എസ് ഐ ആർ - വേഷം മാറിയെത്തുന്ന പൗരത്വ പരിശോധനയോ?
നെല്ലിയോട്ട് ബഷീർ
ജനങ്ങൾ ആശങ്കയിലാണ്, എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് അവർ.എസ് ഐ ആർ കേരളത്തിലും അവതരിച്ചിരിക്കുന്നു. ബിഹാറിലെ വെട്ടിമാറ്റലുകൾക്കു ശേഷമാണ് ഇയാൾ കേരളത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.കൊള്ളണോ തള്ളണോ എന്ന ചിന്തയിൽ നിന്നും കരകേറാനാകാത്ത അവസ്ഥയിലാണ് കേരളീയ സമൂഹം.2002ൽ ആണത്രേ വോട്ടർപ്പട്ടിക ശുദ്ധീകരണ പ്രക്രിയ നടന്നത്.കഴിഞ്ഞ 23 വർഷക്കാലം ഇത്തരത്തിലുള്ള പരിഷ്കരണമൊന്നും വേണ്ടതില്ലായ്രുന്നോ? എന്താണ് എസ് ഐ ആർ,എന്തിനു വേണ്ടിയാണ് എസ് ഐ ആർ, പാവം സാധാരണ ജനങ്ങൾക്ക് ഇതൊന്നും അറിയില്ല. സമൂഹത്തിനിടയിൽ പാനിക്ക് സൃഷ്ടിച്ച് നേട്ടം കൊയ്യാനാണോ ഇവർ ശ്രമിക്കുന്നത്. ഇയാളെ കാണുമ്പോൾ ജനങ്ങൾ ഭയപ്പെടുകയാണ്,വേഷം മാറിയെത്തുന്ന പൗരത്വ പരിശോധനയായി അവർക്ക് അനുഭവപ്പെടുന്നു.
2019 ൽ മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന ഉടനെയാണ് രാജ്യത്തുടനീളം കോവിഡ് എന്ന മഹാമാരി പടർന്നു പിടിച്ചത്.രാജ്യത്താകെ ഈ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ അലയടിച്ചു. തുടർഭരണം ലഭിച്ച മോദിയ്ക്ക് അറിയാമായിരുന്നു ഈ വിഷയത്തിൽ പെട്ടെന്ന് എടുത്തു ചാടുക ബുദ്ധിയല്ലെന്ന്,ഘട്ടം ഘട്ടമായി മുന്നോട്ടു പോകുന്നതാണ് ഉചിതം എന്നവർ തിരിച്ചറിഞ്ഞു. മാത്രമല്ല അസമിലെ പൗരത്വ പട്ടിക സുപ്രീംകോടതിയിൽ അറ്റമില്ലാത്ത നിയമ യുദ്ധങ്ങൾക്ക് വഴിയൊരുക്കുകയും പലവിധ പ്രശ്നങ്ങൾ ഉയർന്നുവരികയും ചെയ്തത് ഫയലിലുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ എൻ ആർ സി എന്ന തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ഇനിയൊരവസരം കാത്തിരിക്കുകയായിരുന്നു ബി ജെ പി യും ആർ എസ് എസും. അങ്ങനെ സർക്കാർ കണ്ടെത്തിയ ഉപായമാണ് എസ് ഐ ആർ,അഭ്യന്തര മന്ത്രാലയം ചെയ്യേണ്ട ജോലി തെരെഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് ചെയ്യിക്കുന്നു എന്ന് മാത്രം.
