വി കെയറും ട്രൂ കെയറും കൈകോർത്തു; ചേവായൂരിൽ സാന്ത്വന സംഗീതവുമായി 'സ്പർശ് 2026'
സംഗീതം സാന്ത്വനമായ് ചേവായൂരിൽ 'സ്പർശ് 2026'; കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണത്തിന് ഹൃദ്യമായ തുടക്കം
ചേവായൂർ ലെപ്രസി ഹോസ്പിറ്റൽ അങ്കണത്തിൽ പാട്ടിന്റെ വസന്തം വിരിയിച്ച് 'സ്പർശ് 2026'. ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി വി കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീതവിരുന്ന് രോഗബാധിതർക്ക് സാന്ത്വനവും ആനന്ദവുമായി മാറി.
കുഷ്ഠരോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം രോഗികളോടുള്ള സാമൂഹിക വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി കെയർ ഫൗണ്ടേഷൻ 'സംഗീത സായാഹ്നം' ഒരുക്കിയത്. ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള മെലഡി കഫെയിലെ പ്രമുഖ ഗായകർ അണിനിരന്നതോടെ ഹോസ്പിറ്റൽ പരിസരം ആഘോഷപൂർണ്ണമായി.
ധർമ്മരാജ് ചെറുവറ്റ, റഹിം കൊടുവള്ളി, റുക്സാന കക്കോടി, മിനി രാജു, ദിവ്യ രാമനാട്ടുകര, സുബൈദ കുന്നമംഗലം, ആഷിക്ക് ഫറോക്ക്, റസിയ കോഴിക്കോട് എന്നീ പ്രമുഖ ഗായകർ ആലപിച്ച ഗാനങ്ങൾ കാണികൾക്ക് നവ്യാനുഭവമായി. വി കെയർ ഫൗണ്ടേഷനിലെ സന്നദ്ധപ്രവർത്തകർ അവതരിപ്പിച്ച ഒപ്പന പരിപാടിയുടെ മാറ്റ് കൂട്ടി. അശരണർക്ക് സ്നേഹവും സംഗീതവും പകർന്നുനൽകി അവരുടെ ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങൾ നിറയ്ക്കുക എന്ന ദൗത്യത്തിലാണ് ഫൗണ്ടേഷൻ സ്പർശ് 2026-ന്റെ ഭാഗമായത്.
ഡർമറ്റോളജി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ അനൂപ് ബാലഗോപാൽ, ഡോക്ടർ ബിജു, ഡോക്ടർ നീതു ഹരിദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആരോഗ്യരംഗത്തെ വിദഗ്ധരുടെ സാന്നിധ്യം പരിപാടിക്ക് ഔദ്യോഗിക പരിവേഷം നൽകി.
വി കെയർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഫസീന, മുഖ്യരക്ഷാധികാരികളായ തൽഹത്ത് കുന്നമംഗലം, ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജു, സുഹ്‌രി മലേഷ്യ, ലൈല, മിനി, അസീസ് തെച്ചാട്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ഈ സംഗമ പരിപാടി ഏറെ മാതൃകാപരമായി.
Tags:
Kozhikode News




