ലഹരിയെ അകറ്റാൻ സംഗീതലഹരി: 'സംസ്കാര'പെരുവയൽ പ്രചാരണ പരിപാടിക്ക് തുടക്കമായി!
പെരുവയൽ: കേരള സർക്കാരിൻ്റെ മയക്കുമരുന്നിനെതിരെയുള്ള ക്യാമ്പയിൻ ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ 'സംസ്കാര'പെരുവയലിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കമായി. "രാസലഹരിക്കെതിരെ സംഗീതലഹരി" എന്ന പേരിലുള്ള ഈ പ്രചരണ പരിപാടിയുടെ ഉദ്ഘാടനം ബഹു: പറവൂർ അഡീഷണൽ ജില്ലാ ജഡ്ജ് എം.പി ജയരാജൻ നിർവ്വഹിച്ചു.
കുടുംബശ്രീ അംഗങ്ങളുടെയും വനിതാ യുവജന പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ താഴെത്തട്ടിൽ നിന്ന് ബോധവത്കരണം നടത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുകളിൽ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ശിഥിലമാകുന്നതാണ് കുട്ടികൾ പുറത്ത് ലഹരി മാഫിയകളുടെ വലയിൽ അകപ്പെടാൻ പ്രധാന കാരണമെന്നും, സമൂഹം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഈ വിപത്തിനെ തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂവെന്നും ജഡ്ജ് എം.പി ജയരാജൻ അഭിപ്രായപ്പെട്ടു. സർക്കാർ ഏജൻസികൾ മാത്രം വിചാരിച്ചാൽ ഇതിന് അറുതി വരുത്താൻ കഴിയില്ലെന്നും, സന്നദ്ധ സാംസ്കാരിക സംഘടനകളുടെ ഇടപെടൽ ഇക്കാര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
പരിപാടിയിൽ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. ഗിരീഷ് മുഖ്യഭാഷണം നടത്തി. വിമുക്തി കോർഡിനേറ്ററും ഫറോക്ക് അസി. എക്സൈസ് ഇൻസ്പെക്ടറുമായ റഷീദ്, ക്ലബ്ബ് പ്രസിഡൻ്റ് ബാബുരാജൻ പാറമ്മൽ, സെക്രട്ടറി രാജീവ്. ഡി.കെ., ശിവദാസൻ കെ.ടി. എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തിന് ശേഷം സജിത രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രാദേശിക ഗായകർ അവതരിപ്പിച്ച ഗാനമേള അരങ്ങേറി.
ഈ അവസരത്തിൽ സംഘടനയ്ക്ക് വിദേശമലയാളിയും പെരുവയൽ സ്വദേശിയുമായ ജേക്കബ്ബ് സാമുവൽ സംഭാവന നൽകിയ മൈക്ക് സെറ്റ് ജില്ലാ ജഡ്ജ് എം.പി ജയരാജൻ 'സംസ്കാര' ഭാരവാഹികൾക്ക് കൈമാറി.
Tags:
Peruvayal News