നമ്മൾ ശ്രദ്ധിച്ചു കാണേണ്ട അവസ്ഥ തെരെഞ്ഞെടുപ്പുകൾ കടന്നുവരുന്ന സംസ്ഥാനത്തിലൂടെയാണ് ഇയാൾ കടന്നുപോകുന്നത് എന്നാണ്.മുൻപ് എൻ ആർ സി ക്ക് ഉപയോഗിച്ച ടൂളുകൾ തന്നെയാണ് ഇന്ന് നമ്മുടെ മുന്നിലൂടെ നടന്നുനീങ്ങുന്ന എസ് ഐ ആറിനും ബാധകമാക്കിയിരിക്കുന്നത്.പൗരത്വ നിയമ ഭേദഗതി പാസ്റ്റാക്കിക്കഴിഞ്ഞ രാജ്യത്ത് മെല്ലെ മെല്ലെ പൗരത്വപ്പട്ടിക തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിലൂടെ മാത്രമേ തങ്ങൾക്കിഷ്ടമില്ലാത്തവരുടെ പൗരത്വം നിഷേധിക്കാനാവൂ. ഈ ശുദ്ധികരണ പ്രക്രിയയിൽ അവർ സംശയാസ്പദ വോട്ടറെ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത് എന്നാണ് പറയുന്നത്.പട്ടികയിൽ പേരുണ്ടെങ്കിലും വോട്ടില്ലാ വോട്ടർമാരായി അവർ മാറും.സംശയാസ്പദ വോട്ടർമാർക്കെല്ലാം തന്റെ പൗരത്വം തെളിയിക്കേണ്ടതായി വരും തീർച്ച.അവർക്ക് തങ്ങൾ ഇന്ത്യൻ പൗരൻമാരാണെന്ന് തെളിയിക്കുന്ന പന്ത്രണ്ട് രേഖകളെ ആശ്രയിക്കേണ്ടിവരും. ഇവിടെ ഓരോ പൗരനും തേടുന്നത് വോട്ടവകാശമല്ല മറിച്ച് എല്ലാവരുടെയും പൗരത്വമാണ് എസ് ഐ ആറിലൂടെ സ്ഥാപിക്കപ്പെടുന്നത് എന്ന് വ്യക്തം.
2002 ലെ വോട്ടർപ്പട്ടികയാണ് ഇവിടെ ആധാരരേഖ.ഇതിൽ തങ്ങളുടെയോ മാതാപിതാക്കളുടേയോ പേരുള്ളവരും ഇല്ലാത്തവരും പ്രത്യേകം ഫോറം പൂരിപ്പിച്ചു നൽകേണ്ടിയിരിക്കുന്നു. വോട്ടർ പ്പട്ടികയിൽ ചേർക്കാനും ചേർക്കാതിരിക്കാനുമുള്ള വിവേചനധികാരം ഓരോ ബൂത്തിലെയും ബി എൽ ഒമാരിലും അവർ നൽകിയ അപേക്ഷകൾ പരിഗണിക്കുന്ന ഓരോ നിയമസഭാ മണ്ഡലത്തിലെയും ഇലക്ഷൻ റജിസ്ട്രേഷൻ ഓഫീസർമാരിലും അവരുടെ സഹായികളിലും നിക്ഷിപ്തമായിരിക്കുന്നു. ഇവരുടെ തീരുമാനത്തിൽ പരാതിയുള്ളവർ അപ്പീലുമായി നടക്കേണ്ടിവരും.ഓരോ ബൂത്തിലേയും വോട്ടർമാരെ തേടി മൂന്ന് തവണയെങ്കിലും വീട്ടിലെ എത്തണം എന്നാണ് ബി എൽ ഒ മാർക്കുള്ള നിർദ്ദേശം.ടാർജറ്റ് തികയ്ക്കാൻ പാടുപെടന്ന അവർ വളരെയധികം മാനസിക സമ്മർദ്ദം നേരിട്ടു കൊണ്ടിരിക്കയാണ്. അതിന്റെ രക്തസാക്ഷിയാണ് അനീഷ്. മറ്റു ചിലർ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു.എന്നിട്ടും കേരളത്തിലെ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് ഒരു കുലുക്കവും ഇല്ല. ബി എൽ ഒ മാരും ഉദ്യോഗസ്ഥ വൃന്ദവും തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ അപേക്ഷകൾ പൂരിപ്പിച്ചു നൽകിയതിന്റെ പരിണിത ഫലമാണ് നാം ബീഹാറിൽ കണ്ടത്.അറുപത്തിയെട്ട് ലക്ഷത്തി അറുപത്തി ആറായിരം വോട്ടർമാരെയാണ് അവിടെ കൊന്നൊടുക്കിയത്.
നിയമനിർമ്മാണം നടത്തുകയും പുതിയ പുതിയ ഭേദഗതികൾ കൊണ്ടുവരികയും ചെയ്യുക എന്നുള്ളത് കേന്ദ്ര സർക്കാരിന് പുത്തരിയല്ല. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു തെരെഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തമായുള്ളപ്പോൾ അവർക്കാരെയും പേടിക്കേണ്ടതില്ലല്ലോ. അങ്ങിനെയൊരു തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ടാക്കിയതെന്തിനായിരുന്നു എന്ന് ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കയാണ്.ഭരണഘടനയുടെ മുന്നൂറ്റി ഇരുപത്തിനാലാം അനുഛേദം നീതിപൂർവമായി തെരെഞ്ഞെടുപ്പ് നടത്താനുള്ള അധികാരമാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകുന്നത് എന്നിരിക്കെ ബീഹാറിൽ നാം കണ്ടത് എന്ത് എന്ന് വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.18 വയസ്സായ ഓരോ പൗരനും വോട്ടർപ്പട്ടികയിലേക്ക് കടന്നുവരുമ്പോൾ തന്റെ പിതൃത്വവും തന്റെ പൗരത്വവും തെളിയക്കപ്പെടേണ്ടി വരുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. പൗരത്വം പരിശോധിക്കാൻ ആവശ്യമായ രേഖകൾ ചോദിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന ധാഷ്ഠ്യത്തിലൂടെയാണ് എസ് ഐ ആറിലൂടെ കമ്മീഷൻ കടന്നുപോകുന്നത്. അഭ്യന്തര മന്ത്രാലയത്തിന്റെ ജോലി കമ്മീഷൻ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്. ഈ വിഷയത്തിലുള്ള കോടതിയുടെ വിലയിരുത്തൽ വരാൻ ഇരിക്കുന്നതേയുള്ളൂ.
