ചാലുമ്പാട്ടിൽ കുടുംബ സംഗമം 'ഫാമിലി ഡേ' മൂന്നാം പതിപ്പ് ആവേശമായി
കൊടുവള്ളി: ചാലുമ്പാട്ടിൽ കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ 'ഫാമിലി ഡേ' മൂന്നാം പതിപ്പ് കൊടുവള്ളി ഹിൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് ഉജ്ജ്വലമായി നടന്നു. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതുതലമുറയ്ക്ക് പൂർവികരെ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച സംഗമത്തിൽ നൂറുകണക്കിന് കുടുംബാംഗങ്ങൾ പങ്കെടുത്തു.
കുടുംബത്തിലെ മുതിർന്ന അംഗം സി.പി. അബൂബക്കർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷൻ ഉമ്മർ വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ ഹസൻ സഖാഫി മുഴാപ്പാലം കുടുംബത്തിലെ പൂർവികരെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. ഹുസൈൻ മുസ്‌ലിയാർ മലയമ്മ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ അഷ്‌റഫ് അരയൻകോട് സ്വാഗതവും നവാസ് കുതിരാടം നന്ദിയും രേഖപ്പെടുത്തി.
ആദരിക്കലും കരിയർ സെഷനും
കുടുംബത്തിൻ്റെ അഭിമാനമായി മാറിയ പ്രമുഖ വ്യവസായ സ്ഥാപനങ്ങളായ Remex International, FoamExo എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാരായ മുഹമ്മദ് ചിറ്റടി, സുബൈർ സി.പി. എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. കൂടാതെ, പരിപാടികൾ മികച്ച രീതിയിൽ ചിട്ടപ്പെടുത്തിയ കോർഡിനേറ്റർ ജമാൽ അക്കരത്തൊടിയെയും കുടുംബം പ്രത്യേകമായി ആദരിച്ചു.
തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ 'കരിയർ പാരന്റിംഗ്' എന്ന വിഷയത്തിൽ പ്രശസ്ത ട്രെയിനർ അബ്ദുസമദ് യൂണിവേഴ്സിറ്റി സംസാരിച്ചു. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ആരോഗ്യ ക്യാമ്പ്
ഫാമിലി ഡേയോടനുബന്ധിച്ച് കുടുംബാംഗങ്ങൾക്കായി ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു. ഡോ. ആദിൽ, ഹംന ഷെറിൻ, അമീന പി., ജാഫ്ന, സുഹനാസ്, മുഹ്സിന കെ.എൻ., ഫർഹാൻ എ.ടി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കുടുംബത്തിലെ കൊച്ചു കൂട്ടുകാരുടെ വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് മൂന്നാം പതിപ്പ് സമാപിച്ചത്.
Tags:
Kunnamangalam News

