ആർ ഇ സി ഗെറ്റുഗദർ
കട്ടാങ്ങൽ:
ആർ ഇ സി ഗവൺമെൻറ് ഹൈസ്കൂളിലെ വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ 'ആർ ഇ സി ഗെറ്റുഗദർ' പതിനൊന്നാം പ്രാവശ്യവും സ്കൂളിൽ ഒത്തുചേർന്നു.
സേവന കാലഘട്ടത്തിൽ ഏറെക്കാലം ഒരുമിച്ച് പ്രവർത്തിച്ച സഹപ്രവർത്തകർക്ക് അവരുടെ പൂർവ്വ വിദ്യാലയ മുറ്റത്ത് വർഷത്തിൽ ഒരിക്കൽ ഒത്തുചേർന്ന് സൗഹൃദം പങ്കുവെക്കാനും ഓർമ്മകൾ അയവിറക്കാനും അവസരമൊരുക്കൽ ഈ സംഘടനയുടെ മുഖ്യ ലക്ഷ്യമാണ്.കൂടാതെ അംഗങ്ങളുടെയും സ്കൂളിന്റെയും ഉന്നമനത്തിനായുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, സമൂഹത്തിൽ ആവശ്യമായി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അംഗങ്ങളുടെ മാനസിക ഉല്ലാസനത്തിനായി വിനോദ യാത്രകൾ സംഘടിപ്പിക്കുക തുടങ്ങിയ കാര്യപരിപാടികൾ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പെട്ടതാണ്. പതിനൊന്നാമത് ഒത്തുചേരലിനാണ് ഇന്ന് കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നായി അധ്യാപകരും അധ്യാപകേതര
ജീവനക്കാരും ഒത്തു കൂടിയത്.കഴിഞ്ഞ ചൊവ്വാഴ്ച അന്തരിച്ച, സഹപ്രവർത്തകനും പിന്നീട് താമരശ്ശേരി DEO പദവിയിലെത്തി വിരമിക്കുകയും ചെയ്ത ഇ.രാജഗോപാലൻറെ വിയോഗത്തിൽ യോഗം നടുക്കം രേഖപ്പെടുത്തി. പോയ ഒരു വർഷത്തെ കാലയളവിൽ അന്തരിച്ച മറ്റു സഹപ്രവർത്തകരായ ജസ്റ്റിസ്.പി ഡി രാജൻ, വി വൽസല ടീച്ചർ, ഗോപാല കൃഷ്ണ കുറുപ്പ് ,സി ശ്യാമള ഭായ്,എം നാരായണൻ നായർ ,പി കെ സുരേന്ദ്രൻ, കെ രാമചന്ദ്രൻ , വി കെ ഉമ്മർ ,അബ്ദുല്ലത്തീഫ് തുടങ്ങിയവരയുടെ വേർപാടിലും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ഗെറ്റുഗദർ എന്ന കൂട്ടായ്മയിൽ പെട്ട 80 വയസ്സിന് മുകളിൽ പ്രായമായ പത്ത് ഗുരുശ്രേഷ്ഠരേ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. 'ഗെറ്റുഗദർ 'പ്രസിഡണ്ട് . ശ്രീ.ടി സുബ്രഹ്മണ്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശ്രീ വാസുദേവൻ നമ്പൂതിരി അംഗങ്ങൾക്ക് സ്വാഗതമരുളി. ഹൈസ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ. ശ്രീനിവാസൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.കെ ഖദീജ ടീച്ചർ,കെ.രാമൻകുട്ടി മാസ്റ്റർ,പി മുഹമ്മദ് മാസ്റ്റർ, Dr.പി എ കരീം, റിട്ടയേഡ് ഡപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. രണ്ടുമണിക്ക് സമൃദ്ധമായ സമൂഹ സദ്യക്ക് ശേഷം, അടുത്ത വർഷം വീണ്ടും കൂടിച്ചേരാം എന്നപ്രത്യാശയോടെ അംഗങ്ങൾ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ വസതികളിലേക്ക് മടങ്ങിപ്പോയി.
Tags:
Mavoor News
