കാൽ നൂറ്റാണ്ടിൽ നാം പഠിച്ചതും പഠിപ്പിച്ചതും
നെല്ലിയോട്ട് ബഷീർ
മനുഷ്യസമൂഹം ഒരു ദീർഘശ്വാസം എടുക്കുന്ന അവസ്ഥയിലേക്ക് എത്തി പെട്ടിരിക്കുന്നു ഈ നൂറ്റാണ്ട് ക്വാർട്ടർ പിന്നിടുകയാണ്. ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ അപൂർവമായ വേഗതയിൽ സംഭവിച്ച മാറ്റങ്ങൾ ഈ കാലഘട്ടത്തെ വ്യത്യസ്തമാക്കുന്നു. സാങ്കേതിക വിദ്യയുടെ കുതിപ്പ്, ആഗോള രാഷ്ട്രീയത്തിന്റെ തിരിഞ്ഞോടൽ, സാമ്പത്തിക സംവിധാനങ്ങളുടെ പുനർനിർവചനം, മനുഷ്യബന്ധങ്ങളുടെ സ്വഭാവമാറ്റം,എല്ലാം ചേർന്ന ഒരു കാലത്തിന്റെ കഥയാണ് ഇത്. എന്നാൽ ഈ കുതിപ്പിനൊപ്പം തന്നെ മനുഷ്യൻ അനുഭവിച്ച കിതപ്പുകളും ചെറുതല്ല. പുരോഗതിയുടെ വെളിച്ചം എത്രത്തോളം പ്രകാശിച്ചുവോ, അത്രത്തോളം നീളമുള്ള നിഴലുകളും ഈ കാലം നമുക്ക് സൃഷ്ടിച്ചിട്ടുണ്ട്.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ലോകം മറ്റൊരു താളത്തിലായിരുന്നു. മൊബൈൽ ഫോൺ ഒരു ആഡംബരമായി കണക്കാക്കിയ കാലം, ഇന്റർനെറ്റ് അപൂർവമായി ഉപയോഗിച്ചിരുന്ന സമൂഹം, വാർത്തകൾ അടുത്ത ദിവസം പത്രത്തിൽ വായിച്ചിരുന്ന ശീലം,ഇവയെല്ലാം അത്ര അകലെയല്ലാത്ത ഭൂതകാലം.എന്നാൽ ഇന്ന് കൈവിരലുകൾക്കിടയിൽ ലോകം ഒതുങ്ങിയിരിക്കുന്നു.ഒരു ക്ലിക്കിലൂടെ ഭൂഖണ്ഡങ്ങൾ കടന്നുപോകുന്ന വിവരപ്രവാഹം മനുഷ്യനെ അതിവേഗത്തിന്റെ യാത്രക്കാരനാക്കി.ഈ വേഗം പുതിയ അവസരങ്ങൾ തുറന്നുവെച്ചപ്പോൾ, ഒരേസമയം മനുഷ്യനെ ശ്വാസമെടുക്കാൻ പോലും സമയം ലഭിക്കാത്ത മത്സരത്തിലേക്കും തള്ളിയിട്ടിരിക്കുന്നു.
സാങ്കേതിക രംഗത്തെ കുതിപ്പ് ഈ കാലഘട്ടത്തിന്റെ മുഖമുദ്രയാണ്.ഡിജിറ്റൽ വിപ്ലവം തൊഴിൽമേഖലകളെ പുനഃസംഘടിപ്പിച്ചു. ഓഫിസുകൾ വീടുകളിലേക്ക് മാറി, യോഗങ്ങൾ സ്ക്രീനുകളിലൊതുങ്ങി, വിദ്യാഭ്യാസം ക്ലാസ് മുറികളുടെ ചുമരുകൾ തകർത്ത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് കടന്നു.കൃത്രിമബുദ്ധി, ഡാറ്റാ വിശകലനം, ഓട്ടോമേഷൻ എന്നിവ മനുഷ്യന്റെ ബുദ്ധിശക്തിയോട് മത്സരിക്കുന്ന ഘട്ടത്തിലേക്ക് എത്തി. ഇതോടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിച്ചെങ്കിലും, തൊഴിൽസുരക്ഷയെന്ന ആശങ്കയും മനുഷ്യപ്രാധാന്യമെന്ന ചോദ്യവും ഒരുമിച്ച് ഉയർന്നു.
