ബഷീർ മാസ്റ്റർക്ക് ആദരവ് നൽകി വെസ്റ്റ് മാങ്കാവ് കൂട്ടായ്മ.
കോഴിക്കോട് : ഭാരത് സേവക് സമാജം 2026 ലെ ദേശീയ പുരസ്‌കാരം നേടിയ ബഷീർ മാസ്റ്റർക്ക് അദ്ദേഹത്തിന്റെ നാട്ടിലെ വെസ്റ്റ് മാങ്കാവ് കൂട്ടായ്മ ആദരവ് നൽകി.വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ ദീർഘകാലവും സമഗ്രവുമായ സംഭാവനകൾക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്.വെസ്റ്റ് മാങ്കാവ് കൂട്ടായ്മ സംഘടിപ്പിച്ച ആദരവ് പരിപാടിയിൽ മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ ഉപഹാരം നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രദേശത്തെ ഉയർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ചടങ്ങിൽ സ്വീകരണം നൽകി.ചടങ്ങിൽ നസീർ സിറ്റീസൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അയിഷബി പാണ്ടികശാല അനുമോദന പ്രസംഗം നടത്തി. മൻസൂർ മാങ്കാവ്,എം പി ഫൈസൽ, നൗഷാദ് മാങ്കാവ്,അയ്യൂബ് വെസ്റ്റ് മാങ്കാവ്,ഉനൈസ് തിരുവണ്ണൂർ, റഫീഖ് ചുങ്കം എന്നിവർ സംസാരിച്ചു.ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നെല്ലിയോട്ട് ബഷീർ, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങളിലൂടെ സാമൂഹ്യ-സാംസ്കാരിക വിഷയങ്ങൾ ശക്തമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നു.അധ്യാപക സംഘടനാ നേതാവായിരുന്ന ഇദ്ദേഹം നിലവിൽ കേരള റിട്ടയർ ടീച്ചേഴ്‌സ് കോൺഗ്രസ് എന്ന അധ്യാപക കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്.
കഠിനമായ ബാല്യകാല അനുഭവങ്ങളും പഠനം നിർത്തേണ്ടി വന്ന സാഹചര്യങ്ങളും അതിജീവിച്ചാണ് ബഷീർ വിദ്യാഭ്യാസ രംഗത്ത് മുന്നേറിയത്.കാർഷിക സർവകലാശാലയിൽ എൻട്രൻസ് ലഭിച്ചിട്ടും ചേർന്നുപോകാൻ കഴിയാതിരുന്ന അവസ്ഥകൾക്കിടയിലും മെറിറ്റിലൂടെ പഠനം തുടരുകയും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ യൂണിയൻ ഭാരവാഹിയായും കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനിൽ സ്റ്റുഡന്റ്സ് കൗൺസിൽ അംഗമായും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇദ്ദേഹം യൂത്ത് കോൺഗ്രസ് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. കെ പി സി സി മിഷൻ 2025 ന്റെ സംസ്ഥാന റിസോർസ് പേഴ്സൺ ആയിരുന്നു.വീക്ഷണം കോളം റൈറ്റർ,കെ പി സി സി സംസ്കാര സാഹിതി കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ മേഖലകളിൽ സജീവമാണ്.
നാദാപുരം എസ് ഐ എ സി ഉമ്മത്തൂർ സ്കൂളിലൂടെ അധ്യാപനം തുടങ്ങിയ ബഷീർ ദീർഘകാലം എം.എം. ഹൈസ്കൂളിലും അധ്യാപനം നടത്തിയിട്ടുണ്ട്.പഠനം പൂർത്തിയാക്കിയ കിണശ്ശേരി സ്കൂളിൽ പി.എസ്.സി നിയമനത്തിലൂടെ അധ്യാപനായി മാറുകയും തുടർന്ന് കല്ലായി ഗണപത് സ്കൂളിലും സേവനമനുഷ്ഠിച്ചു, തുടർന്നാണ് ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എത്തുന്നത് .കേരളം പനിച്ചൂടിൽ തിളച്ചു മറിയുന്ന കാലത്ത് സ്കൂളിലെ വിദ്യാർത്ഥികൾക്ക് 6 മാസക്കാലത്തെ പഠനനുഭവം നൽകുന്നതിന് തയ്യാറാക്കിയ "എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം" എന്ന പ്രൊജക്റ്റ് കോഴിക്കോട് കോർപറേഷനിലും പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലും രക്ഷിതാക്കളിലും നാട്ടുകാരിലും വൻ ജനപ്രീതി നേടിയിരുന്നു.അന്നത്തെ മേയറായിരുന്ന ശ്രീ തോട്ടത്തിൽ രവീന്ദ്രൻ, കളക്ടർ ശ്രീ യു വി ജോസ് എന്നിവരിൽ നിന്ന് റെക്കോഗനേഷൻ ലഭിച്ചിരുന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന റിപ്പോർട്ട് മാനാഞ്ചിറ സ്ക്വയറിൽ നടന്ന പ്രത്യേക പരിപാടിയിൽ സർക്കാരിന് സമർപ്പിക്കപ്പെട്ടിരുന്നു.
സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലും സംഘടനാ രംഗത്തും നിറസാന്നിധ്യമായ ബഷീർ, ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി, ടാഗോർ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ,ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്ലോബൽ കൾച്ചറൽ സെന്റർ (GCC) പ്രോഗ്രാം കോഡിനേറ്റർ എന്നീ മേഖലകളിലും പ്രവർത്തനനിരതനാണ്.
‘ഗ്രാമിക’, ‘ചൂരൽവടിയുടെ ചൂളംവിളികൾ’ എന്നീ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം, രണ്ട് പുസ്തകങ്ങളുടെ രചനയിലുമാണ്.സ്വദേശത്തും വിദേശത്തുമായി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ബഷീറിന് 2025-ൽ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി.ആർ. അംബേദ്കർ ദേശീയ ഫെലോഷിപ്പ് അവാർഡ്,2024 ലെ അക്ഷശ്രീ അവാർഡ്, കൂടാതെ ആന്ധ്ര സർക്കാരിന്റെ ടാഗോറിന്റെ നാമധേയത്തിലുള്ള രവീന്ദ്രരത്ന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും സാമൂഹിക ബോധവും എഴുത്തിലും പ്രവർത്തനങ്ങളിലും സമന്വയിപ്പിച്ച നെല്ലിയോട്ട് ബഷീറിന് ലഭിച്ച ഭാരത് സേവക് സമാജത്തിന്റെ ദേശീയ പുരസ്‌കാരം, അദ്ദേഹത്തിന്റെ ദീർഘകാല സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി മാറുകയാണ്.
Tags:
Kozhikode News

