Trending

സമത്വസ്വപ്നത്തിന് പിന്നിലെ നിശ്ശബ്ദ നിലവിളികൾ നെല്ലിയോട്ട് ബഷീർ

സമത്വസ്വപ്നത്തിന് പിന്നിലെ നിശ്ശബ്ദ നിലവിളികൾ
നെല്ലിയോട്ട് ബഷീർ


കേരളം വികസനത്തിന്റെ മാതൃകയായി വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനമാണ്.ഉയർന്ന സാക്ഷരത, ആരോഗ്യസൗകര്യങ്ങൾ, സാമൂഹ്യനീതി എന്നിവയിൽ കേരളം ഇന്ത്യയിലെ മറ്റുസ്ഥാനങ്ങളെക്കാൾ മുന്നിലാണ് എന്നതാണ് പൊതുധാരണ.എന്നാൽ ഈ പുരോഗതിയുടെ തിളക്കത്തിന് അടിയിലുണ്ട് ചില ഇരുണ്ട യാഥാർഥ്യങ്ങൾ. അതിദരിദ്ര കുടുംബങ്ങളുടെ നിശ്ശബ്ദ ജീവിതം.അവരുടെ കണ്ണീരാണ് ഈ നേട്ടങ്ങളുടെ മറുവശം.

ഇന്നത്തെ കേരളത്തിൽ അതിദരിദ്രർ അനവധി വെല്ലുവിളികളാണ് അതിജീവിച്ചുകൊണ്ടിരിക്കുന്നത്.ദിവസവേതന ജോലികളിൽ ആശ്രയിച്ചുള്ള ജീവിതമാണ് ഭൂരിഭാഗം പേരുടേയും. കെട്ടിടനിർമാണം,കൃഷി, ഗാർഹിക തൊഴിൽ, ചെറുകിട വാണിജ്യം തുടങ്ങിയ മേഖലകളിൽ തൊഴിൽ ചെയ്യുന്ന ഇവർക്കുള്ള വരുമാനം അനിശ്ചിതവും അപര്യാപ്തവുമാണ്. വിലവർധനവിനെയും ജീവിതച്ചെലവിനെയും നേരിടാൻ ഈ വരുമാനം മതിയാവുന്നില്ല. പാചകവാതകത്തിനും പെട്രോളിനും ഭക്ഷ്യവസ്തുക്കൾക്കും വില കുതിച്ചുയരുന്നത് അവരെ കൂടുതൽ കഷ്ടതയിലാക്കുന്നു. ചിലപ്പോൾ ഒരു ദിവസം മുഴുവൻ ജോലിക്കായി കാത്തുനിൽക്കുന്നവർക്കും വേതനം ലഭിക്കാതെ മടങ്ങേണ്ടിവരുന്നു.

ഭക്ഷണം ലഭിക്കുന്നതിൽ പോലും അവിശ്വാസ്യതയാണ് ഇപ്പോഴത്തെ അവസ്ഥ. പല കുടുംബങ്ങൾക്കും മൂന്നു നേരം ഭക്ഷണം ഉറപ്പാക്കാൻ കഴിയുന്നില്ല. റേഷനിംഗ് സംവിധാനത്തിലൂടെ ലഭിക്കുന്ന അരിയും ഗോതമ്പുമാണ് ഇവരുടെ പ്രധാന ആശ്രയം.പക്ഷേ അതിൽ പോഷകമൂല്യം കുറവായതിനാൽ കുട്ടികളിലും മുതിർന്നവരിലും രക്തഹീനതയും പോഷകാഹാരക്കുറവും സാധാരണമാണ്. പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നത് ഉത്സവദിനങ്ങളിൽ മാത്രമായിട്ടാണ്.ജീവിതം നിലനിർത്താനുള്ള പോരാട്ടമാണ് അവരുടെ ഓരോ ദിവസവും.

വാസസ്ഥലം പോലും പലർക്കും ഒരു സ്വപ്നം പോലെ.ലൈഫ് മിഷൻ പോലുള്ള സർക്കാർ പദ്ധതികൾ വഴി ചിലർക്കു വീടുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, അപേക്ഷിച്ചിട്ടും വർഷങ്ങളായി കാത്തിരിക്കുന്ന അനേകം കുടുംബങ്ങൾ ഇപ്പോഴും ചോർന്ന മേൽക്കൂരകളിലും തകർന്ന മതിലുകളിലും കഴിയുകയാണ്. മഴക്കാലത്ത് വീടിനുള്ളിൽ ബക്കറ്റുകളിട്ട് വെള്ളം ചോരുന്നത് തടയാൻ ശ്രമിക്കുന്ന കാഴ്ചകൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കാണാം.വാടകവീടുകളിൽ താമസിക്കുന്നവർക്ക് വാടകയുടെ ഭാരം അത്രയും കഠിനമായിരിക്കുന്നു, ഭക്ഷണച്ചെലവിൽ പോലും മുറിവേൽക്കേണ്ടി വരുന്നു.