സാങ്കേതിക പുരോഗതിയോട് ചേർന്നാണ് ആഗോളീകരണത്തിന്റെ വേഗവും വർധിച്ചത്. വിപണികൾ അതിർത്തികൾ മറികടന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക ചലനം മറ്റൊരിടത്തെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന അവസ്ഥയായി. ഉപഭോക്തൃസംസ്കാരം ശക്തിപ്പെട്ടു; ബ്രാൻഡുകളും പരസ്യങ്ങളും മനുഷ്യന്റെ ആഗ്രഹങ്ങളെ നയിക്കാൻ തുടങ്ങി. എന്നാൽ ആഗോള വിപണിയുടെ ഈ കുതിപ്പ് അസമത്വങ്ങളും ആഴപ്പെടുത്തി.സമ്പത്ത് കുറച്ച് കൈകളിൽ കേന്ദ്രീകരിക്കപ്പെട്ടപ്പോൾ, വലിയൊരു വിഭാഗം ജീവിതച്ചെലവിന്റെ കിതപ്പിൽ അമർന്നു.
രാഷ്ട്രീയ രംഗവും ഈ കാൽ നൂറ്റാണ്ടിൽ സമാനമായ അസ്ഥിരതകൾ കണ്ടു. ജനാധിപത്യ മൂല്യങ്ങൾ പല ഇടങ്ങളിലും വെല്ലുവിളിക്കപ്പെട്ടു. സോഷ്യൽ മീഡിയ അഭിപ്രായസ്വാതന്ത്ര്യത്തിന് പുതിയ വേദിയായപ്പോൾ, അതേ സമയം വ്യാജവാർത്തകളും വിദ്വേഷപ്രചാരണങ്ങളും വ്യാപകമായി. രാഷ്ട്രീയം വികാരങ്ങളുടെ കളമായി മാറി; സംവാദങ്ങൾക്കുപകരം സംഘർഷങ്ങൾ മുൻനിരയിലെത്തി. ജനാധിപത്യത്തിന്റെ ശബ്ദം പലപ്പോഴും ആൾക്കൂട്ടത്തിന്റെ ശബ്ദത്തിൽ മറഞ്ഞു.
ആഗോളതലത്തിൽ യുദ്ധങ്ങളും സംഘർഷങ്ങളും മനുഷ്യസമൂഹത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു.ഭീകരവാദം, അഭയാർഥി പ്രതിസന്ധികൾ, അതിർത്തിവിവാദങ്ങൾ ഇവയെല്ലാം മനുഷ്യാവകാശങ്ങളുടെ ചോദ്യങ്ങൾ ശക്തമാക്കി. സമാധാനത്തിന്റെ ഭാഷ പറയുമ്പോഴും ലോകം ആയുധശേഖരണത്തിൽ മടിച്ചില്ല. ഈ വൈരുധ്യം തന്നെ ഈ കാലത്തിന്റെ പ്രധാന കിതപ്പായിരുന്നു.
സാമ്പത്തിക രംഗത്ത് വളർച്ചയും തകർച്ചയും കൈകോർത്തുനടന്നു. ചില രാജ്യങ്ങൾ അതിവേഗ വികസനം കൈവരിച്ചപ്പോൾ, മറ്റുചിലർ കടബാധ്യതയിലും തൊഴിലില്ലായ്മയിലും കുടുങ്ങി. ആഗോള സാമ്പത്തിക മാന്ദ്യങ്ങൾ സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിച്ചു. വിലക്കയറ്റം, നാണയ മൂല്യത്തകർച്ച, തൊഴിൽ അനിശ്ചിതത്വം,ഇവയെല്ലാം കുടുംബങ്ങളിലെ ദൈനംദിന ചർച്ചാവിഷയങ്ങളായി. സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ് അക്കങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ, ജീവിതത്തിന്റെ യാഥാർത്ഥ്യം പലർക്കും കണക്കു കൂട്ടാനായില്ല.
