കൂളിമാടിനെ കളറാക്കാൻ 75 ലക്ഷത്തിന്റെ പദ്ധതിയുമായി ടൂറിസം വകുപ്പ്
കോഴിക്കോടിൻ്റെ മുഖ്യ ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറിയ കൂളിമാടിന്റെ വികസനം വേഗത്തിലാക്കാൻ ആവിഷ്കരിച്ച പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ഭക്ഷ്യ വൈവിധ്യങ്ങളാലും പ്രകൃതി സൗന്ദര്യത്താലും അനുഗ്രഹീതമായ കൂളിമാട് അഞ്ച് പ്രധാന റോഡുകളുടെ സംഗമ കേന്ദ്രം കൂടിയാണ്. ഇരുവഴിഞ്ഞി, ചാലിയാർ പുഴകൾ ഒരുമിക്കുന്ന കൂളിമാടിന്റെ വികസന രംഗത്ത് കുതിച്ചുചാട്ടത്തിന് ഇടയാക്കിയത് കിഫ്ബി പദ്ധതിയിൽ പൂർത്തീകരിച്ച കൂളിമാട് പാലമാണ്. പാലത്തിൻ്റെ ചുവട്ടിലുള്ള ഒരു ഏക്രയിൽ അധികം വരുന്ന റവന്യൂ ഭൂമി പ്രയോജനപ്പെടുത്തി എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവിൽ പാർക്ക് നിർമ്മാണ പ്രവൃത്തികൾ നടന്നുവരികയാണ്. ഇതിൻ്റെ തുടർച്ചയായി ടൂറിസം വകുപ്പ് മുഖേന അനുവദിച്ച 45 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഉൾപ്പെടെ 75 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇപ്പോൾ തുടങ്ങിവച്ച കൂളിമാട് പാർക്കിൽ ഇരിപ്പിടങ്ങൾ, ഗാലറി, ഓപ്പൺ സ്റ്റേജ്, ചെട്ടിക്കടവിലേക്കുള്ള ബോട്ടിങ്ങിന് വേണ്ട സൗകര്യങ്ങൾ, കളി ഉപകരണങ്ങൾ, ലൈറ്റിംഗ്, സി.സി.ടി.വി, ഓപ്പൺ ജിം തുടങ്ങി മുഴുവൻ ഘടകങ്ങളും പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് മുഖേന പൂർത്തീകരിച്ച സെഞ്ച്വറി ബ്രിഡ്ജായ ചെട്ടിക്കടവ് പാലവും കൂളിമാടുമായി ബന്ധിപ്പിച്ചുകൊണ്ട് ബോട്ട് സർവീസ്, ഇരു കേന്ദ്രങ്ങളിലും ബോട്ട് ജെട്ടി, പ്രത്യേക ഇരിപ്പിടങ്ങൾ തുടങ്ങിയവ സ്ഥാപിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാൻ അവസരമൊരുക്കുന്ന ബോട്ട് യാത്രക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ കലാ സാംസ്കാരിക സമന്വയവും, വികസന സാധ്യതകളുടെ വിപുലീകരണവും പ്രാവർത്തികമാക്കാനുള്ള പുതിയ പദ്ധതി രണ്ടാം ഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പോൾ ലഭ്യമാക്കിയ ഫണ്ടിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കുന്നതാണെന്നും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
Tags:
Mavoor News
