“നന്മയുടെ റമദാൻ – പ്രതീക്ഷയുടെ റയ്യാൻ” എന്ന പ്രമേയത്തെ ആധാരമാക്കി ആത്മീയോൽക്കർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളും മുഖ്യ അജണ്ടയാക്കി വിവിധ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യക്തിഗത ആത്മശുദ്ധിയോടൊപ്പം സാമൂഹിക ഉത്തരവാദിത്വം വളർത്തുന്നതിന് ലക്ഷ്യമിട്ടാണ് കാമ്പയിൻ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
അഹ്‌ലൻ റമദാൻ, സൽസബീൽ, അൽ ഇജാബ്, ഹദീസ് പാഠം, അയ്യായിരം ഇഫ്താർ കിറ്റുകളുടെ വിതരണം, യാത്രക്കാരെ ലക്ഷ്യമാക്കി ഈലാഫ് ഇഫ്താർ ടെന്റ്, ഈദ് ഹദിയ, സൗഹൃദ ഇഫ്താർ, സൽധാര തർബിയ്യ മീറ്റ് തുടങ്ങിയ വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടപ്പാക്കും. സംസ്ഥാനതല റമദാൻ സംഗമം മാർച്ച് 1ന് കുറ്റിപ്പുറത്ത് സംഘടിപ്പിക്കുമെന്നും അറിയിച്ചു.
കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഐ.എസ്.എം പ്രസിഡന്റ് സുബൈർ പീടിയേക്കൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. നൗഫൽ ബഷീർ അധ്യക്ഷത വഹിച്ചു. ശരീഫ് മേലേതിൽ, കെ.എം.എ അസീസ്, ശുക്കൂർ സ്വലാഹി, ബരീർ അസ്‌ലം, റഹ്മത്തുല്ല സ്വലാഹി, യാസിർ അറഫാത്ത്, ശാഹിദ് മുസ്ലിം ഫാറൂഖി, ജലീൽ മാമാങ്കര, മുബഷിർ കോട്ടക്കൽ, മുഹമ്മദ് അമീർ, സഅദുദ്ധീൻ സ്വലാഹി, സിറാജ് ചേലേമ്പ്ര എന്നിവർ പ്രസംഗിച്ചു.
Tags:
Kozhikode News