പരിസ്ഥിതി പ്രശ്നങ്ങൾ ഈ കാൽ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ മുന്നറിയിപ്പുകളിലൊന്നായിരുന്നു. കാലാവസ്ഥാ വ്യതിയാനം ശാസ്ത്രീയ റിപ്പോർട്ടുകളിൽ നിന്ന് മനുഷ്യജീവിതത്തിന്റെ അനുഭവങ്ങളിലേക്കിറങ്ങി. അതിതീവ്രമഴ, വരൾച്ച, ചൂട് തരംഗങ്ങൾ, കടൽനിരപ്പ് ഉയരുന്ന പ്രതിഭാസം ഇവ വാർത്തകളായല്ല, ദിനചര്യയിലെ യാഥാർത്ഥ്യങ്ങളായി മാറി. വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ വില മനുഷ്യൻ തിരിച്ചടക്കാൻ തുടങ്ങി. പ്രകൃതിയോടുള്ള ബന്ധം നഷ്ടപ്പെട്ട മനുഷ്യൻ, അതിന്റെ പ്രതികാരശബ്ദം കേട്ട് വിറങ്ങലിച്ചു.
സാമൂഹിക ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി. കുടുംബഘടനകൾ മാറി, ബന്ധങ്ങളുടെ രൂപം പുനർവ്യാഖ്യാനിക്കപ്പെട്ടു. സാമൂഹ്യമാധ്യമങ്ങൾ മനുഷ്യനെ ഒരേസമയം കൂടുതൽ ബന്ധിപ്പിക്കുകയും കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്തു. ആയിരക്കണക്കിന് സുഹൃത്തുക്കൾ ഓൺലൈനിൽ ഉണ്ടായിട്ടും, യഥാർത്ഥ സംവാദത്തിന്റെ അസാന്നിധ്യം അനുഭവപ്പെടുന്ന അവസ്ഥ സംജാതമായി. മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുവെക്കപ്പെടാൻ തുടങ്ങിയെങ്കിലും, അതിന്റെ ഭാരം കുറയുന്നതു കണ്ടില്ല. സമ്മർദ്ദം, ആശങ്ക, ഏകാന്തത,ഇവ ഈ കാലത്തിന്റെ നിശ്ശബ്ദ കിതപ്പുകൾ തന്നെയാണ്.
വിദ്യാഭ്യാസ രംഗം അറിവിന്റെ അതിരുകൾ വ്യാപിപ്പിച്ചെങ്കിലും, മത്സരത്തിന്റെ ഭാരം കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ കനത്ത സമ്മർദ്ദം സൃഷ്ടിച്ചു. വിജയം ഒരു അളവുകോലായി മാറി; പരാജയം സാമൂഹിക അപമാനമായി ചിത്രീകരിക്കപ്പെട്ടു. പരീക്ഷകളും റാങ്കുകളും ജീവിതമൂല്യങ്ങളെ നിർവചിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. അറിവിനേക്കാൾ നേട്ടമുള്ള ഒരു സംസ്കാരം വളർന്നുവന്നു, അഭിരുചി വികസനത്തിനുള്ള സാധ്യതകൾ കണ്ടെത്തി.
ആരോഗ്യരംഗത്ത് ശാസ്ത്രം അത്ഭുതങ്ങൾ സൃഷ്ടിച്ച കാലം കൂടിയാണിത്. രോഗനിർണയവും ചികിത്സയും കൂടുതൽ കൃത്യമായി. എന്നാൽ ആഗോള മഹാമാരി മനുഷ്യനെ വീണ്ടും ഓർമ്മിപ്പിച്ചു.എല്ലാ സാങ്കേതിക പുരോഗതിക്കും അതീതമായി മനുഷ്യൻ നിസ്സഹായനാകാമെന്ന്,കോവിഡ് കാലം ലോകത്തെ ഒരേ സമയം നിശ്ശബ്ദമാക്കി, ഒരേ സമയം ചിന്തിപ്പിക്കുകയും ചെയ്തു.പുറത്തേക്ക് പോകാൻ വാളോങ്ങിയ കൈകൾ തന്നെ അകത്ത് തന്നെ കഴിഞ്ഞു കൂടണമെന്ന് നിർദ്ദേശം നൽകുന്ന കാഴ്ച നാം കണ്ടു.ആരോഗ്യം, പൊതുസുരക്ഷ, സാമൂഹിക ഉത്തരവാദിത്വം ഇവയെക്കുറിച്ചുള്ള അവബോധം നിർവചിക്കപ്പെട്ടു,എന്നാൽ അതിനൊപ്പം നഷ്ടങ്ങളും വേദനകളും മായാതെ തുടർന്നുകൊണ്ടേയിരുന്നു.
