എപ്സ്റ്റീൻ ഫയൽസ്: പാശ്ചാത്യ നവമാനവികതക്കേറ്റ കനത്ത പ്രഹരം:
ഡോ. ഹുസൈൻ മടവൂർ
ജിദ്ദ: പുരോഗമനത്തിന്റെ ഉച്ചകോടിയിലെത്തിയതായി അവകാശപ്പെടുന്ന ആധുനിക ലോകം സാംസ്കാരികമായി പിന്നോട്ടു സഞ്ചരിക്കുകയാണെന്നും, മാനവികതയുടെയും ഉന്നത സംസ്കാരത്തിന്റെയും വക്താക്കളെന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്ന പാശ്ചാത്യ ലോകത്തിന്റെ കപടമുഖം ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപുമായി ബന്ധപ്പെട്ട എപ്സ്റ്റീൻ ഫയൽസിലൂടെ ലോകസമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കപ്പെട്ടുവെന്നും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങൾ ഉന്നത മാനവിക മൂല്യങ്ങൾ ഉറപ്പാക്കാൻ പര്യാപ്തമല്ലെന്ന സത്യം ഈ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നതോടൊപ്പം, ദൈവീക നിയമങ്ങളുടെ അനിവാര്യതയും ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷറഫിയ അൽ അബീർ പോളി ക്ലിനിക് ഓപ്പൺ ഓഡിറ്റോറിയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററും അൽ സഫാ ജാലിയാത്തും സംയുക്തമായി സംഘടിപ്പിച്ച ‘അഹ്‌ലൻ റമദാൻ’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യജീവിയായ മനുഷ്യന് സഹിഷ്ണുതയോടെ സഹവർത്തിത്വം പുലർത്താൻ ധാർമികതയിൽ അധിഷ്ഠിതമായ ജീവിതമാർഗ്ഗം അനിവാര്യമാണെന്നും, മനുഷ്യൻ ശരീരം മാത്രമല്ല, ആത്മാവുമുള്ള സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മാവിന്റെ ധാർമിക സംസ്കരണത്തിന് മതബോധത്തിൽ അധിഷ്ഠിതമായ ഭൗതികജീവിതമാണ് സ്വീകരിക്കേണ്ടതെന്നും, ഇതിനെ അവഗണിച്ചതാണ് പാശ്ചാത്യ ലോകത്തിന്റെ സാംസ്കാരിക മൂല്യച്യുതിക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനവരാശിയെ സംസ്കാരസമ്പന്നരാക്കാൻ ദൈവീക ഗ്രന്ഥത്തിന്റെ ആശയങ്ങളെ ആവാഹിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് വിശുദ്ധ ഖുർആന്റെ മാസമായ റമദാൻ ലോകത്തോട് വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് വ്യാപകമാകുന്ന സ്വതന്ത്ര ലൈംഗികതയും വിവിധ തരത്തിലുള്ള ചൂഷണങ്ങളും ബൗദ്ധികമായി നേരിടുന്ന പ്രത്യയശാസ്ത്രമായി ഇസ്ലാം ഉയർന്നുവരുന്ന സാഹചര്യത്തിൽ, അതിനെ തകർക്കാൻ യുക്തിവാദത്തിന്റെ മറവിൽ ഇസ്ലാം വെറുപ്പ് പ്രചരിപ്പിക്കുന്ന എക്സ്-മുസ്ലിങ്ങളുടെ ശ്രമങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നന്മയുടെ ലോകം മതാധിഷ്ഠിതമായ ധാർമിക മൂല്യങ്ങളിൽ പണിതീർത്ത ഇസ്ലാമിന്റെ സന്ദേശങ്ങളാണെന്ന് മാനവരാശിയെ ബോധ്യപ്പെടുത്തുക ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മനുഷ്യനാഗരികതയുടെ എല്ലാ ഘട്ടങ്ങളിലും മാർഗദർശകമായി നിലനിൽക്കുന്ന ഏക ഗ്രന്ഥം വിശുദ്ധ ഖുർആൻ മാത്രമാണെന്ന് തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉനൈസ് പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു. അവതരണകാലം മുതൽ ഇന്നുവരെ ഖുർആൻ അത്ഭുതകരമായ രീതിയിൽ അജയ്യമായി നിലനിൽക്കുന്നതോടൊപ്പം അതിന്റെ വചനങ്ങൾ ധാർമികവും മാനവികവുമാണ്. നിരക്ഷരനായ പ്രവാചകനിലൂടെ ലോകം ശ്രവിച്ച ഖുർആൻ വചനങ്ങൾക്ക് മാനവരാശിയെ പൂർണ്ണമായി സംസ്കരിക്കാനുള്ള ശേഷിയുണ്ടെന്നും, ഈ പരിശുദ്ധ മാസത്തിൽ ഖുർആനുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിപാടിയിൽ ‘ലേൺ ദ ഖുർആൻ’ പരീക്ഷയിൽ വിജയികളായ റുബീന അനസ്, നിഷ അബ്ദു റസാഖ്, ജെനി അൻവർ, ലുബ്ന, ഷാഹിന, നിഫിത നൗഷാദ്, ആമിന വളപ്ര എന്നിവർക്കും വിദ്യാർത്ഥികളിൽ ഫാത്തിമ ഫർഹ, സോയ പുള്ളോട്ട്, ലിബ മൻസൂർ, അമാൽ ഫാത്തിമ, അമാൻ ആഷിഖ്, അമീന ആഷിഖ്, ഷഹീം സിറാജുദ്ദീൻ, ഷെസാ അമീൻ, ആയിഷ, ഷെസാ ഫാത്തിമ, ഷിസാ ഫാത്തിമ എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ശൈഖ് അബ്ദുറഹ്മാൻ യൂസഫ് ഫള്ൽ ആശംസകൾ നേർന്നു. അൽ അബീർ മാർക്കറ്റിംഗ് മാനേജർ ഇമ്രാൻ ചടങ്ങിൽ സംസാരിച്ചു. ജിദ്ദ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.
Tags:
Latest News