ആരോഗ്യരംഗത്ത് കേരളം മുന്നിലാണെങ്കിലും അതിദരിദ്രർക്കു അത് ലഭ്യമാകുന്നത് ഇന്നും ദൂരസ്ഥമാണ്.സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിച്ചാലും മരുന്നുകളുടെ കുറവും തിരക്കും കാരണം രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ്.ഉയർന്ന പരിശോധനക്ക് റെഫർ ചെയ്താൽ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.സ്വകാര്യ ആശുപത്രികളിലെ ചെലവ് അവരുടെ ജീവിതത്തിന്റെ പരിധിക്കപ്പുറമാണ്. ഹൃദ്രോഗം,ക്യാൻസർ, വൃക്കരോഗം എന്നിവയാൽ ബുദ്ധിമുട്ടുന്നവർ ചികിത്സ ഉപേക്ഷിക്കുന്നതും അപൂർവമല്ല.രോഗം ബാധിച്ചാൽ ഒരു കുടുംബം മുഴുവൻ കടബാധ്യതയിലാകുന്നു.അവസാനം അവർ മരണത്തെ പുൽകേണ്ടതായി വരുന്നു.

വിദ്യാഭ്യാസ രംഗത്തും ദാരിദ്ര്യം തങ്ങളുടെ പാടുകൾ തീർക്കുന്നു. സർക്കാർ സ്‌കൂളുകളിൽ പഠനം സൗജന്യമായാലും യൂണിഫോം, പുസ്തകങ്ങൾ, ബസ്‌ചെലവ്,ട്യൂഷൻ ഫീസ് തുടങ്ങിയ ചെലവുകൾ വലിയ ഭാരമാണ്. ഓൺലൈൻ പഠനകാലത്ത് ഫോണോ ഇന്റർനെറ്റോ ഇല്ലാത്തതിനാൽ നിരവധി കുട്ടികൾ പഠനത്തിൽ നിന്ന് അകന്നു പോയിരുന്നു എന്നത് പത്രധ്വാര നമ്മൾ അറിഞ്ഞതാണ്.ചിലർ കുടുംബത്തിന്റെ വരുമാനത്തിന് വേണ്ടി ചെറുപ്പത്തിലേ തൊഴിൽ ചെയ്യേണ്ടിവരുന്നു. അതിനാൽ പഠനം അവസാനിപ്പിക്കുന്ന കുട്ടികളുടെ എണ്ണം കുറയാതെ തുടരുകയാണ്.

സ്ത്രീകളാണ് ഈ അതിദരിദ്ര കുടുംബങ്ങളുടെ പ്രധാന അധിഷ്ഠാനം.അവർ വീട്ടിനകത്തും പുറത്തും സമാനമായി പരിശ്രമിക്കുന്നു. ആശാവർക്കർ, കുടുംബശ്രീ പ്രവർത്തകർ, ദിനവേതന ജോലിക്കാർ എന്നനിലയിൽ അവർ കുടുംബം നയിക്കുന്നു. എങ്കിലും അവരുടെ വേതനം പലപ്പോഴും താമസിക്കുന്നു, ചിലപ്പോൾ കിട്ടാതെപോകുകയും ചെയ്യുന്നു. കുടുംബത്തിലെ രോഗികൾക്കും കുട്ടികൾക്കും അവർ തന്നെയാണ് ആശ്രയം. അതിനാൽ അവർക്കുള്ള മാനസിക സമ്മർദ്ദം വളരെ കൂടുതലാണ്.

കേരളത്തിന്റെ ചില മലനിര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കുടിവെള്ളം ഇന്നും വലിയ പ്രശ്നമാണ്.ചില കുടുംബങ്ങൾക്ക് ഒരു ബക്കറ്റ് വെള്ളം കൊണ്ടുവരാൻ കിലോമീറ്ററുകൾ നടന്ന് പോകേണ്ടിവരുന്നു.ചില പ്രദേശങ്ങളിൽ വൈദ്യുതി ലഭ്യമല്ലാത്ത വീടുകളും ഉണ്ട്. ശുചിമുറിയില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും വലിയ അപകടസാധ്യതയിലാണ് കഴിഞ്ഞു കൂട്ടുന്നത്.