സാംസ്‌കാരിക രംഗത്ത് ഈ കാലം വൈവിധ്യത്തിന്റെ ഉത്സവമാണ്. ഭാഷകളും കലാരൂപങ്ങളും അതിർത്തികൾ കടന്നു. എന്നാൽ ആഗോള സംസ്കാരത്തിന്റെ ആധിപത്യം പ്രാദേശികതയെ ചിലപ്പോഴെങ്കിലും പിന്നിലേക്ക് തള്ളി. സ്വന്തം വേരുകളെ സംരക്ഷിക്കണമെന്ന ആഗ്രഹവും ആധുനികതയോട് ചേർന്ന് നിൽക്കണമെന്ന ആകാംക്ഷയും തമ്മിലുള്ള സംഘർഷം സമൂഹത്തിൽ പ്രകടമായി.
ഈ കാൽ നൂറ്റാണ്ട് നമ്മെ പഠിപ്പിച്ച ഒരു സത്യമുണ്ട്, വേഗതയല്ല പുരോഗതി,കുതിപ്പ് ആവശ്യമാണ്,പക്ഷേ അതിനൊപ്പം ശ്വാസമെടുക്കാനുള്ള ഇടവുംകൂടി വേണം. മനുഷ്യനെ കേന്ദ്രത്തിലാക്കി മാത്രമേ വികസനം അർത്ഥവത്താകൂ. സാങ്കേതിക വിദ്യ ഉപകരണമാകണം, അധിപനാകരുത്. സമ്പദ്‌വ്യവസ്ഥ മനുഷ്യസുഖത്തിനാവണം, മനുഷ്യൻ അതിന്റെ അടിമയാകരുത്.
മുന്നോട്ട് നോക്കുമ്പോൾ അടുത്ത കാൽ നൂറ്റാണ്ട് കൂടുതൽ വെല്ലുവിളികളുടെയും സാധ്യതകളുടെയും കാലമായിരിക്കും. കാലാവസ്ഥാ പ്രതിസന്ധി,ജനസംഖ്യാ മാറ്റങ്ങൾ,ഇവയെല്ലാം നയതന്ത്രവും മാനവികതയും ഒരുപോലെ ആവശ്യപ്പെടുന്ന വിഷയങ്ങളാണ്. ഈ കാലഘട്ടത്തിൽ നിന്ന് നമ്മൾ ഉൾക്കൊള്ളേണ്ട പാഠം വ്യക്തമാണ്: കുതിപ്പിനൊപ്പം കിതപ്പിന്റെ ശബ്ദം കേൾക്കാനും അതിന് പരിഹാരങ്ങൾ കണ്ടെത്താനും നമ്മൾ തയ്യാറാകണം.
വരാനിരിക്കുന്ന നാളുകൾ നിർണായകമായിരിക്കുമെന്നാണ് സൂചനകൾ. സാങ്കേതികവിദ്യയുടെ വളർച്ച കൂടുതൽ ആഴത്തിലേക്കും വ്യാപ്തിയിലേക്കും പോകും.കൃത്രിമ ബുദ്ധി മനുഷ്യന്റെ ദൈനംദിനജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് എത്തും. ചികിത്സ, വിദ്യാഭ്യാസം, ഭരണകൂടം, നിയമം,എല്ലാ മേഖലകളിലും എഐ നിർണായക പങ്കുവഹിക്കും. അതിനൊപ്പം തന്നെ മനുഷ്യന്റെ തീരുമാനസ്വാതന്ത്ര്യം എത്രമാത്രം നിലനിൽക്കും എന്ന ചോദ്യവും ശക്തമാകും.
തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പല പരമ്പരാഗത ജോലികളും ഇല്ലാതാകാൻ സാധ്യതയുണ്ട്. എന്നാൽ അതിനൊപ്പം പുതിയ തൊഴിൽമേഖലകളും സൃ ഷ്ടിക്കപ്പെടും. മനുഷ്യന്റെ സൃഷ്ടിപരത, വികാരബുദ്ധി, നൈതികബോധം,ഇവയെ ആധാരമാക്കിയ ജോലികൾക്ക് കൂടുതൽ മൂല്യം ലഭിക്കും. ജീവിതകാലം മുഴുവൻ പഠനം എന്ന ആശയം അനിവാര്യമായിത്തീരും.
ആരോഗ്യരംഗത്ത് വ്യക്തിഗത ചികിത്സ സാധാരണയാകും. ജീനുകളുടെ അടിസ്ഥാനത്തിൽ ചികിത്സയും പ്രതിരോധവും രൂപപ്പെടും. മനുഷ്യന്റെ ആയുസുകൂടി നീളാൻ സാധ്യതയുണ്ട്. എന്നാൽ ആരോഗ്യസൗകര്യങ്ങളിലെ അസമത്വം വലിയൊരു വെല്ലുവിളിയായി തുടരും. മാനസികാരോഗ്യം സാമൂഹികനയങ്ങളുടെ കേന്ദ്രത്തിലേക്ക് എത്തും.
പരിസ്ഥിതി വിഷയങ്ങൾ അടുത്ത ഇരുപത്തിയഞ്ചു വർഷങ്ങളിൽ മനുഷ്യരാശിയുടെ ഭാവി നിർണ്ണയിക്കുന്ന ഘടകമാകമായി മാറും. കാർബൺ ഉപഭോഗം കുറയ്ക്കുന്നതിൽ ലോകം പരാജയപ്പെട്ടാൽ ദുരന്തങ്ങൾ വർധിക്കും. വിജയിച്ചാൽ തന്നെ വികസനത്തിന്റെ പുതിയ മാതൃകകൾ രൂപപ്പെടും. പുനരുപയോഗ ഊർജ്ജവും പരിസ്ഥിതി സൗഹൃദ ജീവിതശൈലികളും കൈവരിക്കും.
രാഷ്ട്രീയരംഗത്ത് ജനാധിപത്യം പുതിയ പരീക്ഷണങ്ങൾ നേരിടും. ഡിജിറ്റൽ ജനാധിപത്യം, നേരിട്ടുള്ള പങ്കാളിത്തം,അതിനൊപ്പം സംസ്ഥാനങ്ങൾ നേരിടുന്ന ഭീഷണി ഇവ ഒരുമിച്ച് മുന്നോട്ടു പോകാനാണ് സാധ്യത.ജനങ്ങളുടെ ബോധവൽക്കരണവും സജീവപങ്കാളിത്തവുംകൂടി ഇല്ലെങ്കിൽ അധികാരം കൂടുതൽ കേന്ദ്രീകരിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുകയും തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ള രാഷ്ട്രീയമായി മാറുകയും ചെയ്യും.
മനുഷ്യബന്ധങ്ങൾ അടുത്ത കാൽ നൂറ്റാണ്ടിൽ കൂടുതൽ സങ്കീർണ്ണമാകും. വിർച്വൽ ലോകങ്ങളും യഥാർത്ഥ ലോകവും ചേർന്ന ജീവിതമാകും സാധ്യമാകുക. ഒറ്റപ്പെടലും ബന്ധങ്ങളുടെ പുതിയ രൂപങ്ങളും ഒരുമിച്ച് വളരും. മനുഷ്യസ്നേഹവും കരുണയും സാങ്കേതിക ലോകത്ത് എങ്ങനെ നിലനിർത്താനാവുമെന്ന ഏറ്റവും വലിയ ചോദ്യം ഈ കാലത്ത് നിഴലിച്ച് നിൽക്കും.