വോട്ടർപ്പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ കാലാ കാലങ്ങളിൽ നടന്നു വരുന്നുണ്ട്.പ്രായപൂർത്തി വോട്ടവകാശത്തിന് ഊന്നൽ കൊടുത്തു കൊണ്ട്,ജനവരി ഒന്ന് അടിസ്ഥാനമാക്കി പുതുതലമുറ വോട്ടർമാരെ ലിസ്റ്റിൽ ഉൾപ്പെടുത്താറുണ്ട്.കാലാകാലങ്ങളിൽ നടക്കുന്ന ഹിയറിങ്ങിൽ മരണപ്പെട്ടവരുടെയും താമസം മാറിപ്പോയവരുടെയും പേരുകൾ നീക്കം ചെയ്യുകയും ശുദ്ധീകരണ പ്രക്രിയ നടക്കുകയും ചെയ്യുന്നുണ്ടല്ലോ.വോട്ടർ പ്പട്ടിക പരിഷ്ക്കരിക്കുന്നത് ഇന്ത്യക്കാരെ മുഴുവൻ ഉൾപ്പെടുത്തി വോട്ടേഴ്സ് ലിസ്റ്റ് ഉണ്ടാക്കാനല്ല എന്നുള്ളത് വ്യക്തമാണ്. ഇവിടെയാണ് മോദിയുടെയും അമിത്ഷായുടെയും അതിബുദ്ധി വെളിപ്പെടുന്നത്. ഇന്ത്യൻ പൗരന്മാരെന്നും കുടിയേറ്റക്കാരെന്നും രണ്ടു തട്ടുകളുണ്ടാക്കി ഭിന്നിപ്പുണ്ടാക്കാനുള്ള കുത്സിത ശ്രമം.ഒരു വിഭാഗത്തെ കുടിയേറ്റക്കാരെന്നു മുദ്രകുത്തി ആധുനിക അടിമത്തവൽക്കരണ പ്രവർത്തനത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷനും പങ്കാളിയാകുന്നു. ഇന്ത്യക്കാരെ പൂണമായി ഉൾക്കൊള്ളണമെന്ന് സർക്കാരിനോ തെരെഞ്ഞെടുപ്പ് കമ്മീഷനോ ഇല്ല എന്നുള്ളത് പകൽ പോലെ സത്യമാണ്.ലിസ്റ്റിൽ ഉൾക്കൊള്ളാമെങ്കിൽ അവർ മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങൾ മറി കടന്നേ പറ്റൂ.അതെല്ലാം അംഗീകരിച്ച് മുന്നോട്ടു പോകൽ എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്നുള്ളത് കണ്ടറിയണം. സാധാരണ ജനങ്ങൾക്ക് ഇത് ബാലികേറാമലയാണ്.
നിലവിലുള്ള ഈ പട്ടിക മരവിപ്പിച്ച് എസ്.ഐ.ആറിലൂടെ ഉണ്ടാക്കുന്ന പട്ടികയായിരിക്കും 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലുണ്ടാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എസ് ഐ ആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഈ പ്രക്രിയക്ക് തിടുക്കും കൂട്ടുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല.ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനുംകൂടിയായി വ്യാഖ്യാനിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കമ്മീഷന്‍ പിന്തിരിയുകയാണ് വേണ്ടത്.കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്വതത്രസ്ഥാപനങ്ങളെ അനുവദിച്ചു കൂടാ.എസ് ഐ ആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസ്സാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാം ഘട്ട എസ് ഐ ആര്‍ പ്രക്രിയക്കെതിരെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കേണ്ടിയിരിക്കുന്നു.
Tags:
Articles