സർക്കാർ നടപ്പിലാക്കുന്ന പല ക്ഷേമപദ്ധതികളും അതിദരിദ്രർക്കായി തന്നെയാണ് എന്നാണ് പറയപ്പെടുന്നത്,പക്ഷേ അവയുടെ പ്രയോജനം എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നില്ല.ക്ഷേമപെൻഷൻ ഒക്കെത്തന്നെയും മാസങ്ങളോളം വൈകി ലഭിക്കുന്നതും തൊഴിൽ ഉറപ്പ് പദ്ധതികളിൽ ജോലികൾ ലഭിക്കാത്തതും സാധാരണമാണ്.ചിലർ രേഖകളില്ലാത്തതിനാൽ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയുന്നില്ല.അഴിമതിയും ഇടനിലക്കാരുടെ അനാസ്ഥയും കാരണം സഹായം ആവശ്യമായവരിലേക്കെത്താതെ പോകുന്നു.

ദാരിദ്ര്യം കൊണ്ടുള്ള മാനസിക സമ്മർദ്ദവും നിരാശയും സമൂഹത്തിൽ വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. കടബാധ്യത,ജോലി നഷ്ടം, അസുഖം തുടങ്ങിയവ കാരണം ചിലർ ആത്മഹത്യ പോലുള്ള അതിക്രമ നടപടികളിലേക്ക് നീങ്ങുന്നുവെന്നത് അതീവ ദുഃഖകരമാണ്. സമൂഹത്തിന്റെ സഹാനുഭൂതി ഇവരെ സമീപിക്കാൻ മതിയായതല്ലാത്തത് അവരുടെ മാനസികാവസ്ഥയെ കൂടുതൽ ദുർബലമാക്കുന്നു.

എങ്കിലും പ്രതീക്ഷയുടെ വിളക്കുകൾ ഇപ്പോഴും തെളിഞ്ഞിരിക്കുന്നു.സന്നദ്ധ സംഘടനകൾ, സഹകരണസംഘങ്ങൾ, യുവജന സംഘടനകൾ തുടങ്ങിയവയുടെ ഇടപെടലിലൂടെ ചില പ്രദേശങ്ങളിൽ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.വിദ്യാഭ്യാസത്തെ പ്രധാനമായും പ്രാധാന്യമാക്കുന്ന പുതിയ തലമുറയിലൂടെ ഭാവിയിൽ ദാരിദ്ര്യത്തിന്റെ ചങ്ങല പൊട്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷ സമൂഹം പുലർത്തുന്നു.

കേരളം ഇന്ന് സമത്വത്തിന്റെ മാതൃകയായി വളരണമെങ്കിൽ ഈ അതിദരിദ്ര കുടുംബങ്ങൾക്കായുള്ള സംരക്ഷണം ഉറപ്പാക്കണം. സർക്കാർ പദ്ധതികൾ വേഗത്തിലും ലക്ഷ്യബദ്ധമായും നടപ്പിലാക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അതിന്റെ പ്രയോജനം എത്തുന്നുണ്ടെന്നും ഉറപ്പുവരുത്തണം. തൊഴിൽ പരിശീലനവും സ്വയംതൊഴിൽ അവസരങ്ങളും നൽകിക്കൊണ്ട് സാമ്പത്തികമായി അവരെ ശക്തരാക്കണം. വിദ്യാഭ്യാസം, ആരോഗ്യരംഗം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്.

ഇന്ന് കേരളം വികസിതമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും,അതിദരിദ്രരുടെ കണ്ണുനീർ അതിനൊപ്പം ഒഴുകിക്കൊണ്ടിരിക്കുന്നു. അവരുടെ വേദനയും പോരാട്ടവുമാണ് നമ്മുടെ ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുന്നത്. ഒരുദിവസം എല്ലാവർക്കും സമത്വം ഉറപ്പുള്ള, ആരും ഉപേക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു കേരളം കാണാനാകട്ടെ,അതാണ് യഥാർത്ഥ പുരോഗതി, യഥാർത്ഥ വികസനം.അല്ലാതെ നൂറാൾക്ക് കിട്ടേണ്ട കാര്യങ്ങൾ പത്താൾക്ക് നൽകി അതിദരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതു കൊണ്ട് കാര്യമില്ല. സെലിബ്രിറ്റികൾക്കു പോലും കാര്യം മനസ്സിലാവുന്ന അവസ്ഥയിൽ വരെ എത്തിയിരിക്കുന്നു, അതിന്റെ ഉദാഹരണമാണ് കമലഹാസനും മോഹൻലാലും പ്രഖ്യാപന ചടങ്ങിൽ നിന്ന് വിട്ട് നിന്നത്. കൈരളി ചാനലിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നതു കൊണ്ട് പാവം മമ്മുട്ടിക്ക് തലയൂരാൻ പറ്റാതെ പോയി.തെരെഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങൾ ജനം തിരിച്ചറിയുക തന്നെ ചെയ്യും. ഇനിയും ജനഹിതമനുസരിച്ചുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും.

Post a Comment

Previous Post Next Post