വർഷങ്ങൾ പോയതറിയാതെയുള്ള തീരുമാനങ്ങളുടെ കാലമായിരിക്കുംവരാനിരിക്കുന്നത്. നാം തെരഞ്ഞെടുത്ത വഴികൾ തിരുത്തുകയോ തുടരുകയോ ചെയ്യുന്ന ഘട്ടമായിരിക്കും അത്. സാങ്കേതികവിദ്യ മനുഷ്യനെ സേവിക്കുന്ന ലോകമാകുമോ, മനുഷ്യൻ യന്ത്രങ്ങൾക്ക് കീഴടങ്ങുന്ന ലോകമാകുമോ എന്നത് നമ്മുടെ ഇന്നത്തെ തെരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. ചരിത്രം വീണ്ടും നമ്മെ ചോദ്യം ചെയ്തേക്കാം,നാം പുരോഗതിയെ മനുഷ്യസ്നേഹത്തോടെ ചേർത്തോ, അതോ അതിനെ മറന്നോ എന്നതിനെ ആശ്രയിച്ചിരിക്കും ഭാവി നിലനിൽക്കുന്നത്.
ഒരു ചോദ്യംകൂടി മുന്നോട്ടു വെക്കാവുന്നതാണ്,നാം എവിടേക്കാണ് ഓടുന്നത്?എന്തിനാണിത്ര വേഗത? ഉത്തരങ്ങൾ ഇനിയും പൂർണ്ണമായി രൂപപ്പെടാത്തതായിരിക്കാം......പക്ഷേ ഒരു കാര്യം ഉറപ്പാണ്: മനുഷ്യൻ തന്റെ മാനുഷികത കൈവിടാതെ മുന്നോട്ട് പോയാൽ മാത്രമേ ശരിയായ കുതിപ്പ് പുരോഗതിയായി കാണാൻ പറ്റൂ; ഇല്ലെങ്കിൽ അത് കിതപ്പായിത്തന്നെമാറും. ഈ തിരിച്ചറിവ് തന്നെയാണ് ഈ കാലം നമുക്കു തരുന്ന വലിയ പാഠം.
ഭാവിയിലേക്ക് നോക്കുമ്പോൾ ഈ കാൽ നൂറ്റാണ്ട് ഒരു അടിത്തറയായി മാറുമോ, അല്ലെങ്കിൽ നഷ്ടപ്പെട്ട അവസരങ്ങളുടെ ഓർമ്മയായി മാറുമോ എന്നത് നമ്മുടെ ഇന്നത്തെ തീരുമാനങ്ങളിൽ ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ കരുണയും ബുദ്ധിയും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് സാങ്കേതികവിദ്യയുടെയും വികസനത്തിന്റെയും യഥാർത്ഥ അർത്ഥം കൈവരിക്കുക. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ശേഷിക്കുന്ന വർഷങ്ങൾ മനുഷ്യകേന്ദ്രിതമായ ഒരു ലോകം നിർമ്മിക്കാൻ കഴിയുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്.
കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ നാം നിൽക്കുന്നത് ഒരു വഴിത്തിരിവിലാണെന്ന് നാം തിരിച്ചറിയുന്നു. പിന്നിൽ നാം പഠിച്ച പാഠങ്ങൾ, മുന്നിൽ നാം നിർമ്മിക്കേണ്ട ഭാവി. ചരിത്രം നമ്മെ വിലയിരുത്തുക,നാം എത്ര വേഗം മുന്നേറി എന്നതു നോക്കിയല്ല, എത്ര മനുഷ്യസ്നേഹത്തോടെ മുന്നേറി എന്നതിലൂടെയായിരിക്കും. ഈ ബോധ്യത്തോടെ മുന്നോട്ട് പോകുമ്പോഴാണ് ഇരുപത്തിഒന്നാം നൂറ്റാണ്ട് യഥാർത്ഥത്തിൽ മനുഷ്യരാശിയുടെ നൂറ്റാണ്ടായി മാറുക.
Tags:
Articles
