വി കെയർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഫസീലയ്ക്ക് ആദരം; ‘സന്നദ്ധം 2026’ കാരുണ്യത്തിന്റെ സംഗമവേദിയായി
മുക്കം: ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും വി കെയർ ഫൗണ്ടേഷൻ ചെയർപേഴ്സണുമായ ഫസീലയെ 'എന്റെ മുക്കം സന്നദ്ധസേന' ആദരിച്ചു. സംഘടനയുടെ വാർഷിക പരിപാടിയായ ‘സന്നദ്ധം 2026’-ന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ഫസീലയുടെ നിസ്തുലമായ സേവനങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്‌കാരം.
മുക്കം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച സന്നദ്ധ പ്രവർത്തകനുള്ള ഹുസൈൻ കൽപ്പൂർ പുരസ്കാരം എം.ബി. നസീറിന് എം.എൽ.എയും മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദ്‌നിയും ചേർന്ന് സമ്മാനിച്ചു. മുക്കം ടി.വി.എസ് മോട്ടോഴ്സ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് ഷബീർ പുൽപ്പറമ്പിൽ നിന്നും വിജയി ഏറ്റുവാങ്ങി.
സന്നദ്ധപ്രവർത്തനത്തിനൊപ്പം അറിവ് പകരുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന ക്ലാസുകളും പരിപാടിയുടെ ഭാഗമായി നടന്നു. മുക്കം ഫയർ ഓഫീസർ ഷറഫുദ്ധീന്റെ നേതൃത്വത്തിൽ ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പരിശീലന ക്ലാസും, ബി.എൽ.എസ് ട്രെയിനർ ജാബിർ മുക്കത്തിന്റെ നേതൃത്വത്തിൽ എഴുത്തുപരീക്ഷയും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച മറ്റ് സന്നദ്ധ സംഘടനകളെയും സേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
എന്റെ മുക്കം രക്ഷാധികാരി എ.പി. മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം.എ. ഗഫൂർ, മലപ്പുറം ഫയർ ഓഫീസർ ഇ.കെ. അബ്ദുൽ സലീം, സിനി-സീരിയൽ താരം തൽഹത്ത്, എന്റെ മുക്കം ഫൗണ്ടർ സലീം പൊയിലിൽ എന്നിവർ സംസാരിച്ചു.
നഗരസഭാ കൗൺസിലർ റൈനീഷ് നീലാംബരി, പഞ്ചായത്ത് മെമ്പർമാരായ സവാദ് ഇബ്രാഹിം, ജാഫർ വോപ്പ, പാലിയേറ്റീവ് പ്രവർത്തകൻ അബ്ദുൽ ഖാദർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജാബിർ മുക്കം അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ക്കർ സർക്കാർ സ്വാഗതവും ബാബു എള്ളങ്ങൽ നന്ദിയും പറഞ്ഞു. സജീഷ് എള്ളങ്ങൽ, രജീഷ് പെരുമ്പടപ്പ്, സംസീർ മെട്രോ, നിയാസ് അഗസ്ത്യമുഴി, അനി കല്ലട, ഷനോജ് ഉദ്യാനം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
റിപ്പോർട്ടിംഗ് : ആമിന ജിജു
Tags:
Mavoor News




