ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി മോഹൻദാസ് വിരമിച്ചു
കൽപ്പറ്റ: 25 വർഷത്തെ സേവനത്തിന് ശേഷം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി. മോഹൻദാസ് സർവീസിൽ നിന്നു വിരമിച്ചു. ആരോഗ്യ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫിസറായി 2025 മാര്‍ച്ചിലാണ് അദ്ദേഹം ചാർജെടുത്തത്. 2000 നവംബർ 23 ന് കോഴിക്കോട് ജില്ലയിൽ അസിസ്റ്റന്റ് സര്‍ജനായാണ് ജോലിയിൽ പ്രവേശിച്ചത്.
2005 മുതൽ കോഴിക്കോട് കാക്കൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി ചെയ്തു. 2010 ൽ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസറായി കൊല്ലം ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫിസിലും 2010 മുതൽ മൂന്ന് വര്‍ഷം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. 2013 ൽ കോഴിക്കോട് സര്‍ക്കാര്‍ വനിതാ-ശിശു ആശുപത്രിയിൽ ഡപ്യൂട്ടി സൂപ്രണ്ടായി നിയമിതനായി. 2019 ൽ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസിൽ ജില്ലാ ആർ.സി.എച്ച് ഓഫിസറായും കോഴിക്കോട് ഗവ. ബീച്ച് ഹോസ്പിറ്റലിൽ ഡപ്യൂട്ടി സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസിൽ അഡീഷണൽ ഡി.എം.ഒ, ജില്ലാ സർവയലൻസ് ഓഫിസർ തസ്തികകളിലും ജോലി ചെയ്തു. സർക്കാർ വനിതാ ശിശു ആശുപത്രിയിൽ ക്വാളിറ്റി ഓഫിസർ ഇൻ-ചാർജ്, റീജണൽ വിജിലൻസ് ഓഫിസർ, കോഴിക്കോട് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് കൺവീനർ പദവികളും വഹിച്ചു. ഒമ്പത് മാസത്തെ കാലയളവിൽ മികച്ച സേവനമാണ് ജില്ലയിൽ അദ്ദേഹം കാഴ്ച വച്ചത്.
ഭാര്യ സിന്ധു, മകൾ പൂജ (എൻ.ഐ.ടിയിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ഗവേഷണം) മകൻ സൗരവ് (മലപ്പുറം കാളികാവ് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ).
Tags:
Kozhikode News
