ഒരു സാംസ്കാരികയോഗം (ചെറുകഥ)
രചന : ബാലകൃഷ്ണൻ മൊകേരി
രാവിലെ പത്രം മറിച്ചുനോക്കുകയായിരുന്നു.വായിക്കേണ്ട ആവശ്യമില്ല.രാത്രി ,വൈകുംവരെ ചാനലുകളിൽ വന്ന വാര്‍ത്തയാണ്. പ്രാദേശിക ചരമക്കോളംമാത്രം നോക്കിയാൽ മതിയാകും. അപ്പോഴാണ് സാംസ്കാരികസമിതിയുടെ ജില്ലായോഗത്തിന്റെ അറിയിപ്പു കാണുന്നത്. നമുക്കുപോകണമെന്ന് ദാമോദരൻമാഷ് ഇന്നലെ പറഞ്ഞിരുന്നു. അദ്ദേഹമിപ്പോഴിങ്ങെത്തും.അതിനുമുമ്പേ ഒരുങ്ങിനില്ക്കുന്നതാണ് നല്ലത്.
അഞ്ചുമിനിറ്റിനുള്ളിൽ മാഷ് വന്നു. ബസ്സിൽ കയറി നഗരത്തിലെത്തി. പരിപാടി നടക്കുന്ന ഹാളിലെത്തിയപ്പോള്‍, ആളുകളെത്തിച്ചേരുന്നതേയുള്ളൂ. യൂണിറ്റുഭാരവാഹികള്‍, ഓരോ നോട്ടുപുസ്തകങ്ങളുമായി , അവരവരുടെ യൂണിറ്റിൽനിന്നെത്തിയവരുടെ ഒപ്പു വാങ്ങിക്കുകയാണ്.യാത്രപ്പടിയുണ്ടത്രേ.
പത്തരയായപ്പോഴേക്കും പരിപാടികളാരംഭിച്ചു. സ്വാഗതകാരൻ ജോലിതുടങ്ങി.നാടിന്റെസാംസ്കാരികമൂല്യച്യുതിയെപ്പറ്റിയും,അതിനെതിരെ സാംസ്കാരികസമിതി ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങളെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു.തുടര്‍ന്ന് ഉദ്ഘാടകനും അദ്ധ്യക്ഷനും ആശംസാകാരന്മാര്‍ക്കുമാണ് സ്വാഗതമര്‍പ്പിച്ചത്.ഉദ്ഘാടകനെപ്പറ്റി അദ്ദേഹം പറഞ്ഞതുകേട്ടപ്പോള്‍, ദാമോദരൻമാഷ് എന്നെ തോണ്ടി.
അതുകേട്ടോ ?
ഏത് ?
ഉദ്ഘാടനം ചെയ്യുന്നത്, ബഹുമാന്യനായഎന്റെ സുഹൃത്ത് സുബ്രഹ്മണ്യൻ പോറ്റിയാണെന്നാണദ്ദേഹം പറഞ്ഞത്.
അതിനെന്താ, അതൊരാചാരമല്ലേ? ഞാൻ ചോദിച്ചു.
ബഹുമാന്യൻ എന്നുള്ളത് ആരുടെ വിശേഷണമാണ് ?
അതെന്താ മാഷേ,പോറ്റിയെപ്പറ്റിയല്ലേ അങ്ങനെ പറഞ്ഞത്.
അങ്ങനെ വരണമെങ്കിൽ, എന്റെ എന്ന് ആദ്യം പ്രയോഗിക്കണമായിരുന്നു. എന്റെ ബഹുമാന്യസുഹൃത്ത് എന്ന മട്ടിൽ. ഇതിപ്പോ എന്റെ എന്ന പദത്തിന്റെ വിശേഷണമാണത്. അതായത്, ഞാൻ ബഹുമാന്യനാണെന്ന്.
എന്റെ മാഷേ,കേള്‍ക്കുന്നവര്‍ക്കാര്‍ക്കും അങ്ങനെയൊരു സംശയമുണ്ടാകില്ല.അതൊന്നുമാരും ശ്രദ്ധിക്കപോലുമില്ല.
പക്ഷേ, വേദിയിൽ തെറ്റുകള്‍ സംസാരിക്കാൻ പാടില്ല, മാഷ് പറഞ്ഞു. പ്രസംഗകര്‍ ചെയ്തുവെക്കുന്നൊരു ദ്രോഹമാണിത്.
വിട് മാഷേ, ഇവിടെ ചായ വിതരണമുണ്ട്. അതുകുടിച്ചയുടനെ നമുക്കു പോകാം.
ശരി, മാഷ് മുറുമുറുത്തുകൊണ്ട് പറഞ്ഞു.അദ്ദേഹമങ്ങനെയാണ്. എന്തും പെര്‍ഫക്റ്റാവണം.ഇല്ലെങ്കിൽ, പ്രശ്നമുണ്ടാക്കും.
ഞങ്ങളുടെ സംഭാഷണത്തിനിടയിൽ, സ്വാഗതം കഴിഞ്ഞ്, അദ്ധ്യക്ഷന്റെ അനുവാദത്തോടെ ഉദ്ഘാടകൻ മൈക്കുപിടിച്ചിരുന്നു. അദ്ദേഹം സദസ്യരെനോക്കി പുഞ്ചിരിച്ചു. അദ്ദേഹം പറഞ്ഞു :
എന്റെ ആത്മ സുഹൃത്താണ് സ്വാഗതകാരൻ ശ്രീ...
ഇത്രയും പറഞ്ഞ് ഒരു നിശ്ശബ്ദതവന്നപ്പോള്‍ ഞങ്ങളദ്ദേഹത്തെ നോക്കി. മൂപ്പരാകട്ടെ, സ്വാഗതകാരനായ ആത്മസുഹൃത്തിന്റെ പേരിനായി നോട്ടീസിൽ പരതുകയായിരുന്നു
വാടാ,എണീക്ക്, ദാമോദരൻമാഷ് എണീറ്റുനിന്ന് എന്നെ വിളിച്ചു. നമുക്കുപോകാം.
മാഷേ, ചായ
നിനക്കു ചായ ഞാൻ വാങ്ങിത്തരാം. അദ്ദേഹം എന്റെ കൈപിടിച്ച് പുറത്തേക്കു നടന്നു.
ഭാഗ്യം, ആരും ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.എന്തിന്,
പ്രസംഗംപോലും ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.ഇതും ഒരു യോഗംതന്നെയാവണം.ദാമോദരൻ
മാഷിന്റെ പിന്നാലെ നടക്കുമ്പോള്‍ ആലോചിക്കയായിരുന്നു ഞാൻ .
Tags:
Articles
